- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മുൻ മലയൻകീഴ് പൊലീസ് ഇൻസ്പെക്ടർ സൈജുവിനെതിരേ നടപടിയില്ല
തിരുവനന്തപുരം: രണ്ടു ലൈംഗിക പീഡന കേസുകൾ, പോക്സോ കേസ് അന്വേഷണത്തിൽ ഗുരുതര വീഴ്ച. അതിൽ നിന്നൊക്കെ രക്ഷപ്പെടാൻ കോടതിയെ കബളിപ്പിക്കാൻ വ്യാജരേഖ ചമച്ചതിന് വേറെ കേസ്. ഇത്രയൊക്കെയായിട്ടും മുൻ മലയിൻകീഴ് പൊലീസ് ഇൻസ്പെക്ടർ എ.വി. സൈജുവിനെതിരേ നടപടി വൈകുന്നു. ഒരു എഡിജിപിയുടെ വലംകൈയായിട്ടാണ് സൈജു അറിയപ്പെടുന്നത്. ഈ ഉദ്യോഗസ്ഥൻ ഇടപെട്ടാണ് സൈജുവിനെ സംരക്ഷിക്കുന്നത് എന്ന ആക്ഷേപം സേനയ്ക്കുള്ളിൽ ശക്തമായി. ഇത്രയും ഗുരുതരമായ ട്രാക്ക് റെക്കോഡുള്ള ഈ ഉദ്യോഗസ്ഥനെ എന്നേ സർവീസിൽ നിന്ന് പിരിച്ചു വിടേണ്ടിയിരുന്നുവെന്നാണ് മുൻകാല നടപടികൾ ആധാരമാക്കി സേനയിലുള്ളവർ പറയുന്നത്. സമാനമായ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥരെ സേനയിൽ നിന്ന് പിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. അപ്പോഴാണ് പുതിയ കീഴ്വഴക്കം സൃഷ്ടിച്ച് സൈജു സേനയിൽ തുടരുന്നത്.
ഇടത് അനുകൂല പൊലീസ് സംഘടനാ നേതാവായിരുന്നു സൈജു. മലയൻകീഴ് ഇൻസ്പെക്ടർ ആയിരിക്കുമ്പോഴാണ് പരാതിയുമായി എത്തിയ വനിതാ ഡോക്ടറുമായി അടുപ്പത്തിലായത്. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്ന ദന്തഡോക്ടറെ ബലാൽക്കാരമായി പീഡിപ്പിച്ച കേസിൽ ആദ്യം പ്രതിയായി. ഈ കേസിൽ സൈജുവിന് ഒളിയിടമൊരുക്കി നൽകിയ സുഹൃത്തിന്റെ ഭാര്യയെ ബലാൽസംഗം ചെയ്ത കേസും വന്നതോടെയാണ് പൊലീസ് സൈജുവിനെ തിരക്കിയിറങ്ങിയത്.എന്നാൽ അന്വേഷണം മുന്നോട്ട് പോയില്ല.
പീഡന കേസിൽ മുൻകൂർ ജാമ്യം നേടാനായി വ്യാജരേഖ ചമച്ച് ഹൈക്കോടതിയെ കബളിപ്പിച്ചെന്ന് കണ്ടെത്തിയതോടെ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ഇയാൾക്കും വ്യാജരേഖ ചമയ്ക്കാൻ സഹായം ചെയ്ത മലയിൻകീഴ് സ്റ്റേഷനിലെ റൈറ്റർ പ്രദീപിനെതിരെയും കേസെടുത്തിരുന്നു. ഈ കേസിൽ മുൻകൂർ ജാമ്യം തേടി സൈജു ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. ഇതിനിടയിൽ ഇയാളെ പ്രോസിക്യൂട്ട് ചെയ്യാൻ ക്രൈംബ്രാഞ്ച് സർക്കാരിന്റെ അനുമതി തേടിയെങ്കിലും ഫലമുണ്ടായില്ല. ഡിജിപി പലവട്ടം നിർദ്ദേശിച്ചിട്ടും സൈജുവിനെ അറസ്റ്റ് ചെയ്യാനായില്ല. ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പക്ഷേ, സൈജു നാട്ടിലും സുഹൃത്തുക്കളുടെ വീടുകളിലുമെത്താറുണ്ടെന്നാണ് വിവരം. അതേ സമയം രണ്ടാം പീഡന കേസിലെ ഇരയെ സ്വാധീനിച്ച് കേസ് ഒതുക്കിത്തീർക്കാൻ നീക്കം നടക്കുന്നുവെന്നും പറയുന്നു.
