ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ സ്ഫോടനക്കേസ് പ്രതികളെ പിടികൂടാൻ നടത്തിയ തിരച്ചിലിനിടെ പ്രദേശവാസികളിൽ നിന്നുണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) രംഗത്ത്. നരുബാലിയ ഗ്രാമത്തിൽ തിരച്ചിലിന് പുറപ്പെട്ട അന്വേഷണസംഘത്തിന്, അനിയന്ത്രിതമായ ആൾക്കൂട്ടത്തിൽ നിന്ന് ആക്രമണം നേരിടേണ്ടിവന്നുവെന്ന് എൻ.ഐ.എ പ്രസ്താവനയിൽ വ്യക്തമാക്കി.

യാതൊരു പ്രകോപനവുമില്ലാതെയാണ് ആൾക്കൂട്ടം ആക്രമിച്ചതെന്നും നിയമപരമായ ചുമതലകൾ നിർവഹിക്കുന്നതിൽനിന്ന് തടസ്സപ്പെടുത്താനുള്ള ശ്രമമായിരുന്നു നടന്നതെന്നും എൻ.ഐ.എ. കൂട്ടിച്ചേർത്തു. സ്വതന്ത്രരായ സാക്ഷികളുടെ സാന്നിധ്യത്തിൽ അഞ്ചിടങ്ങളിലാണ് തിരച്ചിൽ നടത്തിയത്. വനിതാ കോൺസ്റ്റബിൾമാർ ഉൾപ്പെടെയുള്ള സിആർപിഎഫ്. സംഘത്തിന്റെ സുരക്ഷയിലായിരുന്നു തിരച്ചിൽ നടത്തിയതെന്നും എൻ.ഐ.എ. പറഞ്ഞു. തിരച്ചിൽ നടത്തിയിടത്തെ താമസക്കാരെ ആക്രമിച്ചുവെന്ന ആരോപണവും എൻ.ഐ.എ. തള്ളി. അനാവശ്യമായ പ്രതിഷേധമായിരുന്നു നാട്ടുകാരുടേതെന്നും എൻ.ഐ.എ. പറയുന്നു.

അതേസമയം റെയ്ഡിന് എത്തിയ എൻഐഎ ഉദ്യോഗസ്ഥർക്കെതിരെ കുടുംബാംഗങ്ങളുടെ ലൈംഗികാതിക്രമ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ 2022ലെ സ്ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിൽ ഇന്നലെ എൻഐഎ ഉദ്യോഗസ്ഥർ റെയ്ഡിന് എത്തിയത്. തുടർന്ന് ബാലയ്ചരൺ മൈത്രി, മനോബ്രത ജാന എന്നി നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ കുടുംബാംഗങ്ങളുടെ പരാതിയിലാണ് എൻഐഎ ഉദ്യോഗസ്ഥർക്കെതിരെ ലൈംഗികാതിക്രമം ഉൾപ്പെടെ ചുമത്തി കേസെടുത്തത്.

ഈസ്റ്റ് മിഡ്‌നാപൂർ പൊലീസ് ആണ് എൻഐഎ ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പീഡനക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഭൂപതി നഗർ സ്ഫോടനകേസിൽ അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് നേതാവ് മനോബ്രത ജനയുടെ കുടുംബത്തിന്റെ പരാതിയിൽ ആണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രദേശവാസികൾ നടത്തിയ ആക്രമണത്തിനെതിരേ ഭൂപതിനഗർ സ്റ്റേഷനിൽ എൻ.ഐ.എയും പരാതി നൽകിയിട്ടുണ്ട്. എന്നാൽ, ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ഈസ്റ്റ് മിഡ്നാപുരിൽ താമസിക്കുന്ന നേതാക്കളുടെ വസതിയിലായിരുന്നു റെയ്ഡ്. വിശദമായ പരിശോധനയ്ക്കു പിന്നാലെ തൃണമൂൽ നേതാക്കളായ രണ്ടു പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതികളുമായി കൊൽക്കത്തയിലേക്കു മടങ്ങുംവഴി എൻഐഎ സംഘത്തിന്റെ വാഹനം തടഞ്ഞ് ആൾക്കൂട്ടം കല്ലെറിഞ്ഞിരുന്നു. ആക്രമണത്തിൽ ഒരു ഉദ്യോഗസ്ഥന് പരുക്കേറ്റു. പിന്നീട് കേന്ദ്ര സേനയെത്തിയ ശേഷമാണ് ഉദ്യോഗസ്ഥർക്ക് മടങ്ങാൻ കഴിഞ്ഞത്.

