- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാറ്റൂർ ഓപ്പറേഷന് പിന്നാലെ ഓംപ്രകാശ് ചെന്നൈയ്ക്ക് പറന്നു; ആത്മമിത്രം നേരിട്ട് ഇറങ്ങി വാർത്ത താരമായപ്പോൾ പുത്തൻപാലം രാജേഷും മെഡിക്കൽ കോളേജിൽ കത്തിയുമായി എത്തി; പിന്നിൽ നിന്ന് എല്ലാം നിയന്ത്രിച്ചവർ മുന്നിലേക്ക് എത്തുന്നു; ലക്ഷ്യം വിഴിഞ്ഞത്തെ റിയൽ എസ്റ്റേറ്റ് താൽപ്പര്യമോ? പോൾ മുത്തൂറ്റിലെ കൂട്ടുകാർ വീണ്ടും വിറപ്പിക്കാൻ എത്തുമ്പോൾ
തിരുവനന്തപുരം: ഓംപ്രകാശിന് പിന്നാലെ പുത്തൻപാലം രാജേഷും. വിവിധ കേസുകളിൽ പ്രതിയായിരുന്ന പുത്തൻപാലം രാജേഷിന്റെ നേതൃത്വത്തിൽ ആംബുലൻസ് ജീവനക്കാർക്ക് നേരേ ആയുധം കാട്ടി ഭീഷണി ഉണ്ടാകുമ്പോൾ പൊലീസും കരുതലുകളിലേക്ക് കടക്കുന്നു. മഡിക്കൽ കോളേജ് ഭാഗത്താണ് സംഭവം. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലെത്തിയത്. അങ്ങനെ കുറച്ചുകാലമായി ആരും കാണാത്ത പുത്തൻപാലം രാജേഷ് വീണ്ടും ചർച്ചകളിൽ എത്തി. ആത്മമിത്രങ്ങളാണ് ഓംപ്രകാശും പുത്തൻപാലം രാജേഷും.
പോൾ മുത്തൂറ്റ് വധവുമായി ബന്ധപ്പെട്ടാണ് ഓംപ്രകാശും പുത്തൻപാലം രാജേഷും അവസാനമായി പൊലീസ് വലയിലാവുന്നത്. സംഭവത്തിലെ പ്രതികളല്ലെങ്കിലും ഇവർക്കെതിരേയുള്ള കേസുകളെല്ലാം പൊലീസ് പൊടിതട്ടിയെടുക്കുകയും ജയിലിലാക്കുകയും ചെയ്തു. ജയിലിൽ നിന്നും പുറത്തിറങ്ങിയ ഇരുവരും നല്ല നടപ്പുകാരായി അഭിനയിച്ചു. എന്നാൽ നഗരത്തിലെ മണ്ണ്, മണൽ, ക്വാറി, പണമിടപാടുകളുടെ ഒത്തുതീർപ്പ്, ഇങ്ങനെ പലതിലും ഇവരുടെ സാന്നിധ്യമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുകളുണ്ടായിരുന്നു. മറ്റ് നഗരങ്ങളിലും സമീപ സംസ്ഥാനങ്ങളിലുമിരുന്നാണ് തലസ്ഥാന നഗരത്തിലെ ഇടപാടുകൾ നിയന്ത്രിച്ചിരുന്നത്.
തിരുവനന്തപുരത്ത് പഴയകാല ഗുണ്ടാനേതാക്കൾ കച്ചവടങ്ങളിലേക്കു വഴിമാറിയതോടെ നഗരത്തിൽ കാര്യമായ അക്രമസംഭവങ്ങളൊന്നും നടന്നിരുന്നില്ല. കഴിഞ്ഞ ദിവസം നഗരത്തിൽ നടന്ന രണ്ട് അക്രമങ്ങളിലും നേതാക്കളുടെ നേരിട്ടുള്ള സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് വിലയിരുത്തൽ. വൻ ആസ്തിയും ആഡംബര ജീവിതത്തിനുള്ള വരുമാനവുമുള്ളവർ വീണ്ടും അക്രമപാതയിലേക്കെത്തി തങ്ങളുടെ സാന്നിധ്യമറിയിക്കാനാണോ ശ്രമിച്ചതെന്നും സംശയമുണ്ട്. ഇക്കഴിഞ്ഞ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളിൽ നഗരത്തിലെ ഒരു ഹോട്ടൽ കേന്ദ്രീകരിച്ച് ഗുണ്ടാ നേതാക്കളുടെ ഡി.ജെ. പാർട്ടിയടക്കം നടന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. ഇത്തരം ചില കൂട്ടായ്മകൾക്ക് പിന്നാലെയാണ് അക്രമസംഭവങ്ങളും ഉണ്ടായിരിക്കുന്നത്. മുമ്പ് എറണാകുളത്തെ ഹോട്ടലിൽ ഡിജെ പാർട്ടിക്ക് ഓംപ്രകാശ് പോയതും ചർച്ചയായിരുന്നു.
