മലപ്പുറം: മലപ്പുറം മഞ്ചേരിയിലെ പോപ്പുലർ ഫ്രണ്ട് ശക്തി കേന്ദ്രങ്ങളിൽ എൻ.ഐ.എയുടെ പരിശോധന. ഗ്രീൻവാലിയിലെ ഓഫീസിൽ നടന്ന റെയ്ഡിൽ ഇവിടെ സൂക്ഷിച്ചിരുന്ന വിവിധ രേഖകൾ സൂക്ഷ്മമായി പരിശോധിച്ചു. സ്ഥാപനം നടത്തിയ വിവിധ സാമ്പത്തിക ഇടപാടുകളുടെ കൂടുതൽ വിശദാംശങ്ങളും ശേഖരിക്കുന്നുണ്ട്.

പരിശോധനയിൽ ഡിജിറ്റൽ രേഖകൾ ഉൾപ്പെടെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. പോപ്പുലർ ഫ്രണ്ടിലേക്ക് പ്രവർത്തകരെ റിക്രൂട്ട് ചെയ്തതിന്റെ രേഖകളും എൻഐഎ സംഘം പിടിച്ചെടുത്തിട്ടുണ്ട്.

രാത്രിയോടെയാണ് എൻ.ഐ.എ സംഘം സ്ഥലത്തെത്തിയത്. നേരത്തെ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ മലപ്പുറത്തെ പോപ്പുലർ ഫ്രണ്ട് സ്ഥാപനങ്ങൾ പൂട്ടി സീൽ വച്ചിരുന്നു. എന്നാൽ ഗ്രീൻവാലിയിൽ നടപടിയെടുത്തിരുന്നില്ല. നിരോധനമേർപ്പെടുത്തി ദിവസങ്ങൾക്കുള്ളിലാണ് ഇവിടെയും കേന്ദ്ര സംഘമെത്തിയത്. സംസ്ഥാന പൊലീസിനെ അറിയിക്കാതെയായിരുന്നു എൻഐഎ സംഘം എത്തിയത്.

രാത്രിയോടെയാണ് കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘം സ്ഥലത്തെത്തിയത്. കാരാപറമ്പ് ഗ്രീൻവാലിയിൽ എൻ.ഐ.എ സംഘം വിശദമായ പരിശോധന നടത്തി.

നിരോധിത സംഘടനയായ പോപുലർഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറി ആയിരുന്ന സി.എ. റഊഫ് സ്ഥാപനത്തിൽ എത്തിയിട്ടുണ്ടോയെന്ന് അന്വേഷണ സംഘം ചോദിച്ചു. ഇതിനുശേഷമാണ് പരിശോധന ആരംഭിച്ചത്.

ഗ്രീൻവാലിയോടനുബന്ധിച്ചുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ലൈബ്രറിയും സംഘം പരിശോധിച്ചു. ഇവിടെ നിന്നു ലഭിച്ച അഞ്ചോളം പുസ്തകങ്ങളുടെ രചയിതാവിനെയും പ്രസാധകനെയും സംബന്ധിച്ച വിവരങ്ങൾ സംഘം ശേഖരിച്ചിട്ടുണ്ട്. സ്ഥാപനത്തിലുള്ളവർക്ക് റഊഫുമായി ബന്ധമുണ്ടോയെന്നും അന്വേഷിച്ചു.

ഇമാംകൗൺസിൽ നേതാവ് കരമന അഷ്റഫ് മൗലവിക്ക് ഇവിടെ താമസിക്കാൻ മുറി നൽകിയിരുന്നതായി അന്വേഷണസംഘം പറഞ്ഞു. ഈ മുറിയിലും പരിശോധന നടത്തി. പോപുലർഫ്രണ്ട് നേതാക്കൾ സ്ഥാപനത്തിലെത്തി ക്ലാസെടുത്തതിന്റെ വിവരങ്ങളും സംഘം ശേഖരിച്ചു. എൻ.ഐ.എ കൊച്ചി യൂനിറ്റിൽ നിന്നുള്ള അഞ്ചംഗ സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകുന്നത്.

സംഘടനയെ നിരോധിച്ചതിന് പിന്നാലെ തീവ്രവാദക്കേസിൽ പ്രതിചേർക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. സംഘടനയുടെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളാണ് പരിശോധിക്കുന്നത്.

പിഎഫ്ഐയുടെ മലപ്പുറം ജില്ലയിലെ ഒട്ടേറെ സ്ഥാപനങ്ങൾ എൻഐഎ ഉദ്യോഗസ്ഥരെത്തി സീൽ ചെയ്തിരുന്നു. എന്നാൽ സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമായ ഗ്രീൻവാലിക്കെതിരെ നടപടി ആരംഭിച്ചിരുന്നില്ല. എന്നാൽ സംഘടനയെ നിരോധിച്ചതിന് മുൻപ് തന്നെ അന്വേഷണ ഏജൻസികൾ ഗ്രീൻവാലിയെ നിരീക്ഷിച്ചുവരികയായിരുന്നു എന്നാണ് വിവരം.