- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഓംപ്രകാശിന്റെയും ഷിഹാസിന്റെയും മുടിയും നഖവും ശാസ്ത്രീയ പരിശോധനയ്ക്ക്; കന്യാകുമാരി മുതല്‍ ഗോവ വരെ മാഫിയാ ഡോണിന് സാമ്രാജ്യം; ശ്രീനാഥ് ഭാസിയും പ്രയാഗയും സിസിടവിയിലും തെളിഞ്ഞു; ആരാണ് ബോബി ചലപതി? ഭായ് നസീറിന്റെ കൂട്ടാളിയും കുടുങ്ങി
പാര്‍ട്ടിയില്‍ പങ്കെടുത്തവരെ വിളിച്ചുവരുത്തി മൊഴിയെടുക്കാനൊരുങ്ങുകയാണ് പോലീസ്
കൊച്ചി: ഗുണ്ടാനേതാവ് ഓംപ്രകാശിന്റെ നേതൃത്വത്തില്‍ ആഡംബര ഹോട്ടലില്‍ നടന്ന ലഹരി പാര്‍ട്ടിയില്‍ കൂടുതല്‍ വ്യക്തത വന്നെന്ന് സൂചന. ഹോട്ടലില്‍ നടന്‍ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാര്‍ട്ടിനുമെത്തിയതായി പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇവര്‍ക്കുപുറമേ ഇവിടെയെത്തിയ 18 പേരുടെ വിവരങ്ങളും ശേഖരിച്ചു. ഹോട്ടലിലെ സി.സി.ടി.വി.യില്‍നിന്നാണ് താരങ്ങളുടെ ദൃശ്യങ്ങള്‍ ലഭിച്ചുവെന്നും സൂചനയുണ്ട്. മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്താന്‍ ഓംപ്രകാശിന്റെയും ഷിഹാസിന്റെയും മുടിയും നഖവും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ പരിശോധനാ ഫലവും നിര്‍ണ്ണായകമാകും.
അതിനിടെ പാര്‍ട്ടിയില്‍ പങ്കെടുത്തവരെ വിളിച്ചുവരുത്തി മൊഴിയെടുക്കാനൊരുങ്ങുകയാണ് പോലീസ്. ഇവരുടെ ഫോണ്‍കോള്‍ വിശദാംശങ്ങള്‍ ശേഖരിച്ചു വരുകയാണ്. ശാസ്ത്രീയ പരിശോധനകളുടെ ഫലം വന്ന ശേഷം താരങ്ങളെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ചൊവ്വാഴ്ച രാവിലെയോടെ പോലീസ് സംഘം ഹോട്ടലിലെത്തി സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ചു. ഹോട്ടലിലെ ലിഫ്റ്റിലുള്ള ക്യാമറയിലാണ് സന്ദര്‍ശകരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുള്ളത്. അതോടൊപ്പം ഹോട്ടല്‍ റിസപ്ഷന്‍, ഇടനാഴികള്‍ എന്നിവിടങ്ങളിലെ ദൃശ്യങ്ങളും പോലീസിന്റെ കൈയ്യിലുണ്ട്. എന്നാല്‍ ആരോപണം പ്രയാഗാ മാര്‍ട്ടിന്‍ നിഷേധിക്കുകയാണ്. ഓംപ്രകാശിനെ അറിയില്ലെന്നാണ് പ്രയാഗയുടെ നിലപാട്.
ഓംപ്രകാശിനെ പിടികൂടിയതറിഞ്ഞ് നഗരത്തിലെ ചില ഗുണ്ടാസംഘങ്ങള്‍ മരട് പോലീസ് സ്റ്റേഷന്‍ പരിസരത്ത് എത്തിയിരുന്നു. ഈ ഗുണ്ടാസംഘങ്ങളെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഞായറാഴ്ചയാണ് മരടിലെ ഹോട്ടലില്‍നിന്ന് ഓംപ്രകാശിനെയും കൂട്ടാളി ഷിഹാസിനെയും പോലീസ് പിടികൂടിയത്. ലഹരിപ്പാര്‍ട്ടി നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഷിഹാസിന്റെ മുറിയില്‍നിന്ന് നാല് ലിറ്റര്‍ വിദേശമദ്യവും കൊക്കെയ്ന്‍ സാന്നിധ്യമുള്ള സിപ്പ് ലോക്ക് കവറും കണ്ടെത്തിയിരുന്നു. വിദേശത്തുനിന്ന് കൊക്കെയ്ന്‍ എത്തിച്ച് വിവിധ ജില്ലകളിലെ ഡി.ജെ. പാര്‍ട്ടികളില്‍ വിതരണം ചെയ്തുവരുകയായിരുന്നു ഓംപ്രകാശും ഷിഹാസും എന്നാണ് പോലീസിന്റെ സംശയം.
