- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവസ്ത്രനായി പ്ലാറ്റ്ഫോമിൽ നിന്ന് കടലിലേക്ക് ചാടിയെന്ന് അധികൃതർ; മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്ന് പൊലീസിൽ മൊഴി; ബാന്ദ്രയിൽ ഓഎൻജിസി റിഗിൽ നിന്ന് കടലിൽ ചാടിയയെന്ന് പറയുന്ന അടൂർ സ്വദേശിക്ക് വേണ്ടിയുള്ള അന്വേഷണം നിർത്തിയെന്ന് കുടുംബം; കാണാത്ത കാഴ്ച കണ്ട കുഞ്ഞിനെ കൊന്ന് കടലിൽ താഴ്‌ത്തിയതാകാമെന്ന് പിതാവ്
പത്തനംതിട്ട: അടൂർ പഴകുളം ഓലിക്കൽ ഗ്രേസ് വില്ലയിൽ വിമുക്തഭടൻ ഗീവർഗീസ് ബേബിയുടെ മൂത്തമകൻ എനോസ് വർഗീസിനെ (25) ഓ.എൻ.ജി.സിയുടെ റിഗിൽ നിന്ന് കടലിൽ കാണാതെയായിട്ട് ഒരു മാസം പിന്നിടുന്നു. അന്വേഷണം തെരച്ചിലും അവസാനിപ്പിച്ച് ഓഎൻജിസിയും പൊലീസും കരയ്ക്ക് കയറിയിട്ട് നാളുകളായി. മകൻ എന്നെങ്കിലും തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന വർഗീസിനെയും മാതാവ് സിനിയെയും ഇളയ സഹോദരൻ എബിനെയും സഹായിക്കാൻ ആരുമെത്തുന്നില്ല. ദുരൂഹതയുടെ ആഴക്കടലിൽ എനോസ് മറഞ്ഞുവെന്ന് പറയുമ്പോഴും ഈ കുടുംബത്തിന് വിശ്വസിക്കാൻ കഴിയുന്നില്ല. എനോസിന്റെ മടങ്ങി വരവിന് ഇവർ കാത്തിരിക്കുന്നു. ഈസ്റ്ററിന് നാട്ടിലെത്താമെന്നും പുതിയ വീടിന്റെ പാലു കാച്ചൽ അപ്പോൾ നടത്തണമെന്നും എനോസ് പറഞ്ഞിരുന്നു. എന്റെ കുഞ്ഞ് വരുമെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്ന് സിനി പറയുന്നു.
ഫെബ്രുവരി 24നു വൈകിട്ടാണ് ്എനോസിനെ കാണാതായത്. മുംബൈ ബാന്ദ്ര കേന്ദ്രീകരിച്ച് ഓ.എൻ.ജി.സി എണ്ണ സംസ്‌കരണ പ്ലാറ്റ്ഫോമിലെ ജോലിക്കിടെ കടലിൽ കാണാതായെന്നാണ് ബന്ധുക്കളെ കമ്പനിയിൽ നിന്ന് അറിയിച്ചത്. എന്നാൽ എനോസിനെ കണ്ടെത്തുന്നതിൽ കാര്യമായ ഒരു നടപടിയും കമ്പനിയുടെ ഭാഗത്തുനിന്നുണ്ടാകാത്തത് ദുരൂഹമാണെന്ന് മാതാപിതാക്കൾ ആരോപിച്ചു.
