കോഴിക്കോട്: കേരളത്തിൽ എൻഐഎ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒരേ സമയം പലയിടങ്ങളിലായി അപ്രതീക്ഷിതമായാണു പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്രങ്ങളിൽ എൻഐഎ, ഇഡി സംഘം തിരച്ചിൽ നടത്തിയത്. റെയ്ഡിന് അപ്പുറം നേതാക്കളുടെ അറസ്റ്റ് മാത്രമായിരുന്നു ലക്ഷ്യം. അതീവ രഹസ്യമായി എല്ലാം നടത്തിയത് പ്രതിഷേധങ്ങളുടെ ശക്തി കുറയ്ക്കാനാണ്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എല്ലാം അറിഞ്ഞ് എത്തിയപ്പോൾ തന്നെ നേതാക്കളുമായി എൻഐഎ വിമാനം കയറി.

3 ദിവസമായി പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ തിരച്ചിൽ നടത്താനുള്ള മുന്നൊരുക്കങ്ങൾ കേന്ദ്ര സംഘം രഹസ്യമായി ഒരുക്കിയിരുന്നു. സിആർപിഎഫ് സുരക്ഷാ ഭടന്മാരെ റെയ്ഡിനു മുന്നോടിയായി എത്തിച്ചു. കഴിഞ്ഞ 17നു പോപ്പുലർ ഫ്രണ്ടിന്റെ ജനമഹാ സമ്മേളനം കോഴിക്കോട്ട് നടത്തിയ സാഹചര്യത്തിൽ നേതാക്കളെല്ലാം എവിടെയുണ്ടെന്ന് കണ്ടെത്താൻ എൻഐഎയ്ക്ക് കഴിഞ്ഞു. ഈ മഹാറാലി മുതൽ നേതാക്കളെല്ലാം നിരീക്ഷണത്തിലായിരുന്നു. പുലർച്ചെയാണു വീടുകളിൽ തിരച്ചിലിന് എത്തിയത്. വായുസേനയുടെ വിമാനവും എൻഐഎയ്ക്ക് വിട്ടു കൊടുത്തു. അങ്ങനെ സൈന്യത്തിന്റെ സഹായവും റെയ്ഡിന് കിട്ടി.

തിരച്ചിൽ തുടങ്ങി മണിക്കൂറുകളോളം ഏതൊക്കെ നേതാക്കളെയാണു കസ്റ്റഡിയിൽ എടുത്തതെന്നോ അറസ്റ്റ് ചെയ്തതെന്നോ വ്യക്തമാകാത്ത സാഹചര്യമായിരുന്നു. സംസ്ഥാന പൊലീസിനും ഇതേക്കുറിച്ചു കൃത്യമായ വിവരം ഉണ്ടായിരുന്നില്ല. പിഎഫ്‌ഐ സ്ഥാപക നേതാവ് ഇ.അബൂബക്കറിന്റെ കൊടുവള്ളി കരുവൻപൊയിലിലെ വീട്ടിൽ പുലർച്ചെ മൂന്നരയോടെയാണ് എൻഐഎ സംഘം എത്തിയത്. എൻഐഎ ഡൽഹി ഡിവൈഎസ്‌പി, കോഴിക്കോട് കസ്റ്റംസ് സൂപ്രണ്ട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. റോഡിൽ സിആർപിഎഫ് ഭടന്മാരെ വിന്യസിച്ചിരുന്നു. തിരച്ചിൽ ആരംഭിച്ച് അധികം വൈകാതെ തന്നെ ഇ.അബൂബക്കറിനെ കസ്റ്റഡിയിലെടുത്തു. അബൂബക്കറിനെ പിടിക്കുക മാത്രമായിരുന്നു ലക്ഷ്യം.