അർധരാത്രി പൊലീസിനെ അറിയിക്കാതെയാണ് എൻഐഎ ഉദ്യോഗസ്ഥർ റെയ്ഡിനു പോയതെന്നും യഥാർഥ പ്രതികൾ എൻഐഎ ആണെന്നും മുഖ്യമന്ത്രി മമത ബാനർജി വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റിലായവരുടെ കുടുംബാംഗങ്ങളുടെ പരാതിയിൽ ലൈംഗികാതിക്രമം ഉൾപ്പെടെ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റിലായ മനോബ്രത ജാനയുടെ ഭാര്യ മോനി ജാന ഉൾപ്പെടെയുള്ളവരാണ് ഉദ്യോഗസ്ഥർക്കെതിരെ ബംഗാൾ പൊലീസിൽ പരാതി നൽകിയത്.

മുൻപ് ബംഗാളിലെ തന്നെ സന്ദേശ്ഖലിയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ക്കിന്റെ വീട്ടിൽ റെയ്ഡിനു പോയ ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. ടിഎംസി നേതാക്കളെ അറസ്റ്റ് ചെയ്ത എൻഐഎ സംഘം കഴിഞ്ഞദിവസം ആക്രമിക്കപെട്ടിരുന്നു. എൻഐഎയുടെ പരാതിയിൽ തൃണമൂൽ നേതാക്കൾക്കെതിരെയും കേസ് എടുത്തിരുന്നു.

150 ഓളം പേർ വരുന്ന ആൾക്കൂട്ടമാണ് എൻഐഎ സംഘത്തെ ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തത്. ആക്രമണത്തിൽ ഒരു എൻഐഎ ഉദ്യോഗസ്ഥന് പരിക്കേറ്റു. 2022ൽ നടന്ന സ്ഫോടനക്കേസ് അന്വേഷിക്കാൻ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ആക്രമണം നടന്നത്. കഴിഞ്ഞ ജനുവരിയിൽ സന്ദേശ്ഖലിയിൽ ഇ.ഡിയുടെ സംഘത്തെയും ആൾക്കൂട്ടം ആക്രമിച്ചിരുന്നു.

അതേ സമയം തൃണമൂൽ കോൺഗ്രസ് നേതാക്കളെ വേട്ടയാടാൻ ബിജെപി ഗൂഢാലോചന നടത്തിയെന്നും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുവെന്നും തൃണമൂൽ ആരോപിച്ചു. ദേശീയ അന്വേഷണ ഏജൻസിയിൽ ബിജെപി നടത്തിയ ഇടപെടലുമായി ബന്ധപ്പെട്ടാണ് ടിഎംസിയുടെ ആരോപണം. തെളിവുകളും തൃണമൂൽ നേതാക്കൾ പുറത്ത് വിട്ടു.

കഴിഞ്ഞ മാർച്ച് 26നാണ് ബിജെപി നേതാവ് ജിതേന്ദ്ര ചൗധരി. എൻഐഎ എസ്‌പി ധൻ റാം സിങ്ങുമായി വസതിയിൽ കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെയാണ് ഭൂപതിനഗറിൽ ടിഎംസി നേതാക്കളുടെ അറസ്റ്റുണ്ടായത്. ഇത് ഗൂഢാലോചനയുടെ ഭാഗമായുണ്ടായ നടപടിയാണെന്നാണ് ബിജെപി നേതാവ് എത്തിയെന്ന് വ്യക്തമാകുന്ന വിസിറ്റേഴ്സ് ബുക്കിന്റേ രേഖകൾ പുറത്ത് വിട്ട് ടിഎംസി നേതാവ് കുണാൽ ഘോഷ് ആരോപിക്കുന്നത്.

കേന്ദ്ര അന്വേഷണ ഏജൻസിയെ ബിജെപി സ്വന്തം ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം പ്രതിപക്ഷം ഉയർത്തുന്നതിനിടെയാണ് തെളിവായി രേഖകളടക്കം ടിഎംസി പുറത്ത് വിടുന്നത്. എൻഐഎ എസ് പി ധൻ റാം സിങ്ങാണ് ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ. കൊൽക്കത്തയിലെ വസതിയിൽ 52 മിനിറ്റ് നേരമാണ് ബിജെപി നേതാവ് ജിതേന്ദ്ര തിവാരി ചർച്ച നടത്തിയത്. കൊൽക്കത്തയിലെ ഫ്ളാറ്റിലെ വിസിറ്റേഴ്സ് ബുക്ക് രേഖകളാണ് ടിഎംസി തെളിവായി പുറത്ത് വിട്ടത്.