- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'സമാധി പൊളിക്കാന്‍ സമ്മതിക്കില്ല, പൊളിച്ചാല്‍ അതിന്റെ ശക്തി പോകില്ലേ? മൃതദേഹം ഡോക്ടര്‍ തൊട്ടാല്‍ സമാധി കളങ്കപ്പെടും'; നിലപാട് ആവര്‍ത്തിച്ചു ഗോപന്‍ സ്വാമിയുടെ മക്കള്‍; സമാധി പോസ്റ്റര്‍ നേരത്തെ തയ്യാറാക്കിയെന്നും സംശയം; മൊഴികളും പരസ്പ്പര വിരുദ്ധം; പോലീസ് മടിച്ചു നില്‍ക്കുന്നത് സമുദായ സംഘടനകളുടെ ഇടപെടലില്‍
'സമാധി പൊളിക്കാന്‍ സമ്മതിക്കില്ല, പൊളിച്ചാല്‍ അതിന്റെ ശക്തി പോകില്ലേ? ഹിന്ദു വികാരം വ്രണപ്പെടും;
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ആറാലുംമൂട്ടില്‍ ഗൃഹനാഥന്റെ മൃതദേഹം ആരുമറിയാതെ മറവുചെയ്ത സംഭവത്തില്‍ ദുരൂഹതകള്‍ വര്‍ധിക്കുകയാണ്. സമധിയിരുത്തി എന്ന് മക്കള്‍ അവകാശപ്പെടുന്ന കല്ലറ പൊളിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് കുടുംബം. സമാധി പൊളിക്കാന്‍ സമ്മതിക്കില്ലെന്ന ഹിന്ദു ഐക്യവേദിയുടെ നിലപാടാണ് അന്വേഷണത്തിന് തടസ്സമായി നില്‍ക്കുന്നത്.
കല്ലറ പൊളിക്കാന്‍ സമ്മതിക്കില്ലെന്നാണ് സ്വാമിയുടെ മക്കള്‍ ആവര്‍ത്തിക്കുന്നത്. കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും മരിച്ച ഗോപന്‍സ്വാമിയുടെ മകന്‍ പറഞ്ഞു. സമാധി പൊളിച്ചാല്‍ അതിന്റെ ശക്തി പോകുമെന്നും ഹിന്ദുവികാരം വ്രണപ്പെടുമെന്നുമാണ് മക്കള്‍ ആവര്‍ത്തിക്കുന്നത്. ഇവരുടെ കടുംപിടുത്തമാണ് സംഭവത്തെ ദുരൂഹമാക്കുന്നത്. നിയമ പരമായി പോകണമെന്നാണ് ഹിന്ദു ഐക്യവേദി പറഞ്ഞതെന്നാണ് വിവരം. പോലീസ് നീക്കം തടയാന്‍ വേണ്ട സജ്ജീകരണങ്ങളാണ് കുടുംബം തയ്യാറാക്കുന്നത്. കല്ലറ പൊളിച്ച് മൃതദേഹം ഡോക്ടര്‍ പരിശോധിച്ചാല്‍ അത് കളങ്കപ്പെടുമെന്നതിനാലാണ് അനുവദിക്കാതിരുന്നാണ് മകന്‍ പറയുന്നത്.
അതേസമയം അതിയന്നൂര്‍ കാവുവിള ഗോപന്‍ സ്വാമിയുടെ സമാധി പോസ്റ്റര്‍ അച്ചടിച്ചതിലും ദുരൂഹതയെന്ന് പൊലീസ പറയുന്നത്. എവിടെ നിന്നാണ് പോസ്റ്റര്‍ തയ്യാറാക്കിയതെന്നതില്‍ മക്കള്‍ വ്യക്തമായ ഉത്തരം നല്‍കിയില്ലെന്ന് പൊലീസ് പറയുന്നു. പോസ്റ്റര്‍ നേരത്തെ തന്നെ തയ്യാറാക്കിയതായും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സമാധി തുറക്കുന്നതില്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം ഇന്നുണ്ടാവും.വീട്ടുകാര്‍ ശക്തമായി പ്രതിഷേധിച്ചതോടെ സമാധി പൊളിക്കുന്ന നടപടി താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്.
സമാധി പൊളിക്കുന്നതിനെതിരെ കുടുംബവും ചില സംഘടനാ പ്രവര്‍ത്തകരും രംഗത്തുവരികയായിരുന്നു. സമാധി പൊളിച്ച് വാസ്തവം കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം നാട്ടുകാരും സംഘടിച്ചു. ഇതോടെ നാടകീയ രംഗങ്ങളാണ് ഇന്നലെ സ്ഥലത്ത് അരങ്ങേറിയത്. നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നാണ് ഗോപന്‍ സ്വാമിയുടെ കുടുംബം അറിയിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമി (78) മരിച്ചത്. മൃതദേഹം വീട്ടുകാര്‍ രഹസ്യമായി സമീപത്തെ കല്ലറയില്‍ സംസ്‌കരിക്കുകയും സമാധിയായതായി അവകാശപ്പെടുകയുമായിരുന്നു. സമാധി ചടങ്ങുകള്‍ ആരും കാണരുതെന്ന് പിതാവ് നിര്‍ദേശിച്ചിരുന്നതിനാലാണ് രഹസ്യമായി സംസ്‌കരിച്ചതെന്ന് മക്കള്‍ വാദിച്ചു. സംഭവത്തില്‍ ചില സാമുദായിക സംഘടന നേതാക്കള്‍ കൂടി ഇടപെട്ടതോടെ പ്രദേശത്ത് ഇരു വിഭാഗങ്ങളായി ചേരിതിരിഞ്ഞ് വാക്കുതര്‍ക്കവും സംഘര്‍ഷവുമുടലെടുത്തു. സംഘര്‍ഷമൊഴിവാക്കാന്‍ കല്ലറ പൊളിക്കുന്നത് ഇന്നലെ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.
മരണ വിവരം സമീപവാസികളും ബന്ധുക്കളും അറിയുന്നത് സംസ്‌കാരം നടത്തിയശേഷം മക്കള്‍ പതിച്ച പോസ്റ്ററിലൂടെയായിരുന്നു. സംഭവത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതോടെ, കഴിഞ്ഞദിവസം നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തു. അയല്‍വാസിയായ വിശ്വംഭരനാണ് പരാതി നല്‍കിയത്. പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കലക്ടറാണ് സമാധി പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാന്‍ നിര്‍ദേശിച്ചത്. ഉത്തരവ് നടപ്പാക്കാന്‍ സബ്കലക്ടര്‍ ഒ.വി. ആല്‍ഫ്രഡിന്റെ നേതൃത്വത്തില്‍ വലിയ പൊലീസ് സന്നാഹം തിങ്കളാഴ്ച രാവിലെ സ്ഥലത്തെത്തി.
ഫോറന്‍സിക് സംഘമുള്‍പ്പെടെ വിദഗ്ധരെത്തി നടപടി തുടങ്ങിയതും പ്രതിഷേധവുമായി വീട്ടുകാര്‍ രംഗത്തെത്തി. ഒപ്പം ചില സംഘടന പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി. ഇവരും പൊലീസുമായി വലിയ വാക്കേറ്റമായി. ബഹളത്തിനിടെ, മതസ്പര്‍ധ സൃഷ്ടിക്കുന്ന ചില ആരോപണങ്ങള്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തിയതോടെ ചേരിതിരിഞ്ഞ് സംഘര്‍ഷമായി. പൊലീസ് ഇരുവിഭാഗത്തെയും നീക്കിയതോടെയാണ് പ്രശ്നത്തിന് താല്‍ക്കാലിക ശമനമുണ്ടായത്. ഗോപന്‍ സ്വാമിയുടെ മക്കളുമായി പൊലീസ് പലവട്ടം സംസാരിച്ചെങ്കിലും വഴങ്ങാന്‍ അവര്‍ തയാറായില്ല. കല്ലറ പൊളിക്കാന്‍ ഒരുതരത്തിലും അനുവദിക്കില്ലെന്ന നിലപാട് തുടരുകയായിരുന്നു.
ഒടുവില്‍, സമാധിക്ക് സമീപം കാവല്‍ ഏര്‍പ്പെടുത്തി പൊലീസ് തല്‍ക്കാലത്തേക്ക് പിന്‍വാങ്ങുകയായിരുന്നു. കലക്ടറുടെ ഉത്തരവ് പ്രകാരമാകും തുടര്‍നടപടികള്‍. സമാധിസ്ഥലം പൊളിക്കുന്ന നടപടികള്‍ സംബന്ധിച്ച് സ്വാമിയുടെ മക്കള്‍ക്ക് നോട്ടീസും നല്‍കി. അയല്‍വാസികള്‍പോലും കാണാതെയാണ് ഗോപന്‍ സ്വാമിയുടെ മൃതദേഹം മക്കള്‍ നേരത്തേ തയാറാക്കിയ സമാധിപീഠത്തില്‍ ഇരുത്തി സ്ലാബിട്ട് മൂടിയത്. ഇന്ന് ഭരണകൂടത്തിന്റെ തീരുമാനത്തിനനുസരിച്ചാകും തുടര്‍നടപടികള്‍.