- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശ രാജ്യങ്ങളിലേക്ക് കടന്ന ഖലിസ്ഥാൻ ഭീകരരുടെ 19 പേരുടെ പട്ടിക തയ്യാറാക്കി എൻഐഎ; ഇന്ത്യയിലെ സ്വത്തുക്കൾ കണ്ടുകെട്ടും; ഭീകരർ സാമ്പത്തിക നിക്ഷേപം നടത്തിയത് ആഡംബര നൗകകളിലും കനേഡിയൻ പ്രീമിയർ ലീഗിലും
ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരതയുടെ വേരറുക്കും വിധത്തിൽ മുന്നോട്ടു പോകാൻ ഒരുങ്ങി ഇന്ത്യ. നോട്ടപ്പുള്ളികളാക്കേണ്ട 19 ഖലിസ്ഥാൻ ഭീകരരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട് എൻഐഎ. ഇത് അനുസരിച്ചു യാതൊര വിട്ടുവീഴ്‌ച്ചയും കൂടാതെ മുന്നോട്ടു പോകാനാണ് നീക്കം. ഹർദീപ് സിങ് നിജ്ജർ കൊലപാതകത്തിൽ ഇന്ത്യ - കാനഡ പോര് മുറുകുന്നതിനിടെയാണ് പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്ന ഇന്ത്യൻ നടപടികൾ.
ഖലിസ്ഥാൻ ഭീകരരുടെ പട്ടിക തയ്യാറാക്കി എൻഐഎയെ ഇവരെ സാമ്പത്തികമായി ഇല്ലായ്മ ചെയ്യാനുള്ള വഴികളാണ് ആലോചിക്കുന്നത്. ഇന്ത്യയിലെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതു കൂടാതെ. ഇന്ത്യ ഇവരെ ഭീകര പട്ടികയിൾ ഉൾപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി വിദേശ രാജ്യങ്ങളിൽ കഴിയുന്നവർക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്യും. തീവ്രവാദികളുടെ സാമ്പത്തിക നിക്ഷേപത്തെ കുറിച്ചുള്ള നിർണ്ണായക വിവരങ്ങളാണ് ഇന്ത്യയ്ക്ക് ലഭിച്ചിട്ടുള്ളത്.
അതേസമയം, നിജ്ജറിന്റെ കൊലപാതകത്തിൽ കാനഡ ഇനിയും തെളിവ് കൈമാറിയിട്ടില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. ഖലിസ്ഥാൻ തീവ്രവാദത്തോട് കടുത്ത നിലപാടെന്ന തീരുമാനത്തിലാണ് എൻഐഎ നടപടികൾക്ക് വേഗം കൂട്ടുന്നത്. ഹർദീപ് സിങ് നിജ്ജറിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കത്തിനൊപ്പം സിഖ്‌സ് ഫോർ ജസ്റ്റിസ് തലവൻ ഗുർപന്ത് വന്ത് സിംഗിന്റെ വീടും വസ്തുവകകളും കണ്ടുകെട്ടിയതും ആ നടപടിയുടെ ഭാഗമാണ്.
അമേരിക്ക, കാനഡ, ബ്രിട്ടൺ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് കടന്ന ഖാലിസ്ഥാൻ ഭീകരുടെ പട്ടികയാണ് എൻഐഎ തയ്യാറാക്കുന്നത്. 19 പേരുടെ വിവരങ്ങൾ ഇതിനോടകം ശേഖരിച്ചു കഴിഞ്ഞു. സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്കാകും ആദ്യം കടക്കുക. ഇവരെ കൈമാറാനും ആവശ്യപ്പെടും. ആഡംബര നൗകകളിൽ മുതൽ സിനിമകളിൽ വരെ ഭീകരർ കാനഡയിൽ സാമ്പത്തിക നിക്ഷേപം നടത്തിയിട്ടുണ്ടെന്ന വിവരവും എൻഐഎക്ക് കിട്ടിയിട്ടുണ്ട്.
