- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടത്തിലാണോ അടിപിടിയിലാണോ പരിക്കേറ്റതെന്ന ചോദ്യം പ്രകോപിപ്പിച്ചു; ഡോക്ടറെ കയ്യേറ്റം ചെയ്തു; ആശുപത്രി ജീവനക്കാർക്കും പൊലീസിനും നേരെ അസഭ്യവർഷം; ആശുപത്രിയിൽ അതിക്രമം നടത്തിയ സൈനികനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; പ്രതി ഒളിവിലെന്ന് പൊലീസ്
തിരുവനന്തപുരം: മദ്യലഹരിയിൽ തിരുവനന്തപുരം കല്ലറയിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ കയ്യേറ്റം ചെയ്യുകയും വനിതാ ജീവനക്കാർക്കും പൊലീസുകാർക്കും നേരെ അസഭ്യവർഷം നടത്തുകയും ചെയ്ത സംഭവത്തിൽ സൈനികനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. ഭരതന്നൂർ സ്വദേശി വൈശാഖ് എന്ന വിമൽ വേണുവിനെതിരെയാണ് പാങ്ങോട് പൊലീസ് കേസെടുത്തത്.
ആശുപത്രിയിൽ അതിക്രമം നടത്താൻ ശ്രമിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരെ അസഭ്യം പറഞ്ഞതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതിനെ തുടർന്നാണ് കേസെടുത്തത്. പ്രതി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെയാണ് സംഭവമുണ്ടായത്. കാലിന് മുറിവ് പറ്റി പാങ്ങോടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതായിരുന്നു വൈശാഖ് എന്ന വിമൽ വേണു. കാലിലെ മുറിവ് അപകടത്തിലുണ്ടായതാണോ അടിപിടിക്കിടെ സംഭവിച്ചതാണോ എന്ന ആശുപത്രി അധികൃതരുടെ ചോദ്യത്തെ തുടർന്ന് വൈശാഖ് പ്രകോപിതനാകുകയായിരുന്നു.
ആശുപത്രി ഉപകരണങ്ങൾ തല്ലിത്തകർക്കാൻ ശ്രമിച്ചു. ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ചാണ് പൊലീസ് എത്തിയത്. വിവരം അന്വേഷിച്ച പൊലീസിനെയും വൈശാഖ് അസഭ്യം പറഞ്ഞു.
കാലിന് പരിക്കേറ്റത് അപകടം മൂലമാണോ, അടിപിടിയിലാണോ എന്നു ചോദിച്ചതോടെ പ്രകോപിതനായ വൈശാഖ് ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും അസഭ്യം പറഞ്ഞു.
പിന്നീട് ആശുപത്രിയിൽനിന്നു പോയ ഇയാളെ മദ്യപിച്ചു വാഹനമോടിച്ചതിനു പിടികൂടിയെങ്കിലും വിട്ടയച്ചു. ചീത്തവിളിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു. പ്രതി ഒളിവിലാണെന്നും തിരച്ചിൽ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
സൈനികനെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. പൊലീസ് സുമോട്ടോ പ്രകാരവും ഡോക്ടറുടെ പരാതിയിൽ
THE KERALA HEALTHCARE SERVICE PERSONS AND HEALTHCARE SERVICE INSTITUTIONS (PREVENTION OF VIOLENCE AND DAMAGE TO PROPERTY) ACT, 2012 പ്രകാരവും കേസെടുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
മറുനാടന് മലയാളി ബ്യൂറോ