കോഴിക്കോട്: കുന്നമംഗലം കുരുക്കത്തൂരിലെ വാടകവീട്ടില്‍ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ഉഗ്രസ്‌ഫോടനക്കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. അനധികൃത പടക്കനിര്‍മ്മാണത്തിനായി വീട് വാടകയ്‌ക്കെടുത്ത മുണ്ടിക്കല്‍ത്താഴം സ്വദേശി വിഷ്ണുവിനെ (27) കുന്നമംഗലം പോലീസ് അറസ്റ്റ് ചെയ്തു. സ്‌ഫോടനസമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്ന വിഷ്ണുവിന് പരിക്കേറ്റിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാളെ പോലീസ് നിരീക്ഷണത്തിലാക്കിയിരുന്നു. ഞായറാഴ്ച രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ മറ്റൊരു പ്രതിയായ ഹിജിത്തിനെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

ശനിയാഴ്ച രാത്രി പത്തുമണിയോടെയുണ്ടായ സ്‌ഫോടനത്തില്‍ രാമനാട്ടുകര സ്വദേശി രാഹുല്‍ (26), മുണ്ടിക്കല്‍ത്താഴം സ്വദേശി രാഹുല്‍ (27) എന്നിവരാണ് കൊല്ലപ്പെട്ടത്. അറസ്റ്റിലായ വിഷ്ണുവിന്റെ സഹോദരനാണ് മരിച്ച രാഹുല്‍. വിഷ്ണുവിന്റെ ഭാര്യ സിമിക്കും സ്‌ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് ജനവാസമേഖലയില്‍ ഇത്ര വലിയ തോതില്‍ സ്‌ഫോടകവസ്തുക്കള്‍ ശേഖരിച്ചത് എന്തിനാണെന്ന കാര്യത്തില്‍ വിഷ്ണുവിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ വ്യക്തത വരുമെന്നാണ് പോലീസ് കരുതുന്നത്.

കുരുക്കത്തൂര്‍ സ്‌ഫോടനം നടന്ന വീട്ടില്‍ നടന്ന കാര്യങ്ങള്‍ നാട്ടുകാരില്‍ പലര്‍ക്കും അറിയാമായിരുന്നുവെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വീടിന്റെ മുറ്റത്ത് കെട്ടുകെട്ടായി പനയോലകള്‍ ശേഖരിച്ചിരുന്നത് ആര്‍ക്കും ഒളിച്ചുവെക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല. മാസങ്ങളായി ഇവിടെ പനയോലകള്‍ എത്തിച്ചിരുന്നു. പകല്‍സമയങ്ങളില്‍ സമീപവാസികളായ ചിലര്‍ വന്ന് ഈ ഓലകള്‍ മുറിച്ച് നിശ്ചിത അളവിലാക്കി നല്‍കാറുണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ പനയോലയുടെ ബാക്കി ഭാഗങ്ങള്‍ അയല്‍വാസികള്‍ വീട്ടിലെ അടുപ്പ് കത്തിക്കാന്‍ കൊണ്ടുപോകാറുമുണ്ടായിരുന്നു. ഇത്രയും വലിയൊരു സജ്ജീകരണം നാട്ടുകാരുടെ കണ്‍മുന്നില്‍ നടന്നിട്ടും ആരും പോലീസിനെ അറിയിക്കാതിരുന്നത് ദുരൂഹമാണ്.

കുരുക്കത്തൂര്‍ അങ്ങാടിയില്‍ നിന്ന് വെറും 200 മീറ്റര്‍ മാത്രം അകലെയാണ് ഈ സ്‌ഫോടനം നടന്ന വീട്. മതില്‍കെട്ടുകള്‍ പോലുമില്ലാത്ത, വീടുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് ഇത്തരമൊരു പടക്കനിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിച്ചത് വന്‍ ദുരന്തത്തിനാണ് വഴിമരുന്നിട്ടത്. റോഡില്‍ നിന്ന് വീതി കുറഞ്ഞ വഴിയിലൂടെ വലിയ തോതില്‍ അസംസ്‌കൃത വസ്തുക്കള്‍ എത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ എന്തുകൊണ്ട് മൗനം പാലിച്ചു എന്നതും അന്വേഷണ പരിധിയിലുണ്ട്.

സംഭവസ്ഥലത്ത് വന്നുപോയിരുന്ന വാഹനങ്ങളുടെ നമ്പറുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. വിഷ്ണുവിനും സംഘത്തിനും സ്‌ഫോടകവസ്തുക്കള്‍ എത്തിച്ചുനല്‍കിയ ഏജന്റുമാരെയും പോലീസ് തിരയുന്നുണ്ട്. അയല്‍വാസികളെ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്താനും അവരുടെ മൊഴികള്‍ രേഖപ്പെടുത്താനും ഡിസിപി പദം സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം തീരുമാനിച്ചു. അശ്രദ്ധമായ കൈകാര്യം ചെയ്യല്‍ മാത്രമല്ല, ഇതിന് പിന്നില്‍ വലിയൊരു ക്രിമിനല്‍ ശൃംഖല തന്നെയുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.