കോഴിക്കോട്: എന്തിനും ഏതിനും ഓൺലൈനിനെ ആശ്രയിക്കുന്നത് മലയാളികളുടെ ശീലമായി മാറിയിട്ടുണ്ടിപ്പോൾ. എന്നാൽ, ഓൺലൈനിലേക്ക് കാര്യങ്ങൾ മാറിയതോടെ തട്ടിപ്പുകളുടെ എണ്ണവും കൂടി വന്നു. പലവിധത്തിലുള്ള സൈബർ തട്ടിപ്പുകളാണ് ഇപ്പോൾ നടക്കുന്നത്. ഇത് സൈബർ സെല്ലിന് ഇരട്ടി ജോലിഭാരം വരുത്തുകയും ചെയ്യുന്നു. കോഴിക്കോട് ഓൺലൈനിൽ നിർമ്മാണ സാമഗ്രികൾ വാങ്ങാൻ ശ്രമിച്ചവർക്കാണ് പണി കിട്ടിയത്.

നിർമ്മാണ സാമഗ്രികൾ നൽകാമെന്നു പറഞ്ഞ് കബളിപ്പിച്ച് നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ നിന്ന് പത്തു ലക്ഷത്തോളം രൂപ തട്ടിയെടുക്കുയായിരുന്നു. കേസിലെ പ്രധാന പ്രതിയെ കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ നീരവ് ബി ഷാ എന്ന മുംബൈ സ്വദേശിയെയാണ് മുംബൈയിലെ ബോറിവലിയിൽ വെച്ച് കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.

ഓൺലൈനിൽ നിർമ്മാണസാമഗ്രികൾ ലഭിക്കുന്നതിനായി അന്വേഷണം നടത്തിയ കമ്പനിക്ക് നിർമ്മാണ സാമഗ്രികൾ താരതമ്യേന കുറഞ്ഞ വിലയ്ക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഒരു വ്യാജ കമ്പനി സമീപിക്കുകയായിരുന്നു. തുടർന്ന് വ്യാജ ജിഎസ്ടി ബിൽ അയച്ചുകൊടുത്തു. ഇതിൽ വിശ്വസിച്ച് പണം മുൻകൂറായി നൽകി.

പണം മുൻകൂർ കൈപ്പറ്റി നിർമ്മാണ സാമഗ്രികൾ നൽകാതെ വഞ്ചിച്ചു എന്നായിരുന്നു കമ്പനിയുടെ പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയുടെ കയ്യിൽ നിന്ന് പല പേരുകളിലുള്ള എടിഎം കാർഡുകളും പാൻ കാർഡുകളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദിനേഷ് കോറോത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നിരവധി ഫോൺ നമ്പരുകളും കോൾ വിവരങ്ങളും ബാങ്ക് അക്കൗണുകളും പരിശോധിച്ചും ഒട്ടേറെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം.