- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കൊട്ടാരക്കരക്കാരന്‍ ഫണ്ടിറക്കും; ഓംപ്രാകാശിന്റെ ഗുണ്ടാ ഇമേജില്‍ കച്ചവടം; കൊച്ചിയിലെ നിശാ പാര്‍ട്ടികള്‍ക്കുള്ള കരുതല്‍ 'രണ്ട് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വക'; പ്രതികളുടെ ഫോണ്‍ വിട്ടുകിട്ടാന്‍ സമ്മര്‍ദ്ദം ചെലുത്തിയ കാക്കിക്കുള്ളിലെ കള്ളന് കുടുങ്ങുമോ? ക്രൗണ്‍ പ്ലാസയിലെ പാര്‍ട്ടിയില്‍ അന്വേഷണം പുതിയ തലത്തില്‍; ശ്രീനാഥ് ഭാസിയും പ്രയാഗയും കുടുങ്ങുമോ?
കൊച്ചി: മരട് ലഹരിക്കേസില്‍ അന്വേഷണം പോലീസ് ഉദ്യോഗസ്ഥനിലേക്കും. ഓംപ്രകാശിന് പിന്നില്‍ പോലീസ് ഉദ്യോഗസ്ഥനുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ കേസില്‍ പ്രതികളുടെ ഫോണ്‍ വിട്ടുകിട്ടാന്‍ ഈ ഉദ്യോഗസ്ഥന്‍ ശ്രമിച്ചുവെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് അന്വേഷണം,. ലഹരി ഇടപാടുകളുടെ ഫണ്ടര്‍ കൊല്ലം സ്വദേശി ഷിഹാസ് ആണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിര്‍ണ്ണായക ഘട്ടത്തിലേക്ക് അന്വേഷണം കടക്കുകയാണ്.
ഓംപ്രകാശിന്റെ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ലഹരിവിരുദ്ധ നിയമപ്രകാരം കൊച്ചി സിറ്റി പോലീസ് നടപടികള്‍ തുടരുകയാണ്. ഇതിനിടെയാണ് പുതിയ വെളിപ്പെടുത്തലുകള്‍ വരുന്നത്. കൊല്ലം കൊട്ടാരക്കര പേരൂര്‍ സ്വദേശിയാണ് ഷിഹാസ്. ഷിഹാസും ഓംപ്രകാശും നഗരത്തിലെ നിശാ പാര്‍ട്ടികള്‍ക്കു സ്ഥിരമായി ലഹരി പദാര്‍ഥങ്ങള്‍ എത്തിക്കുന്നതായി അന്വേഷണ സംഘം കണ്ടെത്തി. കൊച്ചിയില്‍ ഇവര്‍ സ്ഥിരമായി സന്ദര്‍ശിക്കുന്ന മുതിര്‍ന്ന രണ്ടു പൊലീസ് ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്. ഫോണിലും നേരിട്ടും ഈ പൊലീസ് ഉദ്യോഗസ്ഥര്‍ ഓംപ്രകാശുമായി അടുപ്പം പുലര്‍ത്തുന്നതിന്റെ വിവരം രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ചിട്ടുണ്ട്.
കൊച്ചി മരടിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ലഹരി പാര്‍ട്ടി നടന്നത്. ഗുണ്ടാനേതാവായ ഓംപ്രകാശും ഇയാളുടെ സുഹൃത്തായ ഷിഹാസും പിടിയിലായിരുന്നു. പിന്നീട് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. സിനിമാ താരങ്ങളായ പ്രയാഗ മാര്‍ട്ടിന്റെയും ശ്രീനാഥ് ഭാസിയുടെയും പേരും ഉയര്‍ന്നു വന്നതോടെയാണ് കേസ് വിവാദമാകുന്നത്. സംഭവദിവസം തന്നെ അന്വേഷണ സംഘം ഓംപ്രകാശ് താമസിച്ചിരുന്ന മുറിയില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഈ സാമ്പിളുകളുടെ ഫോറന്‍സിക് ഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്.
കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഓംപ്രകാശിന്റെ ജാമ്യം റദ്ദാക്കുന്നതിലേക്ക് കടക്കുന്നതടക്കം പോലീസ് ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പോലീസിന് നിയമപരമായ ഉപദേശം തേടേണ്ടതുണ്ട്. മുറിയിലുണ്ടായിരുന്ന കൊക്കെയ്നിന്റെ അളവ് സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ട്. വളരെ ചെറിയ അളവിലാണ് ലഹരി വസ്തുക്കള്‍ സൂക്ഷിക്കുന്നതെങ്കില്‍ ജാമ്യം കിട്ടാന്‍ വകുപ്പുകളുണ്ട്. കേസ് സംബന്ധിച്ച വിശദമായ അന്വേഷണം പോലീസ് തുടരുകയാണ്. നഗരത്തിലെ 4 ആഡംബര ഫ്‌ലാറ്റുകളും കുണ്ടന്നൂര്‍, ഫോര്‍ട്ട്‌കൊച്ചി, കാക്കനാട് എന്നിവിടങ്ങളിലെ ഹോട്ടലുകളും കേന്ദ്രീകരിച്ച് ഇവര്‍ ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതായും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. കോവിഡ് കാലത്തു പോലും നഗരത്തിലെ ഒരു ആഡംബര ഫ്‌ലാറ്റില്‍ ഇവര്‍ ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നു.
പ്രതികള്‍ തങ്ങിയ ഹോട്ടല്‍മുറിയില്‍ നിന്നു കൊക്കെയ്ന്‍ തരികള്‍ അടങ്ങിയ പ്ലാസ്റ്റിക് കവറും 4 ലീറ്റര്‍ മദ്യവും പൊലീസ് പിടിച്ചെടുത്തു. പ്ലാസ്റ്റിക് കവറിലെ ലഹരി പദാര്‍ഥം പ്രതികള്‍ വെളിപ്പെടുത്തിയ പോലെ കൊക്കെയ്ന്‍ തന്നെയാണെന്നു പരിശോധനയില്‍ ബോധ്യപ്പെട്ടെങ്കിലും പ്രതികളുടെ ദേഹവും മുറിയും പരിശോധിച്ചപ്പോള്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കാനുള്ള അളവില്‍ ലഹരി പദാര്‍ഥം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്നു കോടതി പ്രതികള്‍ക്കു ജാമ്യം അനുവദിച്ചു. എന്നാല്‍ ഫോറന്‍സിക് തെളിവുകള്‍ എല്ലാം മാറ്റി മറിച്ചു.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഇതിനുശേഷമാകും കൂടുതല്‍ നടപടികളിലേക്ക് കടക്കുകയെന്നും ഡിസിപി കെ.എസ്.സുദര്‍ശന്‍ പറഞ്ഞിരുന്നു. ഹോട്ടലില്‍നിന്ന് എല്ലാത്തരത്തിലുള്ള തെളിവുകളും ശേഖരിച്ചിട്ടുണ്ട്. അവിടെ വന്നത് ആരൊക്കെയെന്നും എന്തൊക്കെയാണ് നടന്നതെന്നും അറിയാം. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.
ഈ കേസുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനുമടക്കം 20 പേരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഇവരെല്ലാവരും സത്കാരത്തിനിടെ ഓംപ്രകാശിന്റെ മുറിയിലെത്തിയതായിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘത്തിന് മുറിയില്‍ ലഹരിപ്പാര്‍ട്ടി നടന്നതായി ഉറപ്പിക്കാന്‍ കഴിഞ്ഞു. ചിലരുടെ മുടിയും നഖവും പോലീസ് രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അതിന്റെ ഫലം ലഭിക്കുന്നതോടെ കൂടുതല്‍ നടപടികളിലേക്കു കടക്കും. എന്നാല്‍ താരങ്ങളെ വീണ്ടും ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.