പട്‌ന: ബിഹാറിലെ സ്വകാര്യ ആശുപത്രിയില്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഡോക്ടറുടെ ജനനേന്ദ്രിയം മുറിച്ച് നഴ്‌സ്. ആശുപത്രിയിലെ ഡോക്ടര്‍ അടക്കമുള്ള സംഘമാണ് കൂട്ടബലാത്സംഗത്തിനു ശ്രമിച്ചത്. ബലാത്സംഗ ശ്രമത്തില്‍നിന്നു രക്ഷപ്പെട്ട നഴ്‌സ്, ഡോക്ടറുടെ ലൈംഗികാവയവം സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചു ഛേദിക്കുകയായിരുന്നു. സമസ്തിപുര്‍ ജില്ലയിലെ മുസ്റിഘാരരാരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗംഗാപുരിലുള്ള ആര്‍ബിഎസ് ഹെല്‍ത്ത് കെയര്‍ സെന്ററിലാണു സംഭവം.

ജോലി പൂര്‍ത്തിയാക്കി ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ്, ആശുപത്രി നടത്തിപ്പുകാരന്‍കൂടിയായ ഡോക്ടര്‍ സഞ്ജയ് കുമാറും മറ്റു രണ്ടു പേരുംകൂടി മദ്യപിച്ചെത്തിയത്. സ്ഥലത്തെത്തിയ ഇവര്‍ നഴ്‌സിനെ കയറിപ്പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇവരില്‍നിന്നു കുതറിയോടിയ നഴ്‌സ് ബ്ലേഡ് ഉപയോഗിച്ച് ഡോക്ടറുടെ ലൈംഗികാവയവം ഛേദിച്ചുകളയുകയായിരുന്നു. ആശുപത്രിക്കു പുറത്ത് ഒളിച്ചിരുന്ന ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു.

യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതോടെ സര്‍ജിക്കല്‍ ബ്ലെയ്ഡ് കയ്യിലെടുക്കുകയും ഡോക്ടറുടെ ജനനേന്ദ്രിയം മുറിക്കുകയുമായിരുന്നു. പിന്നാലെ യുവതി ആശുപത്രിയില്‍ നിന്നും പുറത്തേക്കോടി. ഇതിനിടെ പൊലീസിന്റെ എമര്‍ജന്‍സി നമ്പറിലേക്കും യുവതി വിളിച്ച് വിവരമറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പൊലീസ്, ഡോക്ടറെയും മറ്റു രണ്ടു പേരെയും അറസ്റ്റ് ചെയ്തു. സുനില്‍ കുമാര്‍ ഗുപ്ത, അവധേഷ് കുമാര്‍ എന്നിവരാണു മറ്റു രണ്ടു പേര്‍. നഴ്‌സിനെ ആക്രമിക്കുന്നതിനു മുന്‍പ് പ്രതികള്‍ ആശുപത്രി പൂട്ടിയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സിസിടിവി ക്യാമറകളും ഓഫാക്കി വച്ചിരുന്നു. സ്ഥലത്തുനിന്ന് മദ്യക്കുപ്പി, നഴ്‌സ് ഉപയോഗിച്ച ബ്ലേഡ്, രക്തംപുരണ്ട വസ്ത്രങ്ങള്‍, മൂന്ന് സെല്‍ഫോണുകള്‍ തുടങ്ങിയവയും കണ്ടെടുത്തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. മദ്യനിരോധനം നടപ്പാക്കിയ സംസ്ഥാനമാണ് ബിഹാര്‍. അതുകൊണ്ട് മദ്യപിച്ചെന്ന കുറ്റവും മൂന്നു പേര്‍ക്കെതിരെ ചുമത്തുമെന്നും പൊലീസ് അറിയിച്ചു.