വിഴിഞ്ഞം തുറമുഖ പദ്ധതി പ്രവർത്തനങ്ങൾ കൂടുതൽ സജീവമായതോടെ തലസ്ഥാനത്ത് റിയൽ എസ്റ്റേറ്റ് മാഫിയ സംഘങ്ങളുടെ പ്രവർത്തനം ശക്തമായതായി സൂചനകളുണ്ടായിരുന്നു. നഗരത്തിലടക്കം ഇപ്പോൾ നടക്കുന്ന ഗുണ്ടാ മാഫിയ സംഘങ്ങളുടെ കുടിപ്പക എല്ലാം തന്നെ ഇതിന്റെ കമ്മീഷൻ വീതം വെയ്ക്കലിന്റെ ഭാഗമാണ്. എല്ലാ വസ്തുവിലും ഇടനിലക്കാരായി നിന്നുകൊണ്ട് നോക്കുകൂലി വാങ്ങുന്ന പുതിയ തന്ത്രമാണ് ഇപ്പോൾ മാഫിയകൾ ചെയ്ത് വരുന്നത്. ഇവരോടുള്ള ഭയം മൂലം ആരും ഇതൊന്നും പുറത്ത് പറയാനെ പൊലീസിൽ അറിയിക്കാനോ തയ്യറാകുന്നില്ല. മാത്രവുമല്ല പൊലീസിൽ തന്ന ഒരു വിഭാഗം ഇവരുടെ പക്കൽ നിന്നും മാസപ്പടി വാങ്ങുന്നുണ്ടെന്നുമാണ് വിവരം.
തലസ്ഥാനത്ത് കഴക്കൂട്ടം ടെക്നോപ്പാർക്ക് ആരംഭിക്കുന്ന കാലത്ത് ഗുണ്ടാ മാഫിയാ സംഘങ്ങൾ ഇവിടങ്ങളിലെ എല്ലാ വസ്തു ഇടപാടുകളിലും സജീവമായി ഇടപെട്ടിരുന്നു. അതേ സാഹചര്യമാണ് ഇപ്പോൾ വിഴിഞ്ഞത്തും പരിസരപ്രദേശങ്ങളിലും നിലനിൽക്കുന്നത്.നഗരത്തിൽ മാത്രമല്ല ഉൾപ്രദേശങ്ങളിലടക്കം മാഫിയ സംഘങ്ങളുടെ പ്രവർത്തനം ദിനംപ്രതി ശക്തമായി കൊണ്ടിരികികുകയാണ്. കാട്ടാക്കട, വെഞ്ഞാറമ്മൂട്, പോത്തൻകോട്, നെയ്യാറ്റിൻകര തുടങ്ങിയ പ്രദേശങ്ങളിലേക്കും റിയൽ എസ്റ്റേറ്റ് ഗുണ്ടാ മാഫിയകൾ സാന്നിധ്യം വ്യാപിപ്പിച്ച് തുടങ്ങി. വസ്തുക്കൾ മാത്രമല്ല ഫ്ളാറ്റുകളുടെ നിർമ്മാണത്തിനാവശ്യമായ വയൽ നികത്തൽ മണ്ണടി തുടങ്ങിയവയെല്ലാം ഈ സംഘങ്ങളെ ഏൽപ്പിച്ചാൽ സർക്കാർഅനുമതിയടക്കം കൃത്യമായി ഒപ്പിച്ചെടുത്ത് പണി വെടിപ്പായി അവർ തീർക്കും.
കഴിഞ്ഞ ദിവസം പുലർച്ചെ പാറ്റൂരിലെ മാളിന് മുന്നിൽ നടന്ന വധശ്രമം രണ്ട് റിയൽ എസ്റ്റേറ്റ് മാഫിയ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്നായിരുന്നു എന്നാണ് വിവരം. തലസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് മാഫിയകൾ ഇപ്പോൾ ചെന്നൈയിൽ ഇരുന്നാണ് നാട്ടിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നതാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം നൽകുന്ന വിവരം. ഡീൽ നടത്താൻ ചെറിയ സംഘങ്ങളെ ചുമതല ഏർപ്പെടുന്നതാണ് ഇവരുടെ രീതി. എല്ലാ വസ്തുവിലും ഇടനില നിന്നുകൊണ്ട് വില നിയന്ത്രണമടക്കം കൈകാര്യം ചെയ്തുകൊണ്ടാണ് ഇവർ നോക്കുകൂലി തന്ത്രം പയറ്റുന്നത്.
വ്യവസായികളടക്കം ഇവരുടെ വിരട്ടൽ ഭയന്നുകൊണ്ടാണ് വലിയ തുകകൾ തന്നെ നോക്കുകൂലിയായി നൽകുന്നത്. ഓരോ പ്രദേശവും ഉൾപ്പെടുന്ന പൊലീസ് സ്റ്റേഷനുകൾക്ക് മാഫിയകളുടെ ഈ ക്വട്ടേഷൻ പണിയെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടെങ്കിലും മാസപ്പടിയുടെ പവറും പ്രതികൾക്ക് ലഭിക്കുന്ന രാഷ്ട്രീയ പിന്തുണയും ഇവർക്കെതിരെ പെറ്റി കേസ് പോലും ചാർജ്ജ് ചെയ്യാൻ പൊലീസിനെ പിന്നോട്ടു വലിക്കുകയാണ് പതിവ്. വ്യവസായികൾക്ക് സാമ്പത്തിക ബുദ്ദിമുട്ടുണ്ടായാൽ ഭീമമായ പലിശക്ക് വൻ തുകകൾ റെയ്സ് ചെയ്യുന്ന പതിവും മാഫിയകൾക്കുണ്ട്.ഇതിലും രണ്ട് ഭാഗത്ത് നിന്നും നോക്കുകൂലി തരപ്പെടുത്തിയെടുക്കാനും അവർക്ക് കഴിയുന്നുണ്ട്.നഗരത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി നിലനിന്നിരുന്ന സമാധാന അന്തരീക്ഷം തകർന്ന് തുടങ്ങുന്നു എന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്ന ഗുണ്ടാ മാഫിയാ സംഘങ്ങൾ തമ്മിലുള്ള ആക്രമണങ്ങളിലൂടെ മനസ്സിലാക്കാൻ.
ചൊവ്വാഴ്ച രാവിലെ 11.30 ഓടെ മെഡിക്കൽ കോളേജിലെ ജനത്തിരക്കേറിയ ട്രിഡ ഷോപ്പിങ് കോംപ്ലക്‌സിന് സമീപമായിരുന്നു സംഭവം. തർക്കിക്കുന്നത് രാജേഷിനോടാണെന്ന് അറിയില്ലായിരുന്നുവെന്ന് ആംബുലൻസ് ജീവനക്കാർ പറയുന്നു. പുലർച്ചെ മൂന്നരയോടെ ഇവിടെ ഒരു കാർ കൊണ്ട് വന്ന് പാർക്ക് ചെയ്തശേഷം ചിലർ പോയി. ഇത് ആംബുലൻസുകൾ സ്ഥിരമായി ഉപയോഗിക്കുന്ന സ്ഥലമായിരുന്നു. തുടർന്ന് 11.30 ഓടെ മറ്റൊരു വാഹനവും ഇതിനടുത്തായി പാർക്ക് ചെയ്തു. ഇതോടെ ഇവിടെ പാർക്ക് ചെയ്തിരുന്ന ആംബുലൻസുകൾ പുറത്തേക്ക് എടുക്കാനായില്ല. വാഹനങ്ങൾ മാറ്റണമെന്ന് ആംബുലൻസ് ഡ്രൈവർമാർ ആവശ്യപ്പെട്ടു. വാഹനത്തിനുള്ളിലിരുന്നവർ മദ്യപിക്കുകയായിരുന്നെന്നും ഡ്രൈവർമാർ ആരോപിക്കുന്നു.
പുറത്തിറങ്ങിയ ഇവർ വാഹനം മാറ്റാനാകില്ലെന്ന് അറിയിച്ചു. തുടർന്ന് തർക്കമായി. ഇതിനിടെ വാഹനത്തിനുള്ളിൽ നിന്നിറങ്ങിയയാൾ ആയുധം കാട്ടി ഡ്രൈവർമാരെ ഭീഷണിപ്പെടുത്തി. താൻ പുത്തൻപാലം രാജേഷാണെന്ന് പറയുകയും ചെയ്തു. ഇതോടെ തർക്കിക്കാൻ നിന്നവർ പിൻവാങ്ങി. പൊലീസ് എത്തുമെന്ന സൂചന ലഭിച്ചതോടെ, കൂടിനിന്നവരെ ഭീഷണിപ്പെടുത്തിയശേഷം സംഘം രണ്ട് വാഹനങ്ങളിലായി കടന്നു. മെഡിക്കൽ കോളേജ് സിഐ. പി.ഹരിലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി.
കാറുകളുടെ നമ്പരുകൾ ആർക്കും അറിയില്ലായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്നും നമ്പരുകൾ ശേഖരിച്ച് വൈകീട്ട് മാഞ്ഞാലിക്കുളത്ത് നിന്നും പുത്തൻപാലം രാജേഷ് എത്തിയ വാഹനവും അതിന്റെ ഡ്രൈവറേയും കസ്റ്റഡിയിൽ എടുത്തു. ആയുധവുമായി ഭീഷണിപ്പെടുത്തിയതിന് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു.
മറുനാടന് മലയാളി ബ്യൂറോ