ഇടുക്കി: ജില്ലയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പുകൾ സജീവമായി. ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പുകളാണ് കുടുതലും. ഓൺലൈൻ ഡേറ്റ എൻട്രിയുടെ പേരിൽ വൻ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. മാസത്തിൽ ലക്ഷങ്ങൾ സമ്പാദിക്കാമെന്ന പരസ്യം നൽകിയാണ് ആളുകളെ ആകർഷിക്കുന്നത്.ഫോട്ടോയും തിരിച്ചറിയൽ കാർഡിന്റെ കോപ്പിയും രജിസ്ട്രേഷൻ ഫീസായി ഒരു തുകയും വാങ്ങും. തുടർന്ന് മാറ്റർ അയച്ചു കൊടുക്കും.ഇതു ശരിയാക്കി അയച്ചു കഴിയുമ്പോൾ ഓരോ കാരണം പറഞ്ഞു നിരാകരിക്കും.

ജനങ്ങൾ ഷോപ്പിങ്ങിനും ബില്ലുകൾ അടയ്ക്കുന്നതിനുമായി ഓൺലൈൻ തെരഞ്ഞെടുത്തതോടെയാണ് തട്ടിപ്പും സജീവമായത്. ദിവസവും പുത്തൻ രീതിയിലുള്ള തട്ടിപ്പുകളാണ് അരങ്ങേറുന്നത്. പണം നഷ്ടപ്പെടുന്ന കേസുകളുടെ എണ്ണം വർധിക്കുമ്പോഴും പ്രതികളെ പിടികൂടാനാകാതെ കുഴയുകയാണ് പൊലീസ്.

നിയമവ്യവസ്ഥകളേയും വെല്ലുവിളിച്ച് ഉയർന്ന പൊലീസുദ്യോഗസ്ഥരുടെ വ്യാജ അക്കൗണ്ടുവരെ സൃഷ്ടിച്ചാണ് പണം തട്ടുന്നത്.അടിയന്തരമായി പണം ആവശ്യമുണ്ടെന്നും ഏതാനും ദിവസങ്ങൾക്കകം മടക്കിനൽകാമെന്നുള്ള സന്ദേശമാണ് പലർക്കും വരുന്നത്. തങ്ങളുടെ ഫേസ്‌ബുക്കും വാട്സ്ആപ്പും വഴി അടുത്ത സുഹൃത്തിന്റെ അല്ലങ്കിൽ ബന്ധുവിന്റെ സന്ദേശമെന്ന തരത്തിലാണ് എത്തുന്നത്.

ആവശ്യപ്പെടുന്ന തുക അത്ര വലുതല്ലാത്തതിനാൽ ഉടൻ തന്നെ പണം ഗൂഗിൾ പേ വഴിയോ മറ്റോ അയയ്ക്കും. പണം തിരികെ ചോദിച്ച് സുഹൃത്തിനെ വിളിക്കുമ്പോൾ മാത്രമാണ് തട്ടിപ്പിനിരയായെന്ന് അറിയാൻ കഴിയുന്നത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നിരവധി കേസുകളാണുണ്ടായിരിക്കുന്നത്. ഓൺലൈനിലൂടെ ലോണുകൾ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകളും വർധിക്കുന്നുണ്ട്. ലളിതമായ വ്യവസ്ഥകൾ എന്ന പരസ്യം കണ്ട് പെട്ടന്ന് ലോൺ തരപ്പെടുമെന്ന് വിശ്വസിച്ച് തട്ടിപ്പിനിരയാകുന്നത് നൂറുകണക്കിനുപേരാണ്.

ഓൺലൈൻ തട്ടിപ്പിന്റെ മറ്റൊരു രൂപമാണ് അക്കൗണ്ടിൽ 2000 രൂപ അയച്ചിട്ടുണ്ടെന്ന സന്ദേശം. ഇതുവിശ്വസിച്ച് ലിങ്കിൽ ക്ലിക്കുചെയ്തവർക്ക് തങ്ങളുടെ അക്കൗണ്ടിലുള്ള പണം നഷ്ടമായ കേസുകളുമുണ്ട്.ഓൺലൈൻ തട്ടിപ്പുകൾ ഭൂരിഭാഗവും നടത്തുന്നത് ഉത്തരേന്ത്യൻ സംഘമാണെന്നാണ് ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്ന സെബർ സെല്ലിലെ ഉദ്യോഗസ്ഥർ പറയുന്നു. ഇത്തരക്കാരെ കണ്ടുപിടിക്കാൻ പലപ്പോഴും സാധിക്കാറില്ലന്നും പൊലീസ് പറയുന്നു.