സർക്കാരിലും പാർട്ടിയിലും പിടിപാടുള്ള സൈജുവിനെ സസ്പെൻഡ് ചെയ്തത് രണ്ട് പീഡനക്കേസുകളിൽ പ്രതിയപ്പോഴാണ്. രണ്ടാം പീഡനക്കേസിലെ പരാതിക്കാരിക്കും ഭർത്താവിനുമെതിരെ കള്ളക്കേസ് എടുപ്പിച്ച് സൈജു ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും പീഡിപ്പിച്ച ഡോക്ടറിൽ നിന്ന് പണം തട്ടിയതായും ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മലയിൻകീഴിലെ കേസിൽ മുൻകൂർ ജാമ്യം നേടാൻ വ്യാജരേഖകളുണ്ടാക്കി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചതും പുറത്തായി. ഇതിന് സൈജുവിനെ സഹായിച്ച റൈറ്ററെയും സസ്പെൻഡ് ചെയ്തിരുന്നു
പീഡന പരാതി ഉന്നയിച്ച യുവതിക്കും ഭർത്താവിനുമെതിരേ സൈജു കള്ളക്കേസ് എടുത്തതായി ആരോപണം ഉയർന്നു. പരാതിക്കാരിയുടെ ഭർത്താവിനെതിരേ പീഡന കേസ് ചമച്ച് അറസ്റ്റിന് സൈജു നീക്കം നടത്തി. ഈ കേസ് പിടിവള്ളിയാക്കി തനിക്കെതിരായ പീഡനക്കേസ് സൈജു ഒത്തു തീർപ്പാക്കാനാണ് ശ്രമിക്കുന്നത് എന്നാണ് വിവരം. അതിനിടെ സൈജുവിന്റെ ഭാര്യയുടെ പരാതിയിൽ വനിതാ ഡോക്ടർക്കെതിരെ, ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന് കേസെടുക്കാനും നീക്കം നടത്തിയിരുന്നു.
ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റിന്റെ അന്വേഷണത്തിൽ വനിതാ ഡോക്ടറുടെ പീഡനപരാതി ശരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സൈജുവിനെതിരെ കുറ്റപത്രം നല്കിയത്. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്ന ജോക്ടറെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ച കേസിൽ സൈജുവിനെതിരേ മലയൻകീഴ് പൊലീസ് വീണ്ടും കേസെടുത്തിട്ടുണ്ട്. പീഡനക്കേസ് കൊടുത്തതിലെ വൈരാഗ്യത്തിൽ ഇയാളും സുഹൃത്തും ചേർന്ന് ഡോക്ടറുടെ പേര് പൊതു ഇടങ്ങളിൽ വെളിപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിലാണ് മലയിൻകീഴ് പൊലീസാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പോക്സോ കേസിലെ പ്രതി കൺമുന്നിലുണ്ടായിട്ടും നടപടികൾ വൈകിപ്പിച്ച് സൈജു
പോക്സോ കേസിലെ പ്രതി കൺമുന്നിലുണ്ടായിട്ടും നടപടികൾ വൈകിപ്പിച്ച പൊലീസ് ഇതേ പ്രതിയുടെ പരാതിയിൽ ഇരയായ കുഞ്ഞിന്റെ അമ്മയെ അറസ്റ്റ് ചെയ്തിരുന്നു. 45 ദിവസം ആണ് ഈ അമ്മ ജയിലിൽ കിടന്നത്. ആറ് വയസുള്ള മകളെ പീഡിപ്പിച്ച രണ്ടാനച്ഛനെ ഭാര്യ വെട്ടിപ്പരുക്കേൽപിച്ചു. ഈ കേസിലായിരുന്നു അമ്മയെ അറസ്റ്റ് ചെയ്തത്. മാട്രിമോണിയൽ പരസ്യത്തിലൂടെ പരിചയപ്പെട്ടാണ് ആറ് വയസുകാരി മകൾക്കൊപ്പം മുംബൈ മലയാളി യുവതി തിരുവനന്തപുരത്ത് എത്തുന്നത്. 2021 ജൂലൈ 15ന് ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ജൂലൈ 17ന് രാത്രി വീട്ടിൽ തന്റെ മകളെ ഭർത്താവ് പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവം നടന്ന ശേഷം മൊബൈൽ അടക്കം പിടിച്ചുവാങ്ങി ഒന്നരമാസം വീട്ടുതടങ്കലിൽ ഇട്ടെന്നുമായിരുന്നു പരാതി. ഇവർക്ക് നേരെ രണ്ട് തവണ വധശ്രമമുണ്ടായെന്നും പരാതിപ്പെടുന്നു.
