- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള പൊലീസിനെ അറിയിക്കാതെ അതീവ രഹസ്യമായി നടത്തിയ റെയ്ഡ്; എൻഐഎ സംഘമെത്തിയത് സിആർപിഎഫ് സംഘത്തോടൊപ്പം; റെയ്ഡ് തീവ്രവാദ ഫണ്ടിങ്ങിന് തെളിവ് ലഭിച്ചതോടെ; തീവ്രവാദത്തിലേക്ക് ആളുകളെ ആകർഷിക്കലിലും തീവ്രവാദ ക്യാമ്പ് നടത്തിയെന്നതിലും അന്വേഷണം; കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയച്ചില്ലെങ്കിൽ നാളെ ഹർത്താലെന്ന് പോപ്പുലർ ഫ്രണ്ട്
തിരുവനന്തപുരം: രാജ്യമെമ്പാടുമുള്ള പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും എൻഐഎയുടെ വ്യാപക റെയ്ഡ് കേരള പൊലീസിനെ അറിയിച്ചില്ല. ഇന്ന് പുലർച്ചെ അതീവ രഹസ്യമായിട്ടായിരുന്നു എൻഐഎ റെയ്ഡ് നടത്തിയത്. കേരളാ പൊലീസിനുള്ളിലെ പച്ചവെളിച്ചം സാന്നിധ്യം നേരത്തെ സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ടു കൂടിയാണ് കേരളാ പൊലീസിന്റെ സഹായം തേടാതിരുന്നത്. സിആർപിഎഫ് സംഘത്തോടെപ്പമാണ് എൻഐഎ, ഇഡി സംഘം പരിശോധനക്കായി എത്തിയത്.
മൂന്ന് കാര്യങ്ങളിലാണ് എൻഐഎ പ്രധാനമായും തെളിവുകൾ തേടുന്നത്. തീവ്രവാദത്തിലേക്ക് ആളുകളെ ആകർഷിക്കൽ, തീവ്രവാദത്തിന് ഫണ്ട് നൽകൽ, തീവ്രവാദ ക്യാമ്പ് നടത്തി തുടങ്ങിയ കാര്യങ്ങളിലാണ് എൻഐഎ തെളിവുകൾ തേടുന്നത്. പത്ത് സംസ്ഥാനങ്ങളിൽ ഒരേ സമയാണ് റെയ്ഡ് നടത്തിയത്. സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ, ഇഡി പരിശോധന തുടരുകയാണ്. ന്യൂഡൽഹിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത കേസുകളിലാണ് പരിശോധന.
കോഴിക്കോട് അർധരാത്രി തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. മലപ്പുറത്ത് പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ എം.എ. സലാമിന്റെ മഞ്ചേരിയിലെ വീട്ടിലും ദേശീയ സെക്രട്ടറി നസറുദീൻ എളമരത്തിന്റെ വീട്ടിലും റെയ്ഡ് നടത്തി. ഇവരെ എൻഐഎ കസ്റ്റഡിയിലെടുത്തു. സിആർപിഎഫ് ഭടന്മാരുടെ സുരക്ഷയിലാണ് റെയ്ഡ്. കേരള പൊലീസിനെ അറിയിക്കാതെ ആണ് പലയിടത്തും റെയ്ഡ്. പോപ്പുലർ ഫ്രണ്ടിന്റെ പല നേതാക്കളുടേയും സാമ്പത്തിക ഇടപാടുകൾ മാസങ്ങളായി എൻഐഎ നിരീക്ഷണത്തിലായിരുന്നു. എല്ലാ തെളിവുകളും ലഭിച്ച ശേഷമാണ് അർധരാത്രിയോടെ രാജ്യമെമ്പാടും വ്യാപക റെയ്ഡ് ആംരഭിച്ചത്.
