- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെർഫോമിങ് ആർട്ടിസ്റ്റുകൾ അടക്കമുള്ള കലാകാരന്മാർ അടയ്ക്കേണ്ടത് വരുമാനത്തിന്റെ 18 ശതമാനം ജി.എസ്.ടി; സിനിമയിൽ സജീവമായിട്ടും നിമിഷ ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കാതിരുന്നത് മനപ്പൂർവ്വമോ? നടി അടയ്ക്കേണ്ടത് 20 ലക്ഷത്തിലധികം രൂപയും അധിക പിഴ തുകയും
കൊച്ചി: കേരളത്തിൽ പതിവായി നികുതി വെട്ടിപ്പുകൾ നടത്തുന്നവരുടെ കൂട്ടത്തിൽ സിനിമാ താരങ്ങളും കലാകാരന്മാരും ഉണ്ടെന്ന കാര്യം മുൻകാലങ്ങളിൽ തന്നെ തെളിഞ്ഞാണ്. ഒരുകാലത്ത് കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടിയാണ് മലയാളം സിനിമാ മേഖലയെ വ്യാപകമായി ഉപയോഗിച്ചതും. മലയാള സിനിമാ ലോകത്തെ വൻതോക്കുകൾ അടക്കം യഥാർഥ വരുമാനത്തിന് അനുസൃതമായി ജി.എസ്.ടി അടക്കാറില്ലെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് ഇപ്പോൾ മറാഠ സിനിമാ ലോകത്തേക്കും ചുവടുവെച്ച പ്രമുഖ മലയാളം നടി നിമിഷ സജയന്റെ നികുതിവെട്ടിപ്പ് വാർത്ത പുറത്തുവന്നത്.
സംസ്ഥാന ജിഎസ്ടി വിഭാഗമാണ് നടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതും 20 ലക്ഷം രൂപയും പിഴയും അടക്കാൻ നിർദ്ദേശിച്ചത്. ഇക്കാര്യം ബിജെപി നേതാവ് സന്ദീപ് വാര്യരാണ് പുറത്തുകൊണ്ടുവന്നത്. ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചെന്നായിരുന്നു സംസ്ഥാന ജിഎസ്ടി ജോയന്റ് കമ്മീഷണർ (ഐബി ) യുടെ അന്വേഷണ റിപ്പോർട്ടിന്റെ രേഖ പുറത്തുവിട്ടുകൊണ്ട് സന്ദീപ് വാര്യർ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഈ സംഭവത്തോട് പ്രതികരിക്കാൻ നടി ഇനിയും തയ്യാറായിട്ടില്ല.
അതേസമയം നികുതി കാര്യങ്ങളിലെ അറിവില്ലായ്മയാണ് നടിയെ വെട്ടിലാക്കിയതെന്ന ആരോപണം നിലനിൽക്കുമ്പോഴും മനപ്പൂർവം നടി വരുമാന വിവരം മറച്ചുവെച്ചു എന്നുള്ള ആരോപണം ശക്തമാണ്. ഇതിന് കാരണമായി പറയുന്നത് അഞ്ച് വർഷമായി നടി മലയാളത്തിൽ തിരക്കുള്ള നടിയായി മാറിയിരുന്നു എന്നതാണ്. 2017ൽ നായികാ വേഷത്തിൽ തിളങ്ങിയ നിമിഷയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിരുന്നില്ല. തിരക്കുള്ള നടിയായിട്ടും ജി എസ് ടി രജിസ്ട്രേഷൻ എടുക്കുന്നതിൽ നടി വീഴ്‌ച്ച വരുത്തുകയായിരുന്നു.
പെർഫോമിങ് ആർട്ടിസ്റ്റുകൾ, മ്യൂസിഷൻസ്, എന്നിവരൊക്കെ ജി എസ് ടിയുടെ പരിധിയിൽ വരുന്നവരായതിനാൽ അവരുടെ വരുമാനത്തിന്റെ 18 ശതമാനം ജി എസ് ടി അടയ്ക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇത് പ്രകാരം രജിസ്‌ട്രേഷൻ നടി എടുത്തിരുന്നില്ല. ഇക്കാര്യം ശ്രദ്ധയിൽ പെട്ടതോടെയാണ് നടിയെ വിളിച്ചു വരുത്തേണ്ടി വന്നത്. ജിഎസ്ടി അടക്കേണ്ട ഘട്ടത്തിലേക്ക് എത്തിയാൽ സമൻസ് അയച്ച് അളുകളെ വിളിച്ചുവരുത്തി ഡോക്യുമെന്റ്സ് ശേഖരിക്കുകയും പണം അടക്കാൻ ആവശ്യപ്പെടുകയും ചെയ്യുകയാണ് ജിഎസ്ടി വകുപ്പ് ചെയ്യുന്നത്. നിമിഷയുടെ കാര്യത്തിൽ സംഭവിച്ചതും ഇതു തന്നെയാണ്.
ഇത് പ്രകാരം ഏകദേശം 20 ലക്ഷത്തിലധികം രൂപയും ടാക്സും അതിന്റെ പെനാലിറ്റിയും ഇൻട്രസ്റ്റും നിമിഷ അടയ്‌ക്കേണ്ടി വരും. നിമിഷ സജയൻ നേരത്തെ ജിഎസ്ടി എടുത്തിട്ടുണ്ടായിരുന്നില്ലെന്നും പിന്നീട് നികുതി വന്നപ്പോൾ അവർ നോട്ടിസ് അയക്കുകയായിരുവെന്നും അമ്മ ആനന്ദവല്ലി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പിന്നീട് ജിഎസ്ടി എടുത്തു. 2020-21 സമയത്താണ് എടുത്തത്. അതിനുശേഷമുള്ളതെല്ലാം നികുതി അടവെല്ലാം കൃത്യമാണെന്നും നിമിഷയുടെ അമ്മ ആനന്ദവല്ലി അവകാശപ്പെട്ടത്.
അതസമമയം സമമൻസ് അയച്ച് അളുകളെ വിളിച്ചുവരുത്തി നിമിഷയുമായി ബന്ധപ്പെട്ട ഡോക്യുമെന്റ്സ് ശേഖരിച്ചിരുന്നു എന്നാണ് ജിഎസ്ടി ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നത്. ബാങ്ക് അക്കൗണ്ടുകൾ വേരിഫൈ ചെയ്തശേഷമാണ് ഇങ്ങനെയൊരു കാര്യം ബോധ്യപ്പെട്ടത്. ഏകദേശം 20 ലക്ഷത്തിലധികം രൂപയും നികുതിയും പിഴയും നടി അടക്കേണ്ടി വരും. അതേസമയം ഇതുവരെ നടി പണം അടച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
സിനിമ രംഗത്തെ പ്രമുഖർ അടക്കം നികുതി അടയ്ക്കുന്നതിൽ വീഴ്‌ച്ച വരുത്തുന്നുണ്ടെന്ന ആക്ഷേപം ശക്തമാണ്. ചിലരെ നോട്ടീസ് അയച്ചു വിളിച്ചു വരുത്തി ജിഎസ്ടി അടച്ച് വിഷയം തീർക്കുകയാണ് ചെയ്തിരുന്നത്. പിഴ അടച്ചതിനാൽ ഇതേക്കുറിച്ച് വാർത്തകൾ പുറത്തുവന്നിരുന്നില്ലെന്ന് മാത്രം. നിമിഷയെ പോലൊരു താരം നികുതി അടക്കുന്നതിൽ വീഴ്‌ച്ച വരുത്തിയത് മനപ്പൂർവ്വമാണെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