ചെന്നൈ: ഐഎസിന്റെ ഇന്ത്യൻ വേരുകൾ അറുക്കാൻ ലക്ഷ്യമിട്ടുള്ള എൻഐഎ ഓപ്പറേഷൻ തുടരുന്നു. തമിഴ്‌നാട്ടിലും ഹൈദരാബാദിലുമായ പലയിടത്തായി എൻഐഎ റെയ്ഡ് നടത്തി. തമിഴ്‌നാട്ടിൽ 30 ഇടങ്ങളിലാണ് പരിശോധന നടന്നത്. ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് പുതിയ ഗ്രൂപ്പ് രൂപീകരിക്കാൻ ശ്രമമെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാമ് എൻഐഎ റെയ്ഡുമായി രംഗത്തു വന്നത്.

കോയമ്പത്തൂരിൽ 21 ഇടങ്ങളിലും ചെന്നൈയിൽ മൂന്നിടത്തും തെങ്കാശിയിലെ ചില കേന്ദ്രങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്. കോയമ്പത്തൂരിലെ ഡിഎംകെ വനിത കൗൺസിലറുടെ വീട്ടിലും പരിശോധന നടത്തി. വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് പരിശീലനം നൽകാൻ സംഘം പദ്ധതിയിട്ടിരുന്നുവെന്നും എൻഐഎ വൃത്തങ്ങൾ അറിയിച്ചു. ഹൈദരാബാദിൽ അഞ്ചിടത്തും റെയ്ഡ് നടക്കുന്നുണ്ട്.

കേരളത്തിൽ ടെലഗ്രാമിൽ ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാൻ ശ്രമിച്ചെന്ന കേസിൽ കഴിഞ്ഞ ആഴ്ച ഒരാളെ പിടികൂടിയിരുന്നു. തൃശൂർ സ്വദേശിയായ നബീൽ അഹമ്മദിനെയാണ് പിടികൂടിയത്. നബീലാണ് ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കങ്ങൾക്ക് കേരളത്തിൽ നേതൃത്വം നൽകിയതെന്നാണ് എൻഐഎ പറയുന്നത്. ഇയാളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കഴിഞ്ഞദിവസങ്ങളിൽ ഇയാളെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഗൂഢാലോചന നടന്നെന്ന് പറയുന്ന രഹസ്യ കേന്ദ്രങ്ങളിൽ തെളിവെടുപ്പും നടന്നിരുന്നു.

ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത് പരിശീലനം നടത്താനായിരുന്നു നബീലിന്റെ പദ്ധതിയെന്ന് എൻഐഎ പറഞ്ഞിരുന്നു. ക്രിസ്തീയ മതപുരോഹിതനെ അപായപ്പെടുത്താനും തൃശൂർ- പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും ഇവർ പദ്ധതി തയാറാക്കിയിരുന്നു. ഖത്തറിൽ നിന്നാണ് നബീൽ ഐ എസ് ഭീകരരുമായി ബന്ധം സ്ഥാപിച്ചത്. ഈ സംഘത്തിന്റെ സഹായത്തോടെയാണ് കേരളത്തിലും ഗ്രൂപ്പ് തുടങ്ങാൻ തീരുമാനിച്ചത്. ഐഎസ് പ്രവർത്തനത്തിന് പണം കണ്ടെത്താനായിരുന്നു ഇതെന്നും എൻഐഎ കണ്ടെത്തിയിരുന്നു.

അതേസമയം ഒളിവിലായിരുന്ന ഐഎസ് ഭീകരൻ അറഫാത്ത് അലി എൻഐഎയുടെ പിടിയിലായിരുന്നു. കെനിയയിലെ നയ്റോബിയിൽ നിന്ന് വിമാനമിറങ്ങിയപ്പോഴാണ് ഇയാൾക്ക് പിടി വീണത്. കർണാടകയിലെ ശിവമോഗ ജില്ലയിലെ തീർത്ഥഹള്ളി സ്വദേശിയാണ് അറഫാത്ത് അലി. വ്യാഴാഴ്ച ഇയാൾ ന്യൂഡൽഹി വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയയുടൻ അറസ്റ്റ് ചെയ്തതായി എൻഐഎ അറിയിച്ചു. അറഫാത്ത് 2020 മുതൽ ഒളിവിലായിരുന്നു. ഭീകരാക്രമണങ്ങളുടെ ആസൂത്രണവും, ഐഎസ് ആശയ പ്രചാരണവുമാണ് ഇയാൾക്ക് മേലുള്ള കുറ്റങ്ങൾ. വിദേശത്ത് ഇരുന്ന് കൊണ്ട് ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി വരികയായിരുന്നു ഇയാൾ.

വിദേശത്തിരുന്ന് കൊണ്ട് ഐഎസിന് വേണ്ടി മുസ്ലിം യുവാക്കളെ തിരഞ്ഞെടുത്ത് ആശയപ്രചാരണം നടത്തി അവരെ റിക്രൂട്ട് ചെയ്യുന്നതിൽ സജീവമായിരുന്നു അറഫാത്ത് അലി. മംഗളൂരുവിലെ കദ്രി മഞ്ജുനാഥ ക്ഷേത്രത്തിൽ പ്രഷർ കുക്കർ ബോംബ് സ്ഥാപിക്കാൻ വേണ്ടി മുഹമ്മദ് ഷരീഖ് എന്ന പ്രതി ഓട്ടോയിൽ സഞ്ചരിക്കുന്നതിനിടെ അബദ്ധത്തിൽ ബോംബ് പൊട്ടിയിരുന്നു. ശിവമോഗ ട്രയൽ സ്ഫോടന കേസിലെ മറ്റ് പ്രതികളുമായും അറഫാത്ത് അലി ബന്ധപ്പെടുന്നുണ്ടായിരുന്നു. ഗൂഢാലോചന ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിൽ ഇയാൾക്ക് സജീവ പങ്കാളിത്തവുമുണ്ടായിരുന്നു.

2020 നവംബർ 27 ന് മംഗളുരുവിലെ രണ്ട് ചുവരെഴുത്ത് കേസുകളിലും അലിക്ക് ഉത്തരവാദിത്വമുണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇയാളുടെ നിർദ്ദേശപ്രകാരമാണ് മുഹമ്മദ് ഷരീഖും, മാസ് മുനീർ അഹമ്മദും ചുവരുകളിൽ ലഷ്‌കർ സിന്ദാബാദ് എഴുത്തുകൾ പ്രചരിപ്പിച്ചത്. ' സംഘികളെയും മൻവേദികളെയും കൈകാര്യം ചെയ്യാൻ ലഷ്‌കറി തോയിബയെയും താലിബാനെയും ക്ഷണിക്കാൻ ഞങ്ങളെ നിർബന്ധിതരാക്കരുത്' എന്നായിരുന്നു ചുവരെഴുത്തുകളിൽ പറഞ്ഞിരുന്നത്.