കരുനാഗപ്പള്ളി: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ (51) മരണം ആത്മഹത്യയെന്ന് സ്ഥിരീകരണം. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ്ബിജുകുമാർ ആത്മഹത്യ ചെയ്താണെന്ന് വ്യക്തമായത്. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ രാസപരിശോധനാ ഫലം പുറത്തുവരണം.

ബിജുകുമാറിനെ ബുധനാഴ്ച വൈകീട്ടാണ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അപ്പോൾതന്നെ പൊലീസെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചശേഷം മുറിപൂട്ടി സീൽ ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെയാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. എന്ത് വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തതെന്ന് വ്യക്തമായിട്ടില്ല. രാസപരിശോധനാഫലം ലഭിച്ചാൽ മാത്രമേ ഇക്കാര്യം വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു.

ബിജുകുമാർ താമസിച്ചിരുന്ന മുറിയിൽനിന്ന് ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ ഇൻസുലിൻ ലഭിച്ചിരുന്നു. അമിത അളവിൽ ഇൻസുലിൻ കുത്തിവച്ചാണോ മരിച്ചതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ബിജുകുമാർ ലോഡ്ജിൽ മുറിയെടുത്തത്. തിങ്കളാഴ്ച തിരുവനന്തപുരം സ്റ്റാച്യു പുളിമൂട് ഭാഗത്തുവച്ചാണ് ബിജുകുമാറിനെ കാണാതായത്. ഭാര്യ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ബിജുകുമാറിന്റെ വിയോഗം സഹപ്രവർത്തകർക്കും ആഘാതമായി. മെഡിക്കൽ കോളേജിലെത്തുന്ന നാട്ടുകാർക്കും പരിചയക്കാർക്കും എപ്പോഴും സഹായത്തിനായി ആശ്രയിക്കാവുന്നയാളായിരുന്നു ബിജു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മുതലാണ് ബിജുവിനെ കാണാതായത്. ഭാര്യ ശാലിനിക്കൊപ്പമാണ് ഡ്യൂട്ടിക്ക് പോയത്. താമസിച്ചതിനാൽ ഉച്ചയ്ക്കുശേഷം ഡ്യൂട്ടിയിൽ കയറാമെന്ന് പറഞ്ഞ് ഇരുവരും പുളിമൂട്ടിലെ ഷോപ്പിങ് മാളിലേക്ക് കയറാൻ തീരുമാനിച്ചു. സ്‌കൂട്ടർ പാർക്കു ചെയ്തിട്ടു വരാമെന്നു പറഞ്ഞുപോയ ബിജുവിനെ ഏറെ നേരം കാത്തുനിന്നിട്ടും ശാലിനിക്ക് കാണാനായില്ല.

ബിജുവിന്റെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ അത് ശാലിനിയുടെ ബാഗിലായിരുന്നു. പത്തുവർഷമായി മെഡിക്കൽ കോളേജ് അത്യാഹിതവിഭാഗത്തിൽ ജോലിചെയ്യുന്ന ബിജുവിനെക്കുറിച്ച് പറയുമ്പോൾ സഹപ്രവർത്തകരും കണ്ണീർ വാർക്കുന്നു.ജോലിസ്ഥലത്തെ മാനസ്സിക സമ്മർദമാണ് മരണത്തിനിടയാക്കിയതെന്നാണ് പൊലീസ് നൽകുന്ന സൂചന. സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്ന ഇവർക്ക് മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്ന് സമീപവാസികളും പറയുന്നു.

വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ മൃതദേഹം കുണ്ടമൺഭാഗത്തെ വീട്ടിലെത്തിച്ചു.വലിയ ജനക്കൂട്ടം വീട്ടിൽ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. ഫിസിയോ തെറാപ്പിയിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന മകൻ രാഹുലിന്റെ ജന്മദിനമായിരുന്നു വ്യാഴാഴ്ച. അതേദിവസം അച്ഛന്റെ അന്ത്യകർമങ്ങൾ ചെയ്യാനായിരുന്നു വിധി. മകൾ നന്ദന എൻജിനിയറിങ് വിദ്യാർത്ഥിയാണ്. കൊട്ടാരക്കര കടവിളാകത്തു പുത്തൻവീട്ടിൽ വാസുപിള്ളയുടെയും ചെല്ലമ്മയുടേയും മകനാണ് ബിജുകുമാർ.