- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഉള്ളൂരിലെ ഡോക്ടറെ പറ്റിച്ചതും ഉത്തരേന്ത്യൻ സംഘം; ഓൺലൈൻ തട്ടിപ്പ് തുടരുമ്പോൾ
തിരുവനന്തപുരം: പൊലീസ് എത്ര പറഞ്ഞാലും ആരും പഠിക്കില്ല. സമൂഹത്തിൽ ഉന്നത നിലയിലുള്ളവരേയും തട്ടിപ്പുകാർ പറ്റിക്കുന്നത് തുടരുന്നു. തിരുവനന്തപുരത്ത് ഓൺലൈൻ തട്ടിപ്പിനിരയായ ഡോക്ടർക്ക് മൂന്നരക്കോടി രൂപ നഷ്ടമായി എന്നത് ഞെട്ടിക്കുന്ന വാർത്തയാണ്. വാട്സാപ്പ് ഗ്രൂപ്പുവഴി സൗഹൃദം സ്ഥാപിച്ചാണ് തട്ടിപ്പുകാർ ഉള്ളൂർ സ്വദേശിയായ ഡോക്ടറുടെ പണം തട്ടിയത്.
സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഓൺലൈൻ തട്ടിപ്പിലൂടെ അടുത്തിടെ നഷ്ടമാകുന്ന ഏറ്റവും വലിയ തുകയാണിത്. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് തട്ടിപ്പ് നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. ഇത്തരം സംഘങ്ങൾക്കെതിരെ പൊലീസ് നിരന്തരം പ്രചരണം നടത്താറുണ്ട്. സോഷ്യൽ മീഡിയയിൽ അറിയിപ്പും എത്തും. പരിചയമില്ലാത്ത ആർക്കും പണം നൽകരുതെന്ന മുന്നറിയ്‌പ്പ് ഡോക്ടറും അവഗണിച്ചു.
പ്രമുഖ ബാങ്കിന്റെ ഷെയർ ട്രേഡിങ് റിസർച്ച് സംഘമെന്ന് വിശ്വസിപ്പിച്ചാണ് കഴിഞ്ഞ മാർച്ചിൽ ഡോക്ടറെ ഇവർ വാട്സാപ്പ് മുഖേന സമീപിച്ചത്. തുടർന്ന് ഓൺലൈൻ ട്രേഡിലൂടെ വൻലാഭം വാഗ്ദാനം ചെയ്ത് വിശ്വാസമാർജിച്ചു. ഇതിനായി അംഗീകൃത ഓഹരി വിപണി ആപ്പാണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പിനുള്ള ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയ്യിച്ചു. പിന്നിട് നടന്നതെല്ലാം വിശ്വാസം നേടിയെടുക്കാനുള്ള തന്ത്രമായിരുന്നു. അങ്ങനെ ഡോക്ടർ കോടികൾ നിക്ഷേപിച്ചു.
15,000 രൂപയാണ് ആദ്യം നിക്ഷേപിച്ചത്. ഇതിന് നാലിരട്ടി ലാഭം ലഭിച്ചതോടെ വിശ്വസ്യതയേറി. തുടർന്ന് രണ്ടാഴ്ചയ്ക്കകം വൻ തുകകൾ അക്കൗണ്ടിലൂടെ കൈമാറി. 1.25 കോടി വരെ ഒരുമിച്ച് കൈമാറി. ഓഹരികൾ വാങ്ങാനെന്ന പേരിലും കമ്മിഷൻ, നികുതി, സർവീസ് ചാർജ് എന്നീ പേരിലും വിവിധ അക്കൗണ്ടുകളിലേക്ക് പണം വാങ്ങി. അത് തട്ടിപ്പാണെന്ന് ഡോക്ടറും തിരിച്ചറിഞ്ഞില്ല.
കഴിഞ്ഞദിവസം വലിയ തുക ലാഭവിഹിതം എത്തിയതായി സന്ദേശവും ലഭിച്ചു. ഇതനുസരിച്ച് പണം പിൻവലിക്കാൻ എത്തിയപ്പോഴാണ് തട്ടിപ്പിന് ഇരയായാതായി വ്യക്തമായത്. ഇതോടെ പൊലീസിൽ പരാതി നൽകി. വമ്പൻ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് നിഗമനം. ഐപി അഡ്രസുകൾ കണ്ടെത്തി പ്രതികളിലേക്ക് അന്വേഷണം എത്തിക്കാനാണ് പൊലീസ് നീക്കം. ഡോക്ടറുടെ മൊഴിയും പണം നൽകിയ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ഓൺലൈനിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നതിനെതിരെ പരാതിനൽകുന്നതിന് കേരളാ പൊലീസിന്റെ കോൾസെന്റർ സംവിധാനം അടക്കം നിലവിലുണ്ട്. ഓൺലൈനിലൂടെ സാമ്പത്തിക ഇടപാട് നടത്തുന്നവരെ ലക്ഷ്യം വച്ചുള്ള തട്ടിപ്പുകൾ വർദ്ധിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി. ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നവർക്ക് കാലതാമസമില്ലാതെ പരാതി നൽകാൻ ഇതിലൂടെ കഴിയും.
സൈബർ സാമ്പത്തിക ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടാലുടൻ ഉപഭോക്താക്കൾ കോൾസെന്ററുമായി ബന്ധപ്പെടണം. ലഭിക്കുന്ന പരാതികൾ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി ബാങ്ക് അധികാരികളെ പൊലീസ് അടിയന്തിരമായി അറിയിച്ച് പണം കൈമാറ്റം ചെയ്യുന്നത് തടയും. തുടർന്ന് പരാതികൾ സൈബർ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ സ്വീകരിക്കും.