- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ ചില്ലറക്കാരനല്ല! മ്യൂസിയം കേസിലെ പ്രതി മറ്റൊരു ലൈഗീകാതിക്രമ കേസിലും കുറ്റവാളിയെന്ന് സംശയം; മാധ്യമങ്ങളിൽ സന്തോഷിന്റെ ചിത്രം കണ്ട് സംശയം ഉന്നയിച്ച് മറ്റൊരു യുവതി; വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ആക്രമിച്ചത് കഴിഞ്ഞ ഡിസംബറിൽ; പരാതിയിൽ അന്വേഷണം നടത്താൻ പൊലീസ്
തിരുവനന്തപുരം: കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ചു കയറുകയും മ്യൂസിയം വളപ്പിൽ യുവതിയെ ആക്രമിക്കുകയും ചെയ്ത കേസിൽ പിടിയിലായ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ, സന്തോഷിനെതിരെ മറ്റൊരു ലൈഗീകാതിക്രമ കേസിൽ കൂടി അന്വേഷണം. ഒരു വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച കേസിലാണ് അന്വേഷണം. കഴിഞ്ഞ ഡിസംബറിൽ നടന്ന സംഭവത്തിൽ പ്രതിയെ പിടികൂടിയിരുന്നില്ല.
സംഭവത്തിൽ പേരൂർക്കട പൊലീസ് കേസെടുത്തുവെങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. മ്യൂസിയം കേസിൽ മലയിൻകീഴ് സ്വദേശി സന്തോഷിനെ പിടികൂടിയതിന്റെ വാർത്തയ്ക്ക് ഒപ്പം വന്ന ചിത്രം കണ്ട പരാതിക്കാരി പൊലീസിനോട് സംശയം പ്രകടിപ്പിക്കുകയായിരുന്നു. ഇതേ തുടർന്നാണ് അന്വേഷണം നടത്താൻ തീരുമാനിച്ചത്.
മ്യൂസിയത്തിൽ വനിതാ ഡോക്ടർക്കെതിരെ നടത്തിയ ആക്രമണത്തിന് പിന്നാലെ
തന്നെ തിരിച്ചറിയാതിരിക്കാനായി സന്തോഷ് തല മൊട്ടയടിച്ചിരുന്നു. എന്നാൽ വിവിധയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞദിവസം ഇയാളെ തിരിച്ചറിഞ്ഞു. ചൊവ്വാഴ്ച ഉച്ചവരെ ഇയാൾ ഷാഡോ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതി ഇയാൾ തന്നെയാണെന്ന് ഉറപ്പിച്ചതോടെ വൈകിട്ടോടെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് മ്യൂസിയത്തിൽ വനിതാ ഡോക്ടർക്ക് നേരേ അതിക്രമമുണ്ടായത്. പ്രഭാത സവാരിക്കെത്തിയ ഡോക്ടറെ ആക്രമിച്ച ശേഷം പ്രതി മ്യൂസിയം വളപ്പിലെ മതിൽ ചാടിക്കടന്ന് കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഇതിനുപിന്നാലെയാണ് ചൊവ്വാഴ്ച രാത്രി കുറവൻകോണത്തെ വീട്ടിൽ ഒരാൾ അതിക്രമിച്ചുകയറിയ സംഭവവും വാർത്തയായത്. കുറവൻകോണത്തുനിന്ന് പ്രതിയുടെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. എന്നാൽ രണ്ടും ഒരാൾ തന്നെയാണെന്ന് സ്ഥിരീകരിക്കാൻ ആദ്യഘട്ടത്തിൽ കഴിഞ്ഞില്ല. മ്യൂസിയത്തിലും കുറവൻകോണത്തും അതിക്രമം കാട്ടിയത് ഒരാൾ തന്നെയാണെന്ന് തിങ്കളാഴ്ചയാണ് പൊലീസ് സ്ഥിരീകരിച്ചത്.
മ്യൂസിയത്തിൽ സ്ത്രീയെ ആക്രമിച്ച കേസിൽ മതിയായ സിസിടിവി ദൃശ്യങ്ങൾ ലഭിക്കാതിരുന്നതാണ് പൊലീസിനെ ആദ്യം കുഴക്കിയത്. അന്വേഷണത്തിന്റെ ഭാഗമായി നഗരത്തിൽ പൊലീസ് സ്ഥാപിച്ച ക്യാമറകൾ പരിശോധിച്ചപ്പോഴാണ് പലക്യാമറകളും പ്രവർത്തനരഹിതമാണെന്ന് പൊലീസ് തന്നെ തിരിച്ചറിഞ്ഞത്. ചില ക്യാമറകളിൽനിന്ന് ലഭിച്ച ദൃശ്യങ്ങൾ വ്യക്തതയില്ലാത്തതുമായിരുന്നു. ഇതോടെ അന്വേഷണം പ്രതിസന്ധിയിലായി. എന്നാൽ, ഇതിനിടെ ടെന്നീസ് ക്ലബിന് സമീപത്തുനിന്ന് ലഭിച്ച മറ്റൊരു സിസിടിവി ദൃശ്യം പൊലീസിന് തുമ്പായി. ടെന്നീസ് ക്ലബിന് സമീപം കാർ പാർക്ക് ചെയ്ത് ഒരാൾ ഇറങ്ങിപ്പോകുന്നതാണ് ഈ ദൃശ്യങ്ങളിലുണ്ടായിരുന്നത്. പിന്നീട് ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
മലയിൻകീഴ് സ്വദേശിയായ സന്തോഷ് ജല അഥോറിറ്റിയിലെ കരാർ ജീവനക്കാരനാണ്. മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായിരുന്നു ഇയാൾ. സർക്കാർ വാഹനത്തിൽ കറങ്ങിനടന്നാണ് പ്രതി സ്ത്രീകളോട് അതിക്രമം കാട്ടിയിരുന്നത്. മ്യൂസിയത്തിൽ ഇയാൾ എത്തിയതും സർക്കാരിന്റെ ബോർഡ് വെച്ച ഇന്നോവ കാറിലായിരുന്നു. ഈ വാഹനം റോഡിൽ പാർക്ക് ചെയ്തശേഷമാണ് പ്രഭാതസവാരിക്കിറങ്ങിയ വനിതാ ഡോക്ടറെ കടന്നുപിടിച്ചത്.