ഓ.എൻ.ജി.സിക്കായി കരാർ അടിസ്ഥാനത്തിൽ ഇലക്ട്രിക്കൽ ജോലി ചെയ്യുന്ന ബറോഡയിലെ സിസ്റ്റം പ്രൊട്ടക്ഷൻ എന്ന കമ്പനിയിലെ ഇലക്ട്രിക്കൽ എൻജിനിയറായിരുന്നു എനോസ്. ഫെബ്രുവരി 12 മുതൽ എനോസ് മുംബൈയിലെ പ്ലാറ്റ്ഫോമിൽ ജോലി ചെയ്തു വരികയായിരുന്നു. എല്ലാ ദിവസവും വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാൽ സംഭവ ദിവസം എനോസ് സുഹൃത്തുക്കൾക്ക് അയച്ച ചില സന്ദേശങ്ങളാണ് ദുരൂഹതയ്ക്കു കാരണമാകുന്നത്. മുംബൈ നഗരത്തിൽ നിന്ന് 150 കിലോമീറ്റർ അകലെ കടലിലുള്ള ഹൈ സൗത്ത് എന്ന എണ്ണ സംസ്‌കരണ പ്ലാറ്റ്ഫോമിലായിരുന്നു സംഭവസമയത്തു ജോലി ചെയ്തിരുന്നത്.
തന്റെ സൂപ്പർവൈസറായുള്ള കരൺ എന്ന ആളിനെ സംബന്ധിച്ച് എനോസ് അയച്ച ചില സന്ദേശങ്ങൾ സംശയങ്ങൾക്കു കാരണമാകുന്നുണ്ട്. കരണും എനോസും മാത്രമായി സംഭവദിവസം ജോലി ഇല്ലാത്ത മറ്റൊരു പ്ലാറ്റ് ഫോമിലേക്കു പോയതായി പറയുന്നു. തിരികെ വന്നശേഷം എനോസ് വിവസ്ത്രനായി നിൽക്കുന്നതു കണ്ടുവെന്നും പിന്നീട് വെള്ളത്തിൽ കിടക്കുന്നതു കാണുകയായിരുന്നുവെന്നുമാണ് കരണിന്റെ മൊഴി. കരണിനെ പിന്തുണയ്ക്കുന്ന തരത്തിൽ കമ്പനി അധികൃതർ നിലപാടെടുക്കുകയായിരുന്നുവെന്നും പിതാവ് ഗീവർഗീസ് ബേബി.
എനോസിനെ കാണാതായതറിഞ്ഞ് ഗീവർഗീസ് മുംബൈ യെലോ ഗേറ്റ് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയിരുന്നു. ഓ.എൻ.ജി.സിയുടെ പരാതിയും പൊലീസിൽ ലഭിച്ചിരുന്നു. എനോസിനെ കണ്ടെത്താൻ ശ്രമിക്കാമെന്നല്ലാതെ കൂടുതൽ നടപടികളുണ്ടാകുന്നില്ല.
എന്താണു നടന്നതെന്നു കൃത്യമായ വിവരം തങ്ങൾക്കു ലഭിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇതിനിടെ കരൺ നാട്ടിലേക്കു വിളിച്ചു എനോസ് അയച്ച സന്ദേശങ്ങളെക്കുറിച്ച് ആരാഞ്ഞിരുന്നതായി സഹോദരൻ എബി വർഗീസ് പറഞ്ഞു. എനോസിനെ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവർക്കും എംപി, എംഎൽഎ തുടങ്ങിയവർക്കും നിവേദനം നൽകിയിട്ടുണ്ട്.
വിഷയം ആന്റോ ആന്റണി എംപി പാർലമെന്റിൽ ഉന്നയിക്കുമെന്ന് വീട്ടിലെത്തി പറഞ്ഞിരുന്നു. എന്നാൽ, അതെന്തായെന്ന് വീട്ടുകാർക്ക് അറിയില്ല. സമാന ദുരന്തം നേരിട്ടതായി വയനാട്ടിലുള്ള ഒരു യുവ എൻജിനീയറുടെ വീട്ടുകാർ തന്നെ അറിയിച്ചുവെന്ന് ഗീവർഗീസ് പറയുന്നു. മൂന്നുമാസം മുൻപാണ് ഇയാളെ കടലിൽ കാണാതായതെന്ന് ഓഎൻജിസിയിൽ നിന്ന് അറിയിച്ചിരുന്നുവെന്ന് പറയുന്നു. ഇതു വരെയും ഇയാളുടെ മൃതദേഹം പോലും കിട്ടിയിട്ടില്ലത്രേ.
ശ്രീലാല് വാസുദേവന് മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്