അബൂബക്കറിനെ കസ്റ്റഡിയിൽ എടുക്കുന്നതറിഞ്ഞു പ്രവർത്തകർ തടിച്ചു കൂടി. ഇവർ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മുദ്രാവാക്യം വിളിച്ചു. അർബുദ ബാധിതനായി കഴിഞ്ഞ 3 വർഷമായി സജീവ ഭാരവാഹിത്വത്തിൽ നിന്നു വിട്ടുനിൽക്കുന്നയാളാണ് ഇ.അബൂബക്കർ. ദേശീയ സമിതി അംഗം പ്രഫ.പി.കോയയുടെ കാരന്തൂർ സഹകരണ ബാങ്കിനു സമീപത്തെ വീടിന്റെ മതിൽ പൊളിച്ചാണ് എൻഐഎ, ഇഡി സംഘം അകത്തു കടന്നത്. പുലർച്ചെ 4നു തുടങ്ങിയ തിരച്ചിൽ രാവിലെ ഒൻപതോടെയാണ് അവസാനിച്ചത്. ഇവിടെ നിന്ന് നിരവധി തെളിവുകളും കണ്ടെത്തി.

പോപ്പുലർ ഫ്രണ്ട് ഭീകരരെ അറസ്റ്റ് ചെയ്യാൻ കേരളത്തിലേക്ക് കേന്ദ്ര സംഘത്തെ എത്തിച്ചത് വ്യോമസേനയാണ്. അതിർത്തിയിൽ സേന നീക്കങ്ങൾ ഉണ്ടാകുമ്പോൾ പട്ടാളക്കാരെ എത്തിക്കുന്ന വ്യോമസേന വിമാനത്തിലാണ് എൻഐഎ സംഘം കേരളത്തിൽ എത്തിയത്. കരിപ്പൂർ വിമാനത്താവളത്തിലാണ് വ്യോമസേനയുടെ ഗജരാജ എന്നറിയപ്പെടുന്ന ഐഎൽ 76 വിമാനം ഇറങ്ങിയത്. കോഴിക്കോട് വിമാനത്താവളത്തിൽ ഇത്തരം വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ അനുമതിയില്ല.

എന്നാൽ, പ്രത്യേക സാഹചര്യം പരിഗണിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം അടിയന്തര അനുമതി നൽകുകയായിരുന്നു. ഡി ശ്രേണിയിൽപ്പെട്ട വലിയ വിമാനമാണു കേന്ദ്രസേനയെ എത്തിക്കാനായി പ്രത്യേക അനുമതിയോടെ കരിപ്പൂരിലെത്തിയത്. ഈ വിമാനത്തിന് കോഴിക്കോട് വിമാനത്താവളത്തിൽ രണ്ടു വിമാനങ്ങൾക്കുള്ള പാർക്കിങ് സ്ഥലമാണ് അനുവദിച്ചത്. രാത്രിയോടെ എത്തിയ വിമാനം സുരക്ഷാ ദൗത്യം നിർവഹിച്ച ശേഷമാണു മടങ്ങിയത്. കേന്ദ്രസേനയെ എത്തിക്കാനും തിരിച്ചു കൊണ്ടുപോകാനുമാണ് വിമാനം എത്തിയത്.

കേരളത്തിലെ റെയ്ഡ് ഇരുചെവിയറിയാതെയാണ് നടത്തിയത്. അതിനാൽ വിമാനം വന്ന കാര്യവും രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും ഓഫീസുകളിലും റെയ്ഡിനെത്തിയത് ഇരുനൂറിലേറെ പേരടങ്ങുന്ന സംഘമായിരുന്നു. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് ഇതിനായി ഉദ്യോഗസ്ഥരെ വിമാനത്തിൽ കേരളത്തിലേക്ക് വന്നു. കേരളത്തിൽ അമ്പത് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. ഒരു ടീമിൽ നാലുപേരായിരുന്നു. ഇവർക്ക് സുരക്ഷയൊരുക്കിയത് 50 പേർ വീതമടങ്ങുന്ന കേന്ദ്രസേന.

മലബാറിലെ പ്രതികളുമായി പുലർച്ചെ അഞ്ചരയോടെ ഓരോ സംഘവും കരിപ്പൂർ വിമാനത്താവളത്തിൽ എത്തിത്തുടങ്ങിയിരുന്നു. ഒമ്പതുമണിയോടെ പ്രതികളുമായി വിമാനം മടങ്ങി. ഒരു പ്രതിക്ക് ഒരു ഉദ്യോഗസ്ഥൻ വീതമായിരുന്നു വിമാനത്തിൽ നിയോഗിച്ചിരുന്നത്.