ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടുക്കുന്ന വിവരങ്ങള്‍ പുറത്ത്. ആഗ്ര സ്വദേശിയായ ലോകേന്ദ്ര എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ലോകേന്ദ്രയുടെ ഭാര്യ, ഇവരുടെ കാമുകനായ മഹേഷ്, സുഹൃത്ത് ധരംവീര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ ഒന്നിന് കാണാതായ ലോകേന്ദ്രയുടെ മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയില്‍ റോഡരികില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന്റെ കൈയിലുണ്ടായിരുന്ന പേര് പച്ചകുത്തിയ ടാറ്റൂവാണ് കൊല്ലപ്പെട്ടത് ലോകേന്ദ്രയാണെന്ന് സ്ഥിരീകരിക്കാന്‍ പോലീസിനെ സഹായിച്ചത്.

തെളിവുകളില്ലാതിരുന്ന ഈ കൊലപാതക കേസില്‍ നിര്‍ണ്ണായകമായത് മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച ഒരു ഒഴിഞ്ഞ മദ്യക്കുപ്പിയാണ്. ഈ കുപ്പിയിലെ ക്യൂആര്‍ കോഡ് (QR Code) കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് പോലീസിനെ എത്തിച്ചത്. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തതിലൂടെ ഏത് കടയില്‍ നിന്നാണ് മദ്യം വാങ്ങിയതെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് ആ മദ്യശാലയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ലോകേന്ദ്രയും പ്രതികളായ മഹേഷും ധരംവീറും ഒന്നിച്ച് മദ്യം വാങ്ങുന്നത് വ്യക്തമായി. ഇത് കേസില്‍ വഴിത്തിരിവാകുകയായിരുന്നു.

പോലീസ് നല്‍കുന്ന വിവരമനുസരിച്ച്, ലോകേന്ദ്രയുടെ ഭാര്യയും മഹേഷും തമ്മിലുള്ള രഹസ്യബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇവരുടെ ബന്ധത്തെ ലോകേന്ദ്ര എതിര്‍ത്തതും നാട്ടുകാരോട് വെളിപ്പെടുത്തിയതും പ്രതികളെ പ്രകോപിപ്പിച്ചു. ലോകേന്ദ്രയുടെ ഭാര്യയുമായി ചേര്‍ന്ന് മഹേഷാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൃത്യം നടന്ന ദിവസം ലോകേന്ദ്ര വീട്ടില്‍ നിന്ന് ഇറങ്ങിയ വിവരം ഭാര്യ മഹേഷിനെ വിളിച്ചറിയിച്ചു. തുടര്‍ന്ന് മഹേഷും സുഹൃത്തും ചേര്‍ന്ന് ലോകേന്ദ്രയെ മദ്യപിക്കാന്‍ ക്ഷണിക്കുകയും വിജനമായ കൃഷിയിടത്തിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.

മദ്യപാനത്തിനിടെ പ്രതികള്‍ ലോകേന്ദ്രയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തിരിച്ചറിയാതിരിക്കാനായി മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു. എന്നാല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിയ പഴുതടച്ച അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്തി 24 മണിക്കൂറിനുള്ളില്‍ തന്നെ പ്രതികളെ വലയിലാക്കാന്‍ പോലീസിന് സാധിച്ചു. പിടിയിലായ മൂന്ന് പ്രതികളും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.