പ്രകാശിനെ കാണാന്‍ സിനിമാ താരങ്ങളെ ആഢംബര ഹോട്ടലില്‍ എത്തിച്ചതായി പൊലീസ് സംശയിക്കുന്ന എളമക്കര സ്വദേശി ബിനു ജോസഫ് കസ്റ്റഡിയില്‍. ഇയാളെ സൗത്ത് പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ബിനു ജോസഫിന് കുപ്രസിദ്ധ ഗുണ്ട ഭായി നസീറുമായി ബന്ധമുണ്ടെന്നും സൂചനയുണ്ടെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഓപ്രകാശിനെ കണ്ടു എന്ന് തന്നെയാണ് പോലീസ് പറയുന്നത്. ഇവര്‍ക്കുപുറമേ സ്ത്രീകളടക്കം ഇരുപതോളംപേര്‍ ഓംപ്രകാശിന്റെ മുറിയിലെത്തിയെന്ന് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി എട്ടില്‍ മരട് പൊലീസ് നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരുന്നു.
പ്രതികള്‍ ക്രൗണ്‍ പ്ലാസയിലെ മൂന്നുമുറികളിലായി ലഹരി ഇടപാട് നടത്തിയെന്നാണ് പ്രാഥമികനിഗമനം. ബോബി ചലപതി എന്നയാളാണ് പ്രതികള്‍ക്കുവേണ്ടി മുറി ബുക്ക് ചെയ്തതെന്നും കണ്ടെത്തി. ബോബി ചലപതിയെന്നത് ഓംപ്രകാശ് ഉപയോഗിക്കുന്ന വ്യാജ പേരാണെന്ന സംശയം ഉണ്ട്. വിദേശത്തുനിന്ന് കൊക്കെയ്ന്‍ എത്തിച്ച് വിവിധ ജില്ലകളിലെ ഡിജെ പാര്‍ടികളില്‍ വിതരണം ചെയ്യുകയായിരുന്നു ഓംപ്രകാശും ഷിഹാസും. ഇവര്‍ ബുക്ക് ചെയ്ത മുറിയും സമീപത്തെ രണ്ടുമുറികളും പൊലീസ് വിശദമായി പരിശോധിച്ചു. ഹോട്ടലിലെ സിസിടിവിയില്‍നിന്നാണ് താരങ്ങളുടെ ദൃശ്യങ്ങള്‍ ലഭിച്ചത്. പോള്‍ ജോര്‍ജ് വധം ഉള്‍പ്പെടെ ഒട്ടേറെ കൊലക്കേസുകളില്‍ പ്രതിയാണ് ഓംപ്രകാശ്. 1999 മുതല്‍ സംസ്ഥാനത്ത് കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, വീടുകയറി ആക്രമണം, ലഹരി ഇടപാട് തുടങ്ങി ഇരുപതിലേറെ കേസുകളിലും പ്രതിയാണ്.
അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. പാറ്റൂര്‍ ഗുണ്ടാ ആക്രമണക്കേസില്‍ മുഖ്യപ്രതിയായിരുന്ന ഓംപ്രകാശിനെ ഒരുമാസംമുമ്പ് തിരുവനന്തപുരത്ത് വാഹനാപകടവുമായി ബന്ധപ്പെട്ട കേസിലും കസ്റ്റഡിയിലെടുത്തിരുന്നു. പല സാമ്പത്തിക ഇടപാടും കരാറുമായി കേരളത്തിലും ഗോവയിലും ഇയാള്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. കന്യാകുമാരിയില്‍ തുടങ്ങിയാണ് ഗോവയില്‍ ഓംപ്രാകാശിന്റെ സാമ്രാജ്യം അവസാനിക്കുന്നത്.