തൃശ്ശൂർ: ചന്ദ്രബോസ് വധക്കേസിൽ തടവുശിക്ഷയനുഭവിക്ഷയനുഭവിക്കുന്ന വ്യവസായി മുഹമ്മദ് നിസാം ജയിലിനുള്ളിൽ കിടന്നും ബിസിനസ്സ് വളർത്തിയോ? കള്ളപ്പണ ഇടപാടുകളും സംശയ നിഴലിലാണ്. ഈ സാഹചര്യത്തിലാണ് നിസാമിന്റെ തൃശ്ശൂരിലെ വീടുകളിൽ ആദായനികുതി വകുപ്പിന്റെ പരിശോധന നടന്നത്. പുഴയ്ക്കലിലുള്ള ഫ്‌ളാറ്റിലും കാളത്തോട്ടിലുള്ള ഭാര്യയുടെ വീട്ടിലുമാണ് പരിശോധന. ചൊവ്വാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച പരിശോധന മണിക്കൂറുകൾ നീണ്ടു.

കണക്കിൽക്കവിഞ്ഞ സ്വത്തും പണവും ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പ് റെയ്ഡ്. ഇതുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പിന് പരാതി കിട്ടിയിരുന്നു. ബിനാമി ഇടപാടുണ്ടെന്നുകാണിച്ച് ഈയിടെ ബിസിനസ് പങ്കാളികളുടെ പരാതിയും പൊലീസിൽ എത്തിയിരുന്നു. ഈ പരാതി പിൻപറ്റിയാണ് ആദായനികുതി വകുപ്പിലും പരാതിയെത്തിയതെന്നണ് വിവരം. റെയ്ഡിൽ നിർണ്ണായക തെളിവുകൾ കിട്ടിയെന്നാണ് സൂചന. ആദായ നികുതി വകുപ്പിന്റെ പരിശോധനകൾക്ക് ശേഷം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും വിഷയത്തിൽ ഇടപെടാൻ സാധ്യത ഏറെയാണ്.

മുഹമ്മദ് നിസാം പ്രതിയായ ചന്ദ്രബോസ് വധക്കേസ് ഭയാനകമായ അപകട കേസാണെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. നിസാമിന്റെത് വെറും വാഹനാപകട കേസ് മാത്രമാണെന്നും എന്തിനാണ് കൊലക്കുറ്റം ചുമത്തിയതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് എ.എസ് ബൊപ്പണ്ണയുടെ സുപ്രധാന നിരീക്ഷണം. ഇതോടെ പുറത്തു വരാനുള്ള നിസാമിന്റെ ശ്രമത്തിന് തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പും എത്തുന്നത്.

അതേസമയം, നിഷാമിന് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് കേരളം നൽകിയ അപ്പീൽ അന്തിമ വാദം കേൾക്കുന്നതിനായി സുപ്രീം കോടതി മാറ്റിവെച്ചിരിക്കുകയാണ്. ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, എം.എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത് ഒരു മാസത്തേക്ക് മാറ്റിയത്. നിസാം നൽകിയ ജാമ്യാപേക്ഷയും അന്തിമ വാദം കേൾക്കുന്ന സമയത്ത് പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബിസിനസ് വളർച്ചയ്ക്ക് വേണ്ടിയാണ് നിസാം ജാമ്യത്തിന് ശ്രമിക്കുന്നത്.

ഒമ്പത് വർഷമായി ജയിലിൽ കഴിയുന്ന നിഷാമിന് ഒരു മാസം മാത്രമാണ് പരോൾ ലഭിച്ചതെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും മുകുൾ റോത്തഗി സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു. 2015 ജനുവരി 29 പുലർച്ചെ 3.15ന് ആണ് കേസിന് ആസ്പദമായ സംഭവം. ശോഭാ സിറ്റിയിലേക്കെത്തിയ മുഹമ്മദ് നിസാമിന്റെ ഹമ്മർ കാറിന് കടന്നു പോകാൻ ഗേറ്റ് തുറക്കാൻ വൈകിയ സെക്യൂരിറ്റി ജീവനക്കാരൻ കണ്ടശാംകടവ് കാരമുക്ക് കാട്ടുങ്ങൽ ചന്ദ്രബോസിന് നിസാമിന്റെ ക്രൂരമർദനമേൽക്കുകയായിരുന്നു.

ജീവന് വേണ്ടി ശോഭാ സിറ്റിക്കുള്ളിലെ ജലധാരയിലേക്ക് ഓടിക്കയറിയ ചന്ദ്രബോസിനെ ഹമ്മറിൽ പിന്തുടർന്ന നിസാം കാറിടിച്ചു വീഴ്‌ത്തി. ഗുരുതരമായി പരിക്കേറ്റ ചന്ദ്രബോസ് ചികിത്സയിലിരിക്കെ മരിച്ചു.