- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യാ വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിച്ച് ചാവേറുകളെയും സ്ലീപ്പർ സെല്ലുകളെയും സൃഷ്ടിക്കാൻ വാട്സാപ്പ് ഗ്രൂപ്പ്; യുവാക്കളിൽ തീവ്രാശയങ്ങൾ കുത്തി വച്ച് വലവീശിപ്പിടിക്കൽ; പാക് പിന്തുണയുള്ള ഭീകരസംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിൽ അടക്കം നാലു സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
ന്യൂഡൽഹി: ബിഹാറിൽ, രഹസ്യമായി പ്രവർത്തിക്കുന്ന പാക് പിന്തുണയുള്ള ഭീകരസംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം നാല് സംസ്ഥാനങ്ങളിൽ ഞായറാഴ്ച എൻഐഎ ഒരേസമയം റെയ്ഡ് നടത്തി. പാക്കിസ്ഥാൻ ചെല്ലും ചെലവും കൊടുത്ത് വളർത്തുന്ന ഗസ്വ-ഇ-ഹിന്ദ് മൊഡ്യൂളിനെ കുറിച്ചുള്ള അന്വേഷണ ഭാഗമായിരുന്നു റെയ്്ഡ്. മധ്യപ്രദേശിലെ ദേവാസ്, ഗുജറാത്തിലെ ഗിർ സോമനാഥ്, യുപിയിലെ അസംഗഡ്, കേരളത്തിലെ കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു വ്യാപക തിരച്ചിൽ.
സംശയമുള്ളവരുടെ വീടുകളും സ്ഥാപനങ്ങളുമാണ് പരിശോധിച്ചത്. പാക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരരുമായി ഇവർക്കുള്ള ബന്ധം റെയ്ഡിൽ വ്യക്തമായതായി എൻഐഎ അറിയിച്ചു. ഇവർ പാക്കിസ്ഥാനിൽ നിന്നുള്ള നിർദ്ദേശ പ്രകാരം ഇന്ത്യ വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിച്ചുവരികയായിരുന്നു. നാലുസംസ്ഥാനങ്ങളിലെ റെയ്ഡിൽ മൊബൈലുകളും, സിം കാർഡുകളും, നിരവധി രേഖകളും പിടിച്ചെടുത്തു.
കഴിഞ്ഞ വർഷം ബിഹാറിൽ പൊലീസ് എടുത്ത കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം. രാജ്യത്തെ വിവിധയിടങ്ങളിൽ സ്ഫോടനമടക്കം ലക്ഷ്യമിട്ട് പ്രവർത്തനം നടത്തിയ മർഗൂബ് അഹമ്മദ് ദാനീഷ് എന്ന വ്യക്തിയെ ബീഹാർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാക് പൗരനായ സെയിൻ എന്നയാൾ സൃഷ്ടിച്ച ഗസ്വ ഇ ഹിന്ദ് എന്ന വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു മർഗൂബ്. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വിവിധ സംസ്ഥാനങ്ങളിൽ സാമൂഹിക മാധ്യമങ്ങളിലടക്കം യുവാക്കളെ അംഗങ്ങളാക്കി ആക്രമണങ്ങൾക്ക് പദ്ധതിയിട്ടതായി കണ്ടെത്തി. തുടർന്ന് 2022 ജൂലൈയിൽ അന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു. ഈ കേസിൽ ഈ വർഷം ആദ്യം മർഗൂബിനെതിരെ എൻഐഎ കുറ്റപ്പത്രം സമർപ്പിച്ചിരുന്നു.
മർഗൂബ് ഇന്ത്യയിൽ നിന്ന് മാത്രമല്ല, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, യെമൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരെയും വാട്സാപ്പ് ഗ്രൂപ്പിൽ അംഗങ്ങളാക്കിയിരുന്നു. ടെലഗ്രാം പോലെ മറ്റു ചില പ്ലാറ്റ്ഫോമുകളിലും ഇയാൾ സമാന ഗ്രൂപ്പുകൾക്ക് മേൽനോട്ടം വഹിച്ചിരുന്നു.
ഇന്ത്യയിൽ ഗസ്വ ഇ ഹിന്ദ് സ്ഥാപിക്കുന്നതിന്റെ പേരിൽ, യുവാക്കളിൽ ഇന്ത്യാവിരുദ്ധ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു ഇയാളുടെ മർഗൂബിന്റെ ലക്ഷ്യം. ഇന്ത്യയിലുടനീളം ഭീകരപ്രവർത്തനങ്ങൾ നടത്താൻ ലക്ഷ്യമിട്ട് സ്ലീപ്പർ സെല്ലുകൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ് ഇയാൾ ഗ്രൂപ്പ് അംഗങ്ങളെ പ്രചോദിപ്പിച്ചിരുന്നതെന്നും എൻഐഎ പറയുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ഞായറാഴ്ചത്തെ റെയ്ഡ്.
മറുനാടന് മലയാളി ബ്യൂറോ