കണ്ണൂർ: ജൂവലറി ജീവനക്കാരിയുടെ മരണത്തിനിടയാക്കിയ ഓൺലൈൻ തട്ടിപ്പിനു ശേഷം കണ്ണൂരിൽ വീണ്ടും ഓൺലൈൻ ജോലി വാഗ്ദാനം ചെയ്തു കോടികളുടെ തട്ടിപ്പുനടത്തിയെന്ന പരാതിയിൽ സൈബർ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. വീട്ടിലിരുന്ന് ബിസിനസ് ചെയ്ത് ലക്ഷങ്ങൾ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ച മൂന്നു പേരിൽ നിന്നായി ഓൺലൈൻ തട്ടിപ്പ് സംഘം ഒരു കോടിയോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് സൈബർ സെൽ പൊലിസ് കേസെടുത്തു ശാസ്ത്രീയ അന്വേഷണമാരംഭിച്ചത്.

തട്ടിപ്പുകാർ അയച്ചുകൊടുത്ത ലിങ്കിൽ പ്രവേശിച്ച പിണറായി വെണ്ടുട്ടായി സ്വദേശിനിയായ 28 കാരിയെ ഈ മാസം 14 മുതൽ 19 വരെയുള്ള കാലയളവിൽ ഓൺലൈൻ ആപ് വഴി 2,41,000 രൂപയും, കോയ്യോട് സ്വദേശിഷിജിനിൽ നിന്നും ഇക്കഴിഞ്ഞ ഫെബ്രവരി ഒൻപതു മുതൽ മാർച്ച് 17 വരെയുള്ള കാലയളവിൽ 26, 22,000 രൂപയും, മയ്യിൽ എട്ടേയാർ സ്വദേശി വിനീത് വിജയനിൽ നിന്നും ഈ മാസം 13 മുതൽ 21 വരെ യുള്ള കാലയളവിൽ വീട്ടിൽ നിന്നും ടെലഗ്രാം ഗ്രൂപ്പ് വഴി36,23,900 രൂപയുമാണ് സംഘം തട്ടിയെടുത്തത്.

തട്ടിപ്പിനിരയായവർ സൈബർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചതെന്നും ഇത്തരം തട്ടിപ്പുകളിൽ വീഴുന്നതിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് സൈബർ സെൽ സി. ഐ സനൽകുമാർ കണ്ണൂർസൈബൽ സെൽ ഓഫീസിൽ അറിയിച്ചു. ഒന്നര മാസം മുൻപ് കണ്ണൂർ നഗരത്തിലെ ഒരു ജൂവലറി ജീവനക്കാരിയിൽ നിന്നും പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്തു എട്ടുലക്ഷം രൂപ തട്ടിയെടുത്തിരുന്നു.

ഇതിന്റെ മനോവിഷമത്താൽ കണ്ണൂർ അഞ്ചുകണ്ടിയിലെ യുവതി പയ്യാമ്പലം ബേബി ബീച്ചിലെ കടലിൽ ചാടി ആത്മഹത്യ ചെയ്തിരുന്നു. ഇതിനു ശേഷം നിരവധി പരാതികളാണ് ഓൺ ലൈൻതട്ടിപ്പിന് ഇരയായെന്നു ചൂണ്ടിക്കാട്ടി കണ്ണൂർ സൈബർ പൊലിസിന് ലഭിച്ചുവരുന്നത്. അഞ്ചുകണ്ടിസ്വദേശിനിയും ഇടച്ചേരിയിൽ താമസിക്കുന്നവരുമായി റോഷിതയാണ് ഓൺലൈൻ തട്ടിപ്പിനിരയായി ജീവനൊടുക്കിയത്. ഇവരുടെ അക്കൗണ്ടിൽ നിന്നും ഉത്തരേന്ത്യക്കാരായ സംഘം രണ്ടു ദിവസം കൊണ്ടു എട്ടുലക്ഷം രൂപ തട്ടിയെടുത്തതായി പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.

ഇതിനു ശേഷം ഓൺ ലൈൻ തട്ടിപ്പുകൾക്കെതിരെ സൈബർ പൊലിസ് നിരീക്ഷണം ശക്തമാക്കിവരികയാണ്. ഓൺലൈൻ തട്ടിപ്പിനിരയാകുന്നവർ ബാങ്കുമായി ബന്ധപ്പെടുന്നതിന് മുൻപേ തന്നെ എത്രയും പെട്ടെന്നു തന്നെ സൈബർ പൊലിസിന്റെ ടോൾ ഫ്രീ നമ്പറായ 1930വിളിച്ചു പരാതി രജിസ്റ്റർ ചെയ്താൽ പണം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ കഴിയുമെന്നാണ് സൈബർ പൊലിസിന്റെ മുന്നറിയിപ്പ്.