ബംഗളുരു: കർണാടകയിലെ ആശുപത്രിയിൽ അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച കണ്ടെത്തി.ഒരു ഏഴ് വയസുകാരനാണ് ദുരനുഭവം ഉണ്ടായിരിക്കുന്നത്. ആശുപത്രിയിൽ ചികിത്സ തേടി എത്തിയ ഏഴ് വയസുകാരന്റെ മുറിവിൽ തുന്നലിടുന്നതിന് പകരം 'ഫെവി ക്വിക്ക്' പശ കൊണ്ട് ഒട്ടിച്ചെന്ന പരാതിയിൽ നഴ്സിനെതിരെ കടുത്ത നടപടി.

കർണാടക സർക്കാർ സസ്പെന്റ് ചെയ്തു. സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നേരത്തെ നഴ്സിനെ സ്ഥലം മാറ്റിയ നടപടി വിവാദമായിരുന്നു.

സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ കമ്മീഷണറുടെ റിപ്പോർട്ട് പ്രകാരം, മെഡിക്കൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവാദമില്ലാത്ത പശയായ 'ഫെവിക്വിക്ക്' ദ്രാവകം കുട്ടിയുടെ ചികിത്സയ്ക്ക് ഉപയോഗിച്ചതിനാണ് നടപടിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹാവേരി ജില്ലയിലെ ഹനഗൽ താലൂക്കിലുള്ള ആടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജനുവരി 14നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ആദ്യം തന്നെ പ്രാഥമിക അന്വേഷണം നടത്തി നഴ്സിന്റെ ഭാഗത്തു നിന്ന് വീഴ്ച നടന്നതായി കണ്ടെത്തിയിരുന്നു.

കവിളിൽ ഏറ്റ ആഴത്തിലുള്ള മുറിവുമായാണ് ഏഴ് വയസുകാരൻ ഗുരുകിഷൻ അന്നപ്പ ഹൊസമണിയെ മാതാപിതാക്കൾ ഹെൽത്ത് സെന്ററിൽ കൊണ്ടുവന്നത്. പക്ഷെ മുറിവിൽ തുന്നലിട്ടാൽ മുഖത്ത് മാറാത്ത പാടുണ്ടാവുമെന്ന് പറഞ്ഞ് നഴ്സ് ഫെവി ക്വിക്ക് ഉപയോഗിച്ച് ഒട്ടിച്ചു. ആശങ്ക അറിയിച്ച മാതാപിതാക്കളോട് താൻ വ‍ർഷങ്ങളായി ഇത് ചെയ്യുന്നതാണെന്നും നഴ്സ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കൾ ഇത് മൊബൈൽ ഫോണിൽ പകർത്തിയതാണ് നടപടിക്ക് വഴിവെച്ചത്. പിന്നീട് ഈ വീഡിയോ സഹിതം ഇവർ ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തു.

സസ്പെൻഷന് പകരം നഴ്സിനെ അതേ ജില്ലയിലെ മറ്റൊരു ആശുപത്രിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് ഫെബ്രുവരി 3ന് ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇത് കൂടുതൽ വിമർശനങ്ങൾക്ക് വഴിവെച്ചു. കുട്ടിക്ക് പിന്നീട് ചികിത്സ ലഭ്യമാക്കി. ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. എന്തെങ്കിലും പാർശ്വഫലങ്ങളുണ്ടാവുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ നിർദേശം നൽകിയതായും അധികൃതർ വ്യക്തമാക്കി.