നീലേശ്വരം: തെരുഅഞ്ഞൂറ്റമ്പലം വീരര്‍കാവ് വെടിക്കെട്ട് അപകടത്തില്‍ പൊള്ളലേറ്റ 98 പേര്‍ ആസ്പത്രിയില്‍ തുടരുന്നു. തീവ്രപരിചരണ വിഭാഗത്തിലുള്ള 29 പേരില്‍ ഏഴുപേര്‍ വെന്റിലേറ്ററിലാണ്. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലുള്ള സന്ദീപിന്റെ നിലയാണ് ഗുരുതരമായി തുടരുന്നത്. ആളുകള്‍ തിങ്ങിക്കൂടിയ ക്ഷേത്രത്തില്‍ വെടിപൊട്ടിക്കരുതെന്ന് പലരും വിളിച്ചു പറഞ്ഞിട്ടും കേട്ടില്ല. അറസ്റ്റിലായവര്‍ വീണ്ടും വീണ്ടും പടക്കം പൊട്ടിക്കുക ആയിരുന്നു. ഇതോടെയാണ് തീ പിടിത്തം ഉണ്ടായത്.

അതേസമയം അപകടവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പോലീസ് അറസ്റ്റു ചെയ്തു. നീലേശ്വരം കൊട്രച്ചാലിലെ കെ.വി. വിജയനെ (65) ആണ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്ത് അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. പ്രതികള്‍ക്കെതിരേ വധശ്രമത്തിനാണ് കേസ്. സ്ഫോടകവസ്തു നിയമപ്രകാരമുള്ള വകുപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊള്ളലേറ്റ 158 പേരെയാണ് വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചിരുന്നത്. മറ്റുള്ളവര്‍ ആസ്പത്രിവിട്ടു.

അറസ്റ്റിലായ നാലു പേരെയും റിമാന്‍ഡ് ചെയ്തു. ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരന്‍, സെക്രട്ടറി കെ.ടി. ഭരതന്‍, പടക്കം പൊട്ടിച്ച പി. രാജേഷ് എന്നിവരാണ് നേരത്തേ അറസ്റ്റിലായത്. ഇവരെ റിമാന്‍ഡ് ചെയ്തു. ബുധനാഴ്ച അറസ്റ്റിലായ വിജയന്‍ ഈ പട്ടികയിലുണ്ടായിരുന്നില്ല. രാജേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പടക്കം പൊട്ടിക്കാന്‍ വിജയനുമുണ്ടെന്ന് പോലീസിന് വ്യക്തമായത്.

മനുഷ്യജീവന് അപായമുണ്ടാക്കുന്ന രീതിയില്‍ മനപ്പൂര്‍വം വെടിക്കെട്ട് നടത്തിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. വെടിപൊട്ടിക്കരുതെന്ന് പലരും വിളിച്ചു പറഞ്ഞു. എന്നിട്ടും കേട്ടില്ല'- വെടിക്കെട്ടപകടത്തില്‍ അറസ്റ്റിലായവര്‍ക്കെതിരെയുള്ള റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമപരമായ അനുമതിയോ ലൈസന്‍സോ ഇല്ലാതെയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ അശ്രദ്ധമായാണ് വെടിക്കെട്ട് നടത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (രണ്ട്) കോടതിയില്‍ നല്‍കിയ അപേക്ഷ ഒന്നിന് പരിഗണിക്കും. ജില്ലാ ക്രൈംബ്രാഞ്ചിലെ ഫൊറന്‍സിക് വിദഗ്ധന്‍ ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ ശേഖരിച്ച 16 സാമ്പിളുകളും കോടതിയില്‍ ഹാജരാക്കി. നിരോധിത വെടിമരുന്ന് ഉള്‍പ്പെട്ടിട്ടുണ്ടോയെന്നറിയാന്‍ ഈ സാമ്പിളുകള്‍ ലാബ് പരിശോധന നടത്തുമെന്ന് ഡിവൈ.എസ്.പി. പറഞ്ഞു.

അറസ്റ്റിലായവരില്‍ രണ്ടുപേര്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ വിജയന് ഇതേ ക്ഷേത്രത്തില്‍ മുമ്പ് വെടിക്കെട്ടിനിടെ പരിക്കേറ്റ് രണ്ട് വിരലുകള്‍ നഷ്ടമായിരുന്നതായി പോലീസ് പറഞ്ഞു. 14 വര്‍ഷം മുന്‍പാണ് സംഭവം. ഇടതുകൈയിലെ ചെറുവിരലും മോതിരവിരലുമാണ് നഷ്ടമായത്. ഒരു വിരല്‍ സംഭവ സമയത്തുതന്നെ അറ്റു വീണു. രണ്ടാമത്തേത് പഴുപ്പ് ബാധിച്ച് ആസ്പത്രിയില്‍വെച്ചു മുറിച്ചുമാറ്റുകയായിരുന്നു. 2017-ല്‍ നീലേശ്വരത്ത് നടന്ന അടിപിടിക്കേസില്‍ പ്രതിയാണ് നേരത്തെ അറസ്റ്റിലായ രാജേഷ്. തിങ്കളാഴ്ച രാത്രി പടക്കം പൊട്ടിക്കുമ്പോള്‍ രണ്ടുപേരും മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.