ന്യൂഡൽഹി: മാധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്കിൽ രാവിലെ മുതൽ ആരംഭിച്ച റെയ്ഡ് അവസാനിച്ചു. ന്യൂസ് ക്ലിക്കിന്റെ എഡിറ്റർ ഇൻ ചീഫ് പ്രബിർ പുരകയസ്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ന്യൂസ് ക്ലിക്കിന്റെ ഡൽഹിയിലെ ഓഫീസും അടച്ചുപൂട്ടി സീൽ ചെയ്തിട്ടുണ്ട്. മാധ്യമപ്രവർത്തകരുടെ ലാപ്പ്‌ടോപ്പുകളും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. മാധ്യമ സ്ഥാപനത്തിന് എതിരെ യുഎപിഎ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

മാധ്യമപ്രവർത്തകരായ അഭിസാർ ശർമ, ഭാഷാസിങ്, ഊർമിളേഷ് എന്നിവരുടെ വസതികളിലും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സാമൂഹ്യ പ്രവർത്തക ടീസ്ത സെതൽവാദ്, എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരൻ സൊഹൈൽ ഹാഷ്മി, ഡൽഹി സയൻസ് ഫോറത്തിലെ ഡോക്ടർ രഘുനന്ദൻ എന്നിവരുടെ വീടുകളിലുമാണ് ഇന്ന് രാവിലെ മുതൽ റെയ്ഡ് നടന്നത്.

കൃതമായ മുന്നൊരുക്കങ്ങൾക്ക് ശേഷമായിുന്നു ന്യൂസ് ക്ലിക്കിലെ റെയ്ഡ്. ചൊവ്വാഴ്ച പുലർച്ചെ ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ പ്രത്യേക യോഗം ചേർന്നിരുന്നു. ലോധി കോളനിയിലെ സ്പെഷ്യൽ സെൽ ഓഫീസിലാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുത്ത യോഗം നടന്നത്. ഇതിനു പിന്നാലെയാണ് ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട 30 കേന്ദ്രങ്ങളിൽ ഡൽഹി പൊലീസിന്റെ പരിശോധന ആരംഭിച്ചതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

സ്പെഷ്യൽ സെല്ലിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുത്ത യോഗമാണ് സ്പെഷ്യൽ സെൽ ഓഫീസിൽ നടന്നത്. പുലർച്ചെ രണ്ടുമണിക്ക് നടന്ന യോഗത്തിൽ ഇരുന്നൂറിലേറെ പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. യോഗത്തിൽനിന്ന് വിവരങ്ങൾ ചോരാതിരിക്കാനും പൊലീസ് പ്രത്യേകം ജാഗ്രത പുലർത്തി. ഒരുവിവരവും പുറത്തറിയാതിരിക്കാനായി മുതിർന്ന ഉദ്യോഗസ്ഥർക്ക് പുറമേ ജൂനിയർ ഉദ്യോഗസ്ഥരുടെയും മൊബൈൽഫോണുകൾ സ്റ്റേഷനിൽ സൂക്ഷിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.

ഡൽഹി പൊലീസിന്റെ പ്രത്യേകസംഘം 30 കേന്ദ്രങ്ങളിലായാണ് ചൊവ്വാഴ്ച പരിശോധന നടത്തിയത്. എ,ബി,സി എന്നീ കാറ്റഗറികളാക്കി തിരിച്ചായിരുന്നു പരിശോധന. ഡൽഹിക്ക് പുറമേ മുംബൈയിലും ചൊവ്വാഴ്ച പരിശോധന നടന്നു. മുംബൈയിൽ ആക്ടിവിസ്റ്റായ തീസ്ത സെതൽവാദിന്റെ വസതിയിലാണ് പരിശോധന നടന്നത്. ഡൽഹി പൊലീസ് സംഘത്തിനൊപ്പം മുംബൈ പൊലീസും ഇവിടെ പരിശോധനയിൽ പങ്കെടുത്തു.

സിപിഎം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയിലും ചൊവ്വാഴ്ച രാവിലെ പൊലീസ് സംഘമെത്തി. യെച്ചൂരിയുടെ ജീവനക്കാരനായ ശ്രീനാരായണിന്റെ മകൻ സുന്മീത് കുമാറിനെ ചോദ്യംചെയ്യാനായാണ് പൊലീസ് സംഘം ഇവിടെ എത്തിയത്. ന്യൂസ് ക്ലിക്കിൽ ജോലിചെയ്യുന്ന സുന്മീത് കുമാറിന്റെ മൊബൈൽഫോൺ, ലാപ്ടോപ്പ്, ഹാർഡ് ഡിസ്‌ക് എന്നിവ പൊലീസ് സംഘം പിടിച്ചെടുത്തതായാണ് റിപ്പോർട്ട്.

കേന്ദ്ര ഏജൻസികളിൽനിന്നുള്ള വിവരങ്ങളെത്തുടർന്നാണ് ചൊവ്വാഴ്ച ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഡൽഹി പൊലീസ് വ്യാപക പരിശോധന നടത്തിയതെന്നാണ് റിപ്പോർട്ട്. ന്യൂസ് ക്ലിക്കിനെതിരേ ന്യൂഡൽഹി റെയ്ഞ്ചിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതായും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അമേരിക്കൻ കോടീശ്വരനായ നെവിൽ റോയ് സിംഘത്തിൽനിന്ന് ന്യൂസ് ക്ലിക്കിനും ഫണ്ടിങ് ലഭിച്ചതായി നേരത്തെ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ചൈനീസ് അനുകൂല വാർത്തകൾ നൽകാനായാണ് നെവിൽ റോയ് സിംഘം പണം മുടക്കിയതെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അനുകൂലമായുള്ള ആശയപ്രചരണത്തിനായി ലോകമെമ്പാടും പണം മുടക്കുന്നയാളാണ് നെവിൽ സിംഘമെന്നും നേരത്തെ ആരോപണങ്ങളുണ്ടായിരുന്നു.