ന്യൂഡൽഹി: ശ്രദ്ധ വാൽക്കർ കൊലക്കേസിലെ പ്രതി അഫ്താബ് അമീൻ പൂനാവാല പുലർച്ചെ ബാഗുമായി തനിച്ചു തെരുവിലൂടെ നടക്കുന്ന സി.സി.ടി.വി. ദൃശ്യം പുറത്ത്. ശ്രദ്ധയുടെ വെട്ടിനുറുക്കിയ മൃതശരീര ഭാഗങ്ങൾ അടങ്ങിയ ബാഗാണ് ഇതെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ 18-ലേതാണ് ഈ ദൃശ്യങ്ങൾ.

പുലർച്ചെ തെരുവിലൂടെ തോളിൽ ഒരു ബാഗും കൈയിൽ ഒരു പൊതിയും പിടിച്ച് നടക്കുന്ന ദൃശ്യങ്ങളാണ് സി.സി.ടി.വി.യിൽ കാണുന്നത്. മുഖം വ്യക്തമല്ലെങ്കിലും, ദൃശ്യത്തിലുള്ളത് അഫ്താബാണെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നു.

ഡൽഹിയിൽ പങ്കാളിയെ കൊന്ന് കഷ്ണങ്ങളാക്കി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ച കേസിൽ നിർണായ തെളിവാകും ഈ ദൃശ്യങ്ങളെന്നാണ് വിലയിരുത്തൽ. ശ്രദ്ധയുടെ മൃതദേഹ ഭാഗങ്ങളാണ് അഫ്താബിന്റെ കൈയിലുണ്ടായിരുന്ന ബാഗിലുള്ളതെന്നാണ് പൊലീസിന്റെ നിഗമനം.

ഒക്ടോബർ പതിനെട്ടാം തീയതിയിലെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കേസുമായി ബന്ധപ്പെട്ട് ആദ്യമായി പുറത്തുവന്ന വീഡിയോ ദൃശ്യമാണ്. പുലർച്ചെ നടക്കുന്ന ആളുടെ കൈവശം ഒരു ബാഗ് കാണാം.

കൊലപാതകത്തിനു ശേഷം ശ്രദ്ധയുടെ മൃതദേഹാവശിഷ്ടങ്ങൾ ദിവസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിച്ച അഫ്താബ്, 18 ദിവസമെടുത്താണ് ഇതെല്ലാം വിവിധ ഭാഗങ്ങളിലായി ഉപേക്ഷിച്ചത്.

ശ്രദ്ധയുടേതെന്ന് കരുതുന്ന മൂന്ന് അസ്ഥികൾ അതിനിടെ പൊലീസ് കണ്ടെത്തി. മെഹ്‌റൗളിയിലെ വനമേഖലയിൽ നടത്തിയ തിരച്ചിലിലാണ് അസ്ഥികൾ കണ്ടെത്തിയത്. തുടയെല്ല് അടക്കമുള്ളവയാണ് കണ്ടെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. അതിനിടെ അഫ്താബിന്റെ ജോലി സ്ഥലത്തു നിന്ന് ഒരു വലിയ പോളിത്തീൻ കവർ കണ്ടെടുത്തതായും റിപ്പോർട്ടുകളുണ്ട്.

ശ്രദ്ധ വാൽക്കറിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങൾ പ്രതിയുടെ ഫ്ലാറ്റിൽ നിന്ന് കണ്ടെത്തി. പ്രതിയായ അഫ്താബ് അമീൻ പൂനവാലയുടെ ഛത്തർപുരിലെ ഫ്‌ളാറ്റിൽ നിന്നാണ് ഭാരമേറിയതും മൂർച്ചയുള്ളതുമായ ആയുധങ്ങൾ ഡൽഹി പൊലീസ് കണ്ടെത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതിനിടെ രണ്ട് വർഷം മുമ്പ് സുഹൃത്തുക്കളുമായും സഹപ്രവർത്തകരുമായും ശ്രദ്ധ നടത്തിയ വാട്‌സാപ്പ് ചാറ്റുകളുടെ വിവരങ്ങളും പുറത്തു വന്നു. അഫ്താബിനൊപ്പം ജീവിക്കാൻ തുടങ്ങിയത് മുതൽ ശ്രദ്ധ ഇയാളുടെ ഉപദ്രവങ്ങൾക്ക് ഇരയായിരുന്നുവെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് ചാറ്റുകളിലുള്ളത്.

അഫ്താബിന്റെ മർദ്ദനത്തെ തുടർന്ന് മുഖത്ത് ഉൾപ്പെടെ പരിക്കേറ്റതിന്റെ ചിത്രങ്ങളും ശ്രദ്ധ സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തിരുന്നു. ഇരുവരും മുംബൈയിൽ താമസിക്കുന്ന കാലത്താണ് ശ്രദ്ധ ഇക്കാര്യങ്ങളെല്ലാം സുഹൃത്തുക്കളുമായി പങ്കുവച്ചത്.

ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മാനേജരോടും വിഷയങ്ങൾ പറഞ്ഞിരുന്നു. ചില ദിവസങ്ങളിൽ ജോലിക്ക് വരാൻ കഴിയില്ലെന്നു വ്യക്തമാക്കി ശ്രദ്ധ മാനേജർക്ക് സന്ദേശമയക്കാറുണ്ട്. കഴിഞ്ഞ ദിവസം മർദനമേറ്റത് കാരണം ശരീരമാകെ മുറിവാണെന്നും ബിപി കുറവാണെന്നും കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്നും വ്യക്തമാക്കി അവർ 2020 നവംബർ 24ന് മാനേജർക്ക് അയച്ച സന്ദേശം പുറത്തു വന്നിരുന്നു. താൻ വിവാഹിതയാണെന്ന് ശ്രദ്ധ ഓഫീസിൽ പറഞ്ഞിരുന്നതെന്നും മാനേജർ വെളിപ്പെടുത്തിയിരുന്നു.