ന്യൂഡല്‍ഹി: ഫെമ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് മാധ്യമസ്ഥാപനമായ ന്യൂസ്‌ക്ലിക്കിനും എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുര്‍കായസ്തയ്ക്കും 184 കോടി രൂപയുടെ പിഴയിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഏകദേശം 9.59 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം ന്യൂസ്‌ക്ലിക്കിന് ലഭ്യമായിട്ടുണ്ടെന്നാണ് ഇ.ഡിയുടെ വാദം. ഫെമയുടെ നിര്‍ദേശങ്ങള്‍ ലംഘിച്ചാണ് ഈ നിക്ഷേപം നടന്നിരിക്കുന്നതെന്നും ഇ.ഡി പറയുന്നു. രേഖകളും മറ്റു തെളിവുകളും പരിശോധിച്ച ശേഷമാണ് തങ്ങള്‍ ഈ കണ്ടെത്തലില്‍ എത്തിയതെന്നും ഇ.ഡി അവകാശപ്പെടുന്നു. ചട്ടലംഘനം കണ്ടെത്തിയെന്ന് ആരോപിച്ച് പി.പി.കെ ന്യൂസ്‌ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡിന് 120 കോടി രൂപയും പുര്‍കായസ്തയ്ക്ക് 64 കോടി രൂപയുമാണ് ഇ.ഡി പിഴയിട്ടിരിക്കുന്നത്. ഫെമ നിയമത്തിലെ സെക്ഷന്‍ 16 പ്രകാരമാണ് നടപടി.

അതേസമയം ഇഡിയുടെ ആരോപണം ന്യൂസ് ക്ലിക്ക് തള്ളി. ചൈനീസ് മാധ്യമസ്ഥാപനവുമായി ബന്ധമുള്ള അമേരിക്കന്‍ പൗരനില്‍ നിന്ന് ന്യൂസ്‌ക്ലിക്ക് മാധ്യമപ്രവര്‍ത്തകര്‍ പണം സ്വീകരിച്ചുവെന്നാണ് ഇ.ഡി നേരത്തെ ആരോപിച്ചിരുന്നത്. സ്ഥാപനം ചട്ടലംഘനം നടത്തിയിട്ടില്ലെന്നും നിയമപ്രകാരമാണ് ഫണ്ട് സ്വീകരിക്കുന്നതെന്നും ന്യൂസ്‌ക്ലിക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു.

2021ല്‍ ന്യൂസ്‌ക്ലിക്ക് ആസ്ഥാനത്ത് 50 മണിക്കൂര്‍ നീണ്ടുനിന്ന റെയ്ഡാണ് ഇ.ഡി നടത്തിയത്. 2023ല്‍ യു.എ.പി.എ ചുമത്തി പ്രബീര്‍ പുര്‍കായസ്തയെയും എച്ച്.ആര്‍ വിഭാഗം മേധാവി അമിത് ചക്രവര്‍ത്തിയെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി 2024ല്‍ ഇരുവരെയും മോചിപ്പിച്ചിരുന്നു. ചൈനയുടെ പ്രൊപഗണ്ട പ്രചരിപ്പിക്കുവാന്‍ ന്യൂസ്‌ക്ലിക്കിന് ഫണ്ട് ലഭിച്ചുവെന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ ആരോപണത്തിലാണ് പുര്‍കായസ്തയേയും അമിത് ചക്രവര്‍ത്തിയേയും അറസ്റ്റ് ചെയ്തത്.

ചൈനീസ് അനുകൂല പ്രചരണത്തിനായി വിദേശ ഫണ്ട് സ്വീകരിക്കുകയും 2019ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഡെമോക്രാറ്റിക്സ് സെക്യുലറിസം ഗ്രൂപ്പുമായി ഗൂഢാലോചന നടത്തിയെന്നുമായിരുന്നു എഫ്.ഐ.ആര്‍. 2023 ഒക്ടോബര്‍ മൂന്നിന് പുര്‍കായസ്തയെ അറസ്റ്റ് ചെയ്തതോടൊപ്പം ന്യൂസ്‌ക്ലിക്ക് ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ട 88 ഇടങ്ങളില്‍ റെയ്ഡ് നടത്തുകയും നിരവധി ഇലക്ടോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തത് വലിയ വിവാദത്തിനാണ് വഴിവെച്ചത്.

രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, കള്ളപ്പണം വെളുപ്പിക്കല്‍, വിദേശ സംഭാവന നിയന്ത്രണ ചട്ട ലംഘനം തുടങ്ങിയ കുറ്റാരോപണങ്ങളാണ് ന്യൂസ് ക്ലിക്കിനെതിരേ ചുമത്തിയിരുന്നത്. ഇഡിക്ക് പുറമെ സിബിഐ, ഡല്‍ഹി പോലീസ്, ആദായനികുതി വകുപ്പ് തുടങ്ങിയ ഏജന്‍സികളും ന്യൂസ്‌ക്ലിക്കിനെതിരെ അന്വേഷണം നടത്തുന്നുണ്ട്.

അതേസമയം, തങ്ങള്‍ക്കെതിരെയുള്ള കുറ്റാരോപണങ്ങളെല്ലാം ന്യൂസ്‌ക്ലിക്ക് നിഷേധിച്ചിരുന്നു. സ്വീകരിച്ച എല്ലാ ഫണ്ടുകളും കൃത്യമായ ബാങ്ക് ഇടപാടുകളിലൂടെയാണെന്നും ഇതിന്റെ വിശദാംശങ്ങള്‍ നിയമപരമായി അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും പോര്‍ട്ടല്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.