- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂവി പ്ലാറ്റ്ഫോം കമ്പനിയിൽ പാർട്ട്‌ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് 13 ലക്ഷം; നിക്ഷേപത്തിൽ ലാഭവിഹിതമെന്ന പേരിൽ 1.30 ലക്ഷം; വാട്സാപ്പിലൂടെയും ടെലിഗ്രാമിലൂടെയും ഉള്ള ഓൺലൈൻ ട്രേഡിങ് തട്ടിപ്പിൽ നിരവധി പേർക്ക് ലക്ഷങ്ങൾ നഷ്ടം
കാസർകോട്: ഓൺലൈൻ തട്ടിപ്പുകാരെ കൊണ്ടു ജനം പൊറുതിമുട്ടിയിരിക്കുകയാണ്. ആവർത്തിച്ചുള്ള പൊലീസ് അറിയിപ്പുകൾ പോലും പലരും കാണുന്നില്ല. ഓൺലൈൻ ട്രേഡിങ്ങ്, പാർട്ട് ടൈം ജോലി എന്നിവയുടെ മറവിൽ പണം തട്ടിയെടുക്കുന്നുവെന്ന പരാതികളിൽ കാസർകോഡ് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ രണ്ട് ദിവസത്തിനിടെ നാലു കേസുകൾ രജിസ്റ്റർ ചെയ്തു. ലക്ഷക്കണക്കിന് രൂപയാണ് പലരിൽ നിന്നുമായി സംഘം തട്ടിയെടുത്തത്.
കാസർകോട് തളങ്കര സ്വദേശിയുടെ 13 ലക്ഷം രൂപ ഇത്തരത്തിൽ നഷ്ടമായി. മൂവി പ്ലാറ്റ്‌ഫോം എന്ന കമ്പനിയിൽ പാർട്ട് ടൈം ജോലി വാഗ്ദാനം നൽകിയാണ് രൂപ തട്ടിയെടുത്തത്. ചട്ടഞ്ചാൽ തെക്കിൽ സ്വദേശിയുടെ 1.30 ലക്ഷം രൂപ നഷ്ടമായത് വാട്‌സാപ്പിലൂടെ നിക്ഷേപത്തിൽ ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് പറ്റിച്ചാണ്. സമാനമായ രീതിയിൽ ബോവിക്കാനം സ്വദേശിയുടെ 1.22 ലക്ഷം രൂപയും നഷ്ടമായി.
വാട്‌സാപ്പിലൂടെയും ടെലിഗ്രാമിലൂടെയും ഓൺലൈൻ ട്രേഡിങ്ങ് കാണിച്ചാണ് പണം പോയത്. ട്രേഡിങ്ങ് ലിങ്കിൽ ക്ലിക്ക് ചെയ്തതിലൂടെ മാങ്ങാട് ബാര സ്വദേശിയുടെ 9,9999 രൂപ നഷ്ടപ്പെട്ടു. തട്ടിപ്പുകാർ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക വഴിയാണ് തട്ടിപ്പിനിരയായത്. പൊലീസ് നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കുന്നതാണ് പലർക്കും പണം നഷ്ടമാകാൻ പ്രധാന കാരണം.
മുൻകരുതലുകൾ
*പണം ഇരട്ടിപ്പിക്കാം എന്ന് പറഞ്ഞ് സമീപിക്കുന്നവരെ അകറ്റി നിർത്തുക.
* ആര് അയച്ചുതന്നിരിക്കുന്ന ലിങ്കിലും ക്ലിക്ക് ചെയ്യരുത്. ഇതിലൂടെ നിങ്ങളുടെ ഫോണിന്റെ മുഴുവൻ നിയന്ത്രണവും അവർക്ക് ലഭിക്കും. നിങ്ങൾക്ക് വരുന്ന OTP അടക്കം എല്ലാം അവർ കൈക്കലാക്കും.
*ഓൺലൈൻ പാർട്ടൈം ജോബുകൾ ലