- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീലങ്കയിൽ നിന്ന് മനുഷ്യക്കടത്ത് നടത്തി ഐഎസിലേക്ക് റിക്രൂട്ട്മെന്റ്; എൽടിടിഇ ബന്ധമുള്ളയാളെ തേനി ഉത്തമപാളയത്ത് നിന്ന് എൻഐഎ അറസ്റ്റ് ചെയ്തു; ശ്രീലങ്കക്കാരെ പാർപ്പിച്ചിരുന്നത് മംഗലാപുരത്ത്; ഇമ്രാൻഖാൻ അറസ്റ്റിലായത് ഹോട്ടൽ തൊഴിലാളിയായി ഒളിവിൽ കഴിയുന്നതിനിടെ
ഉത്തമപാളയം(തമിഴ്‌നാട്): ശ്രീലങ്കൻ പൗരന്മാരെ ഇസ്ലാമിക് തീവ്രവാദ സംഘടന ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാൻ ശ്രമിച്ച കേസിൽ ഒരാളെ എൻഐഎ അറസ്റ്റ് ചെയ്തു. രാമനാഥപുരം ജില്ലയിലെ മരക്കയപ്പെട്ടി സ്വദേശി മുഹമ്മദ് ഇമ്രാൻ ഖാനാണ് പിടിയിലായത്.ഇയാൾക്ക് തമിഴ് പുലികളുമായും ബന്ധമുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇന്ന് പുലർച്ചെ 2.30 ന് തേനി ഉത്തമപാളയത്തെ വീട് വളഞ്ഞായിരുന്നു അറസ്റ്റ്.
2021 ലാണ് കേസിന് ആസ്പദമായ സംഭവം. ശ്രീലങ്കയിൽ നിന്നും മതിയായ രേഖകളില്ലാതെ ചിലർ മംഗലാപുരത്ത് താമസിച്ചു വരുന്നതായി
മംഗളൂരു സൗത്ത് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 38 പേർ പിടിയിലായി. ഇവരെ ചോദ്യം ചെയ്തതിൽ തങ്ങളെ എത്തിച്ചത് മുഹമ്മദ് ഇമ്രാൻ ഖാനാണെന്ന് മൊഴി നൽകി.
ശ്രീലങ്കയിൽ നിന്ന് ബോട്ടിലാണ് ഇവർ മംഗളൂരുവിൽ എത്തിയത്. ബംഗളൂരു വഴി കാനഡ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് കടക്കുകയായിരുന്നു ലക്ഷ്യം. പൊലീസ് വിശദമായി നടത്തിയ അന്വേഷണത്തിൽ ഇവരെ എത്തിച്ചത് മുഹമ്മദ് ഇമ്രാൻ ഖാന് എൽടിടിഇയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ കേസ് എൻ.ഐ.എയ്ക്ക് കൈമാറുകയായിരുന്നു.
എൻ.ഐ.എ തന്നെ തിരയുന്നുണ്ടെന്ന് അറിഞ്ഞ ഇമ്രാൻ ഖാൻ ഒളിവിൽ പോയി.
ഇയാൾക്കായി വ്യാപകമായി തെരച്ചിൽ നടത്തി വരുന്നതിനിടയിലാണ് തേനി ജില്ലയിലെ ഉത്തമപാളയത്ത് ബന്ധുവീട്ടിൽ താമസിക്കുന്നതായി വിവരം ലഭിച്ചത്. ഉത്തമപാളയത്ത് നടത്തിയ അന്വേഷണത്തിൽ ബസ് സ്റ്റാൻഡിലെ ഒരു ഹോട്ടലിൽ ഇമ്രാൻ ജോലി ചെയ്തു വരുന്നതായി കണ്ടെത്തി.
രണ്ട് ദിവസത്തോളം ഇയാളെ നിരീക്ഷിച്ച സംഘം തങ്ങൾ അന്വേഷിക്കുന്ന മുഹമ്മദ് ഇമ്രാൻ ഖാൻ തന്നെയാണ് ഹോട്ടൽ ജോലിക്കാരനായി കഴിയുന്നതെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ഹോട്ടലിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ ഇയാളെ വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. അറസ്റ്റിലായ ഇമ്രാൻഖാനെ ബംഗളൂരുവിലേക്ക് കൊണ്ടുപോയി. വ്യാജ പാസ്പോർട്ട് നിർമ്മാണം, നക്ഷത്ര ആമക്കടത്ത് തുടങ്ങി നിരവധി കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്