കനേഡിയൻ പ്രീമിയർ ലീഗിലും നിക്ഷേപമുണ്ട്. തായ്‌ലൻഡിലെ ക്ലബുകളിലും ബാറുകളിലും ഇവർക്ക് നിക്ഷേപമുണ്ട്. വിവരങ്ങൾ അതാത് രാജ്യങ്ങൾക്ക് കൈമാറിയെങ്കിലും പ്രതികരണമില്ലെന്നാണ് എൻഐഎ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം നിജ്ജറിന്റെ കൊലപാതകത്തിൽ കാനഡയുടെ രഹസ്യാന്വേഷണ വിഭാഗം ഒരു തെളിവും നൽകിയിട്ടില്ലെന്ന ഇന്ത്യ ആവർത്തിച്ചു. കൊലപാതകത്തിൽ ഇന്ത്യയുടെ പങ്കിനെ കുറിച്ച് കാനഡക്ക് വ്യക്തമായ വിവരം കിട്ടിയിട്ടുണ്ടെന്ന് കാനഡയിലെ യുഎസ് അംബാസിഡർ ഡോവിഡ് കൊഹൻ അവകാശപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
അമേരിക്ക, ബ്രിട്ടൺ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളുടെ സംയുക്ത ഇന്റലിജൻസ് സംവിധാനമാണ് കാനഡയെ വിവരം ധരിപ്പിച്ചതെന്ന് സി ടിവി ന്യൂസിന് നൽകിയ അഭിമുഖത്തിൽ കൊഹൻ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യ അന്വേഷണത്തോട് സഹകരിക്കണമെന്ന് കഴിഞ്ഞ ദിവസം അമേരിക്ക നിലപാട് കടുപ്പിച്ചിരുന്നു.
അതിനിടെ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ യു.എസിലുള്ള ഖലിസ്താനി നേതാക്കൾക്ക് എഫ്.ബി.ഐ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ജീവൻ അപകടത്തിലാവാമെന്ന മുന്നറിയിപ്പ് എഫ്.ബി.ഐ ഇവർക്ക് നൽകിയെന്ന് ഇന്റർസെപ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ആരിൽ നിന്നാണ് ഭീഷണിയെന്ന കാര്യം വ്യക്തമാക്കില്ലെന്നാണ് ഖലിസ്താനി നേതാക്കൾ പറയുന്നത്.
നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ എഫ്.ബി.ഐ ഉദ്യോഗസ്ഥർ ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്നാണ് അമേരിക്കൻ സിഖ് കമിറ്റിയുടെ കോർഡിനേറ്ററായ പ്രിത്പാൽ സിങ്ങിന്റെ വെളിപ്പെടുത്തൽ. ഇയാൾക്കൊപ്പം മറ്റ് രണ്ട് പേർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജൂണിൽ എഫ്.ബി.ഐയുടെ രണ്ട് സ്പെഷ്യൽ ഏജന്റുമാർ കാണാനെത്തി ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞു. എവിടെ നിന്നാണ് ഭീഷണിയെന്ന് വ്യക്തമാക്കിയില്ല. പക്ഷേ തന്നോട് കരുതലെടുക്കാൻ അവർ നിർദ്ദേശിച്ചുവെന്നും പ്രിത്പാൽ സിങ് പറഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ എഫ്.ബി.ഐയിൽ നിന്നും ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല.