മ്യൂസിയം കേസിൽ പ്രതി സന്തോഷുമായി പൊലീസിന്റെ തെളിവെടുപ്പ് നടത്തിയിരുന്നു. താൻ കുറ്റം ചെയ്തിട്ടില്ലെന്നും ഇത് പൊലീസ് തന്റെ തലയിൽ കെട്ടിവച്ചതാണെന്നുമാണ് സന്തോഷ് പറഞ്ഞത്. തെളിവെടുപ്പിനായി കുറവൻകോണത്തെ വീട്ടിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് സന്തോഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ദേഷ്യം വരുമ്പോൾ വാഹനം നിർത്തിയിട്ട് മണിക്കൂറുകൾ നടക്കുന്ന ശീലം തനിക്കുണ്ടെന്ന് ചോദ്യം ചെയ്യലിനിടെ ഇയാൾ അവകാശപ്പെട്ടിരുന്നു.
മ്യൂസിയം ലൈംഗികാതിക്രമ കേസിലും കുറവൻകോണത്ത് വീടാക്രമിച്ചതിനുമാണ് മലയൻകീഴ് സ്വദേശി സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജലവിഭവ വകുപ്പ് മന്ത്രിയുടെ പിഎസിന്റെ ഡ്രൈവറായിരുന്ന സന്തോഷ്, സ്റ്റേറ്റ് കാറിലെത്തിയാണ് കുറവൻകോണത്ത് വീട് ആക്രമിച്ചതും മ്യൂസിയം വളപ്പിൽ വനിതാ ഡോക്ടർക്കു നേരെ അതിക്രമം നടത്തിയതുമെന്ന് പൊലീസ് പറഞ്ഞു.
മ്യൂസിയം പരിസരത്ത് ലൈംഗിക അതിക്രമ കേസിലെ പ്രതിയും സന്തോഷാണെന്ന് കണ്ടെത്തിയിരുന്നു. പരാതിക്കാരിയായ യുവതി സന്തോഷിനെ തിരിച്ചറിഞ്ഞു. ഇന്നലെയാണ് സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ട് കേസിലും പ്രതി ഒരാളാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. സ്റ്റേറ്റ് കാർ ദുരുപയോഗം ചെയ്താണ് പ്രതി ആക്രമണം നടത്താനെത്തിയത്. കാറിന്റെ ബോർഡ് മറച്ചായിരുന്നു പ്രതിയുടെ സഞ്ചാരം. കഴിഞ്ഞ ബുധനാഴ്ചയാണ് സ്ത്രീയ്ക്ക് നേരെ മ്യൂസിയം പരിസരത്ത് വെച്ച് ലൈംഗികാതിക്രമം ഉണ്ടായത്.
ബുധനാഴ്ച പുലർച്ചെ കാറിലെത്തിയ ഒരാളാണ് തന്നെ അക്രമിച്ചതെന്ന് യുവതി മൊഴി നൽകിയിരുന്നു. എൽഎംഎസ് ജംഗ്ഷനിൽ വാഹനം നിർത്തിയ ശേഷമാണ് നടന്ന് വന്ന് യുവതിയെ പ്രതി ആക്രമിച്ചത്. ഇതിന് ശേഷം മ്യൂസിയം ഗേറ്റ് ചാടിക്കടന്ന് രക്ഷപെടുകയും ചെയ്തു.
ഏജൻസി നൽകിയ കരാർ ജീവനക്കാരനാണ് അറസ്റ്റിലായ മലയിൻകീഴ് സ്വദേശി സന്തോഷ് എന്നാണ് മന്ത്രി റോഷി അഗസ്റ്റിൽ നൽകുന്ന വിശദീകരണം. വിഷയം അറിഞ്ഞപ്പോൾ തന്നെ പിഎസുമായി സംസാരിച്ചുവെന്നും ഇയാളെ അടിയന്തരമായി ഒഴിവാക്കാൻ നിർദ്ദേശിച്ചെന്നും റോഷി അഗസ്റ്റിൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