- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ ട്രെയിനിൽ നിന്ന് കിട്ടിയ വിരലടയാളങ്ങൾക്ക് കസ്റ്റഡിയിൽ എടുത്ത വ്യക്തിയുടേതുമായി സാമ്യമില്ല; പിടിയിലായത് നഗരത്തിൽ അലഞ്ഞുതിരിയുന്ന ഇതര സംസ്ഥാനക്കാരൻ; ഇയാൾ താവക്കരയിലെ സ്ഥിരസാന്നിധ്യമെന്ന് നാട്ടുകാർ; തീവയ്പ് കേസിൽ ഫോറൻസിക് ഫലം എതിരായതോടെ അറസ്റ്റ് രേഖപ്പെടുത്താതെ പൊലീസ്; എൻ ഐ എ സംഘം കണ്ണൂരിലെത്തി
കണ്ണൂർ: ആലപ്പുഴ കണ്ണൂർ എക്‌സിക്യൂട്ടീവ് എക്സ്‌പ്രസ് തീവയ്‌പ്പ് കേസിൽ ദുരൂഹതയേറിയതോടെ ദേശീയ അന്വേഷണ ഏജൻസി കണ്ണൂരിലെത്തി. കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറുമായി കൂടിക്കാഴ്‌ച്ച നടത്തിയ എൻ ഐ എ സംഘം വ്യാഴാഴ്ച വൈകുന്നേരം അന്വേഷണമാരംഭിച്ചു.
വ്യാഴാഴ്‌ച്ച പുലർച്ചെ ഒന്നരയോടെ നടന്ന തീവയ്‌പ്പുകേസിൽ ഒരാളെ പൊലിസ് കസ്റ്റഡിയിലെടുത്തുവെങ്കിലും പ്രതി ഇയാൾ തന്നെയാണോയെന്ന കാര്യത്തിൽ സംശയം നിലനിൽക്കുകയാണ്. അതുകൊണ്ടു തന്നെ സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ കസ്റ്റഡിയിൽ എടുത്തയാളുടെ അറസ്റ്റ് പൊലിസ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
ട്രെയിനിൽ നിന്നും ലഭിച്ച കല്ലിലെ വിരലടയാളങ്ങൾ, ഫോറൻസിക് വിഭാഗം ട്രെയിനിൽ നിന്നും ശേഖരിച്ച വിരലടയാളങ്ങൾ എന്നിവയ്ക്ക് പിടികൂടിയ വ്യക്തിയുടേതുമായി സാമ്യതയില്ലെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. അതുകൊണ്ടു തന്നെ പ്രതി പിടിയിലായ ആളാണോയെന്ന കാര്യത്തിൽ സംശയം നിലനിൽക്കുകയാണ്.
കണ്ണൂർ താവക്കരയിൽ അലഞ്ഞുതിരിയുന്ന ഒരു ഇതരസംസ്ഥാനക്കാരനെയാണ് പൊലീസ് സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞ ദൃശ്യമനുസരിച്ചു കസ്റ്റഡിയിലെടുത്തത്. ഇയാളെ സംഭവ ദിവസം രാത്രിയിൽ ഭാരതീയ പെട്രോളിയം ലിമിറ്റഡിലെ ചിലരും നഗരവാസികളും റെയിൽവെ ട്രാക്കിനരികെ കണ്ടതായി പറയുന്നു.
എന്നാൽ താവക്കരയിലെ സ്ഥിരം സാന്നിധ്യമാണ് ഇയാളെന്നാണ് നാട്ടുകാർ പറയുന്നത്. തൊട്ടടുത്ത റെയിൽവെ മുത്തപ്പൻ ക്ഷേത്രത്തിനു സമീപം സ്ഥിരമായി വരാറുണ്ട്. മാസങ്ങൾക്ക് മുൻപ് റെയിൽവെ ട്രാക്കിനരികെയുള്ള ചപ്പുചവറുകൾക്ക് തീയിട്ട് അഗ്നിബാധയുണ്ടാക്കിയ സംഭവത്തിൽ റെയിൽവെ അധികൃതരുടെ പരാതിയിൽ ഇയാളെ കണ്ണൂർ ടൗൺ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും അസ്വാഭാവികമായി പെരുമാറുന്നതിനാൽ വിട്ടയക്കുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞ ചിത്രത്തിൽ ഇയാളാണെന്ന സംശയത്താൽ പൊലിസ് കസ്റ്റഡിയിലെടുത്തത്. കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനിൽ കസ്റ്റഡിയിലുള്ള ഇതര സംസ്ഥാനക്കാരനിൽ നിന്നും കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ലെന്നാണ് സൂചന.
പൊലിസ് ചോദിക്കുന്ന ചോദ്യങ്ങൾക്ക് പരസ്പരവിരുദ്ധമായ മറുപടികളാണ് ഇയാൾ പറയുന്നതെന്നാണ് വിവരം. മാത്രമല്ല ഫോറൻസിക് വിഭാഗം നടത്തിയ പരിശോധനയിൽ ഇയാളുടെ വിരലടയാളമാണെന്ന് തെളിയിക്കാൻ കഴിയാത്തതും പൊലീസിന് വെല്ലുവിളിയായി മാറിയിട്ടുണ്ട്. ഭക്ഷണത്തിനായി മറ്റുള്ളവരെ ആശ്രയിക്കുന്ന മനോവൈകല്യമുള്ള ഇതരസംസ്ഥാനക്കാരന് പെട്രോൾ ഒഴിച്ചു തീവ്രവാദസ്വഭാവത്തിലുള്ള ബോഗി കത്തിക്കൽ സംഭവം നടത്താൻ കഴിയില്ലെന്നാണ് നാട്ടുകാരും പറയുന്നത്.
കസ്റ്റഡിയിലുള്ളയാളിൽ നിന്നും എൻ. ഐ. എയും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ യഥാർത്ഥ പ്രതിക്കായി വിപുലമായ അന്വേഷണമാണ് എൻ. ഐ. എ വരും ദിവസങ്ങളിൽ നടത്തുകയെന്നാണ് സൂചന. കണ്ണൂരിൽ ക്യാംപ് ചെയ്യുന്ന സംഘം സംഭവത്തിൽ തീവ്രവാദ ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. എലത്തൂർ തീവയ്‌പ്പുസംഭവവുമായി ബന്ധപ്പെട്ടു ദേശീയ അന്വേഷണ ഏജൻസിയാണ് കേസ് അന്വേഷണം നടത്തിവരുന്നത്. ഈ കേസിന്റെ അനുബന്ധമായി എൻ. ഐ. എയ്ക്ക് കേസെടുക്കാൻ സാങ്കേതിക തടസമില്ലെന്നാണ് വിലയിരുത്തൽ.