അതേസമയം, നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ തനിക്കും സമാനമായ മുന്നറിയിപ്പ് ലഭിച്ചുവെന്ന് കാനഡയിലെ ബ്രിട്ടീഷ് കൗൺസിൽ ഗുരുദ്വാര കൗൺസിൽ വക്താവ് മൊനിന്ദർ സിങ്ങും പറഞ്ഞു. കാനഡയിലെ രഹസ്യാന്വേഷണ വിഭാഗത്തിന്റേതാണ് മുന്നറിയിപ്പ്. അതേസമയം, നിജ്ജാറിന്റെ കൊലപാതകത്തെ തുടർന്ന് ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുകയാണ്. യു.എസ് അടക്കമുള്ള രാജ്യങ്ങൾ കാനഡയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
അതേസമയം ഖലിസ്ഥാനി വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജർ ഇന്ത്യയെ ലാക്കാക്കി നിരവധി ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്നതായി ഇന്റലിജൻസ് രേഖകളിലൂടെ വ്യക്തമായി. 1980 കൾ മുതൽ തന്നെ നിജ്ജർ കുറ്റകൃത്യങ്ങളിലേക്ക് തിരിഞ്ഞു. നന്നേ ചെറുപ്പത്തിലേ പഞ്ചാബിലെ പ്രാദേശിക ഗൂണ്ടകളുമായി ബന്ധമുണ്ടായിരുന്നു. 1996 ൽ കള്ള പാസ്‌പോർട്ടിലാണ് കാനഡയിലേക്ക് മുങ്ങിയത്. അവിടെ ഒരു ട്രക്ക് ഡ്രൈവറായി ഒതുങ്ങി കഴിഞ്ഞു. പിന്നീട് പാക്കിസ്ഥാനിലേക്ക് ആയുധ-സ്‌ഫോടക വസ്തു ഉപയോഗ പരിശീലനത്തിനായി പോയി. കാനഡയിൽ അഭയാർഥിയായി ഇരുന്നുകൊണ്ട് പഞ്ചാബിലെ കൊലപാതക പരമ്പരകൾക്കും, ആക്രമണങ്ങൾക്കും ചുക്കാൻ പിടിച്ചു.
ജലന്ധറിൽ, ഭർസിങ് പുര ഗ്രാമവാസിയായിരുന്ന നിജ്ജർ, നെക എന്നറിയപ്പെടുന്ന ഗൂണ്ട ഗുർനെക് സിങ് വഴിയാണ് കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് ചുവട് വച്ചത്. 80 കളിലും, 90 കളും, ഖലിസ്ഥാൻ കമാൻഡോ ഫോഴ്‌സുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നു. 2012 വരെ ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് തലവൻ ജഗ്തർ സിങ് താരയുടെ അടുപ്പക്കാരനായിരുന്നു. നിരവധി തീവ്രവാദ കേസുകളിൽ പേരുവന്നതോടെ, 1996 ൽ കാനഡയിലേക്ക് രക്ഷപ്പെടുകയായിരുന്നു നിജ്ജർ.
പിന്നട്, പാക് കേന്ദ്രമായി പ്രവർത്തിക്കുന്ന കെടിഎഫ് മേധാവി ജഗ്തർ സിങ് താരയുമായി ഒത്തുപ്രവർത്തിച്ചു. ബൈശാഖി ജാഥ അംഗമായി 2012 ഏപ്രിലിൽ പാക്കിസ്ഥാനിലെത്തി. അവിടെ രണ്ടാഴ്ചയോളം ആയുധ-സ്‌ഫോടക വസ്തു പരീശീലനം നടത്തിയതായും ഇന്റലിജൻസ് രേഖയിൽ പറയുന്നു. കാനഡയിൽ, മടങ്ങി എത്തിയതിന് പിന്നാലെ, തീവ്രവാദ പ്രവർത്തനങ്ങള്ൾക്ക് ഫണ്ട് സ്വരൂപിക്കലായി മുഖ്യപണി. അതിന് വേണ്ടി തന്റെ കൂട്ടാളികളെ ഉപയോഗിച്ച് മയക്കുമരുന്ന് കടത്തും, ആയുധ കടത്തും നടത്തി.
പാക് കേന്ദ്രമായ കെടിഎഫ് മേധാവി ജഗ്തർ സിങ് താരയുമായി ചേർന്ന് പഞ്ചാബിൽ ഭീകരാക്രമണം നടത്താൻ ആസൂത്രണം ചെയ്തു. ഈ ലക്ഷ്യം വച്ച് കാനഡയിൽ ഒരുകൊലയാളി സംഘത്തെയും പരിശീലിപ്പിച്ചെടുത്തു. മൻദീപ് സിങ് ധാലിവാൾ, സർഭിത് സിങ്, അനുപ് വീർ സിഭ്, ദർശൻ സിങ് അഥവാ ഫൗജി എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. 2015 ഡിസംബറിൽ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലാണ് ഇവർക്ക് ആയുധ പരിശീലനം കിട്ടിയത്.