മകൾ നേരിട്ട പീഡനത്തിൽ പരാതി നൽകാതെ പിന്മാറില്ലെന്ന ഉറച്ച നിലപാട് യുവതി എടുത്തതോടെ പ്രശ്നം വഷളായി. സ്വർണ്ണാഭരണങ്ങൾ കവർന്നെന്നും തന്റെ 16 വയസുള്ള മകനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നും കാട്ടി രണ്ടാം ഭർത്താവും ഓഗസ്റ്റ് അവസാനം യുവതിക്കെതിരെ പരാതി നൽകി. ഇത് അന്വേഷിക്കാൻ മലയിൻകീഴ് പൊലീസ് എത്തിയതോടെയാണ് മകൾ നേരിട്ട പീഡനം യുവതി അറിയിക്കുന്നത്. അന്ന് അമ്മയെയും മകളെയും അവിടെ തന്നെ നിർത്തി പൊലീസ് മടങ്ങി.
പിറ്റേന്ന് രണ്ടും കൽപിച്ച് യുവതി മകളുമായി പൊലീസ് സ്റ്റേഷനിൽ എത്തി. ആറ് വയസുകാരി മജിസ്ട്രേറ്റിന് മൊഴി നൽകി. മെഡിക്കൽ പരിശോധനയും പൂർത്തിയാക്കി. മെഡിക്കൽ റിപ്പോർട്ടിൽ ആറ് വയസുകാരി ലൈംഗിക ചൂഷണത്തിന് ഇരയായതായി കണ്ടെത്തിയെങ്കിലും അന്നേ ദിവസം രാത്രി പൊലീസ് ഇരുവരെയും എത്തിച്ചത് പ്രതി താമസിക്കുന്ന വീട്ടിലായിരുന്നു. കൺമുന്നിൽ പോക്സോ കേസ് പ്രതിയുണ്ടായിട്ടും പൊലീസ് തൊട്ടില്ല.
പൊലീസ് വീട്ടിലെത്തിച്ച അതേ ദിവസമാണ് തർക്കമുണ്ടാകുന്നതും ഭർത്താവിന് പരുക്കേൽക്കുന്നതും. ഇയാൾ സ്വയം മുറിവേൽപ്പിച്ച ശേഷം മിലിട്ടറി ആശുപത്രിയിൽ ചികിത്സ തേടി തന്നെ വധശ്രമക്കേസ് പ്രതിയാക്കിയെന്നാണ് യുവതിയുടെ ആരോപണം. ആറു വയസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ് വൈകിപ്പിച്ച മലയൻകീഴ് പൊലീസ് പോക്സോ കേസ് പ്രതിക്ക് പരുക്കേറ്റ കേസിൽ യുവതിയെ ഉടൻ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പോക്സോ കേസിൽ രണ്ടാനച്ഛൻ രണ്ടാഴ്ചകൊണ്ട് തന്നെ പുറത്തിറങ്ങി. എന്നാൽ വധശ്രമ കേസിൽ 45 ദിവസം ജയിൽവാസം നേരിടേണ്ടി വന്ന ദുരവസ്ഥയിലേക്ക് മുംബൈ യുവതിയെ എറിഞ്ഞു കൊടുത്ത പൊലീസ് വീഴ്ചയാണ് കുറ്റകരം. മാനസിക സംഘർഷം അനുഭവിക്കുന്നതിനിടെ ആറുവയസുകാരിയും ഈ ഒന്നരമാസം അമ്മയിൽ നിന്നും അകറ്റപ്പെട്ടു.