കേരളത്തിൽ 50 സ്ഥലങ്ങളിലാണ് എൻഐഎ പരിശോധന നടത്തുന്നത്. തിരുവനന്തപുരത്ത് പിഎഫ്ഐ മുൻ ദേശീയ സമിതി അംഗത്തിന്റെ വീട്ടിൽ പരിശോധന നടത്തി. അഷറഫ് മൗലവിയുടെ വീട്ടിലാണ് എൻഐഎ പരിശോധന. മണക്കാട് ഓഫീസിലും പരിശോധന പുരോഗമിക്കുകയാണ്. പത്തനംതിട്ടയിൽ എസ്ഡിപിഐ ജില്ലാ സെക്രട്ടറി സാദിക് അഹമ്മദിന്റെ വീട്ടിലെ റെയ്ഡിന് പുറമേ പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡണ്ടിന്റെ പത്തനംതിട്ട കൊന്നമൂട്ടിലും റെയ്ഡ് നടത്തി. പുലർച്ചെ നാല് മണിക്കാണ് പത്തനംതിട്ടയിൽ റെയ്ഡ് നടത്തിയത്. മൂന്നു പേർ അറസ്റ്റിൽ പോപ്പുലർ ഫ്രണ്ട് സമിതി അംഗം തൃശൂർ പെരുമ്പിലാവ് സ്വദേശി യഹിയ തങ്ങളെ കസ്റ്റഡിയിൽ എടുത്തു.
പെരുമ്പിലാവിലെ വീട്ടിൽ റെയ്ഡ് നടത്തിയ ശേഷമാണ് സംഘം കസ്റ്റഡിയിൽ എടുത്തത്. പോപ്പുലർ ഫ്രണ്ട് തൃശൂർ ജില്ലാ ഓഫീസിൽ എൻഐഎ റെയ്ഡ് നടത്തി. ചാവക്കാട് തെക്കഞ്ചേരിയിലെ യൂണിറ്റി ഹൗസിലാണ് റെയ്ഡ്. എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാന്റെ കേച്ചേരിയിലെ വീട്ടിലും റെയ്ഡ് നടത്തി അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തു. പുത്തനത്താണി പൂവഞ്ചിനയിലെ പോപ്പുലർ ഫ്രണ്ട് ഓഫീസായ മലബാർ ഹൗസിൽ പരിശോധന നടന്നു. കോട്ടയത്തും എൻഐഎ റെയ്ഡ് പുരോഗമിക്കുകയാണ്. ജില്ലാ നേതാക്കൾ അടക്കം മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ഇതിന് പുറമേ പലയിടങ്ങളിൽ നിന്നും ഡിജിറ്റൽ ഡിവൈസുകളും പിടിച്ചെടുത്തു.
എൻഐഎ കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയച്ചില്ലെങ്കിൽ നാളെ ഹർത്താൽ നടത്തുമെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ പറഞ്ഞു. പോപ്പുലർ ഫ്രണ്ടിനെ തകർക്കുകയെന്ന ആർഎസ്എസ് അജൻഡയാണ് കേന്ദ്ര ഏജൻസികൾ നടത്തുന്നത്. സംഘടനയെ നിരോധിക്കാനാണ് ലക്ഷ്യമെങ്കിൽ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാ മോദി സർക്കാർ വന്നതിന് വ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അതിന്റെ നേതാക്കന്മാരെയും പ്രവർത്തകരെയും വേട്ടയാടുന്ന നടപടിയാണ് രാജ്യത്ത് നടക്കുന്നത്.
വേട്ടയാടി ഇല്ലാതാക്കുകയെന്നത് ആർഎസ്എസ് ലക്ഷ്യമാണ്. അത് നടപ്പാക്കുന്ന പണിയാണ് കേന്ദ്രഏജൻസി ചെയ്തു കൊണ്ടിരിക്കുന്നത്. നേതാക്കന്മാരെ വിട്ടുകിട്ടിയില്ലെങ്കിൽ നാളെ ഹർത്താൽ ഉൾപ്പടെ ശക്തമായ പ്രതിഷേധം തുടരുമെന്നും സത്താർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