കണ്ണൂർ: ഇരിട്ടിയിൽ ഓൺലൈൻ തട്ടിപ്പിനിരയായ വീട്ടമ്മയ്ക്കു രണ്ടരലക്ഷം രൂപ നഷ്ടമായ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായി സൈബർ സെൽപൊലിസ് അറിയിച്ചു. എഫ്. ഐ. ആർ രജിസ്റ്റർ ചെയ്തു ഇരിട്ടി പൊലിസ് കൈമാറിയ കേസാണ് സൈബർ സെൽ പൊലിസ് ഏറ്റെടുത്തത്. സൈബർ സെൽ സി. ഐ സനൽകുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

ജർമൻ സ്വദേശിയായ ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് സോഷ്യൽ മീഡിയയിലൂടെ വീട്ടമ്മയെ കബളിപ്പിച്ചത്. തട്ടിപ്പുകാരൻ ഇവരുമായി സൗഹൃദംസ്ഥാപിക്കുകയും സ്വർണവും യൂറോയും ഉൾപ്പെടെ വീട്ടമ്മയ്ക്ക് സമ്മാനമായി അയച്ചിട്ടുണ്ടെന്ന് സന്ദേശം അയക്കുകയുമായിരുന്നു. സമ്മാനത്തിന്റെ വീഡിയോ ഉൾപ്പെടെയുള്ളവ വീട്ടമ്മയ്ക്ക് ഫോണിലൂടെ നൽകുകയും ചെയ്തു.

ഇതിനിടെ ഡൽഹി വിമാനത്താവളം വഴി എത്തിയ സമ്മാനം വിമാനത്താവള അധികൃതർ പിടിച്ചുവെച്ചിരിക്കുകയാണെും ഇതു വിട്ടു നൽകാൻ രണ്ടരലക്ഷത്തിലധികം രൂപ ചെലവാകുമെന്നും ഈ പണം നൽകിയാൽ കോടികൾ വിലമതിക്കുന്ന സമ്മാനമാണ് ലഭിക്കുന്നതെന്നും ജർമൻ സ്വദേശിയായ യുവതി ഫോണിലൂടെ അറിയിക്കുകയായിരുന്നു.ഇയാളെ വിശ്വസിച്ച വീട്ടമ്മ ഗൂഗിൾ പേ വഴി പണം പലതവണയായി നൽകിയെങ്കിലുംസമ്മാനം മാത്രംലഭിച്ചില്ല.

ഇതേ തുടർന്നാണ് വഞ്ചനയ്ക്കിരയായെന്നു ബോധ്യപ്പെട്ടതിനെ തുടർന്ന് ഇരിട്ടി പൊലിസിൽ പരാതി നൽകിയത്. സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയുമായി അടുത്ത സൗഹൃദം സ്ഥാപിക്കുകയും എല്ലാദിവസവും രാവിലെ ഗുഡ് മോണിങും രാത്രി ഗുഡ് നൈറ്റും വിശേഷദിവസങ്ങളിൽ മറ്റു ആശംസകൾ നൽകിയുമാണ് ഇവരെ വലയിലാക്കിയത്.

ഇതുവഴി ബന്ധം ദൃഡമാക്കുകയും വിശ്വാസം പിടിച്ചു പറ്റിയതിനു ശേഷം തട്ടിപ്പു നടത്തുകയുമായിരുന്നു. നേരത്തെ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്തു നിരവധി തട്ടിപ്പുകളാണ് ഉത്തരേന്ത്യൻ സംഘം നടത്തിയത്. കണ്ണൂർ താവക്കരയിലെ ജൂവലറി ജീവനക്കാരി ജീവനൊടുക്കിയതിനു പിന്നിൽ എട്ടുലക്ഷംരൂപ നഷ്ടപ്പെട്ടതിനെ തുടർന്നായിരുന്നു.