തിരുവനന്തപുരം: കേന്ദ്ര സർക്കാർ നിരോധിച്ച സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സ്വത്ത് കണ്ടുകെട്ടാൻ സർക്കാർ നീക്കം തുടങ്ങി. പോപ്പുലർ ഫ്രണ്ടിന്റേയും സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിന്റേയും സ്വത്തുക്കൾ കണ്ടുക്കെട്ടാനാണ് നീക്കം. പി.എഫ്.ഐ. കേന്ദ്രങ്ങളിലും നേതാക്കളുടെ വീടുകളിലും നടന്ന റെയ്ഡിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടത്തിയ ഹർത്താലുമായി ബന്ധപ്പെട്ടാണ് നടപടി. ഹർത്താലിൽ ഉണ്ടാക്കിയ നാശനഷ്ടങ്ങളുടെ കണക്കെടുക്കാൻ നേരത്തെ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.

ഹർത്താലിന് നേതൃത്വം നൽകിയ നേതാക്കളിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി. ഹൈക്കോടതിയിലുള്ള കേസിലെ 12, 13 കക്ഷികളാണ് പോപ്പുലർ ഫ്രണ്ടും അബ്ദുൾ സത്താറും. ഇവരുടെ സ്വത്തുവിവരം തേടി രജിസ്ട്രേഷൻ ഐ.ജിക്ക് സംസ്ഥാന പൊലീസ് മേധാവി കത്ത് നൽകി. കത്തിന് ലഭിക്കുന്ന മറുപടി അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ. ഇവരുടെ സ്വത്തുക്കൾ ഏതാണെന്ന് പരിശോധിക്കും. തുടർന്നായിരിക്കും കണ്ടുകെട്ടലിലേക്ക് കടക്കുക.

പോപ്പലർ ഫ്രണ്ട് സെപ്റ്റംബർ 23 ന് നടത്തിയ വിവാദ ഹർത്താലിൽ മൊത്തം ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് കണക്ക്. 86 ലക്ഷം രൂപയുടെ പൊതുമുതലാണ് ഹർത്താലിൽ നശിപ്പിക്കപ്പെട്ടതെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്വകാര്യ വ്യക്തികൾക്കുണ്ടായ നഷ്ടം16 ലക്ഷത്തോളം രൂപയുടേതാണെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ഇത് രണ്ടും കൂടി ചേർക്കുമ്പോൾ മൊത്തം ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

അതേസമയം, പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എ. റൗഫുമായി എൻ.ഐ.എ. സംഘം തെളിവെടുപ്പ് നടത്തി. പാലക്കാട് എസ്‌പി. ഓഫീസിലെത്തിച്ചാണ് തെളിവെടുപ്പ്. നിരോധിനത്തിന് പിന്നാലെ പി.എഫ്.ഐ. ബന്ധമുള്ളവർക്ക് ഒളിയിടം ഒരുക്കിക്കൊടുത്തു, വിദേശ ഫണ്ട് സ്വരൂപിച്ചു എന്നീ കണ്ടെത്തലുകൾക്ക് പിന്നാലെയാണ് റൗഫിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ആർ.എസ്.എസ്. പ്രവർത്തകരെ വധിക്കാൻ ലക്ഷ്യമിട്ട ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയതിലും റൗഫിന് പങ്കുണ്ടെന്നും എൻ.ഐ.എ. കണ്ടെത്തി. പോപ്പുലർ ഫ്രണ്ടിന്റെ വിദേശബന്ധം, പ്രവർത്തനങ്ങൾ എന്നിവയിലും റൗഫിനുള്ള പങ്കിനെക്കുറിച്ചും അന്വേഷിക്കും. പോപുലർ ഫ്രണ്ടിനെ നിരോധിച്ച ശേഷം റഊഫ് ഒളിവിലായിരുന്നു. ഒക്ടോബർ 28ന് പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടിൽ നിന്നാണ് എൻ.ഐ.എ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.

പാലക്കാട് ആർ.എസ്.എസ്. പ്രവർത്തകനായിരുന്ന ശ്രീനിവാസൻ വധക്കേസ് എൻ.ഐ.എ. ഏറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്. സി.എ. റൗഫിനേയും എസ്.ഡി.പി.ഐ. സംസ്ഥാന സമിതി അംഗം യഹിയ കോയ തങ്ങളേയും പ്രതിചേർത്തു. പി.എഫ്.ഐയുമായി ബന്ധപ്പെട്ട കേസിൽ യഹിയ കോയ തങ്ങൾ നിലവിൽ വിയ്യൂർ സെൻട്രൽ ജയിയിൽ അതീവസുരക്ഷാ ജയിലിലാണ്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ സുബൈർ കൊല്ലപ്പെട്ടതിന്റെ അടുത്ത ദിവസമാണ് ശ്രീനിവാസൻ വധം. സുബൈർ കൊല്ലപ്പെട്ട ദിവസം ജില്ലാ ആശുപത്രിയിൽ ഉണ്ടായിരുന്നപ്പോൾ അവിടെ വെച്ച് വധഗൂഢാലോചന നടത്തിയെന്നാണ് റൗഫിനെതിരെ ചുമത്തിയ കുറ്റം.

അതിനിടെ ഇന്നലെ മലപ്പുറം ജില്ലയിൽ പോപ്പുലർ ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് മൂന്ന് സ്ഥലങ്ങളിൽ എൻ ഐ എ റെയ്ഡ് നടത്തി. പോപ്പുലർ ഫ്രണ്ടിന്റെ പെരുമ്പടപ്പ് ഡിവിഷൻ സെക്രട്ടറിയായിരുന്ന മുഹമ്മദ് അസ്ലമിന്റെ വീട്ടിലായിരുന്നു പരിശോധന. ഇയാളുടെ വീട്ടിലും തറവാട് വീട്ടിലും ട്രാവൽസിലുമാണ് ഒരേ സമയം റെയ്ഡ് നടന്നത്. ഡിജിറ്റൽ ഉപകരണങ്ങൾ, രേഖകൾ തുടങ്ങിയവ പിടിച്ചെടുത്തെന്ന് എൻ ഐ എ അറിയിച്ചു. എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എൻ ഐ എ പുറത്തുവിട്ടിട്ടില്ല.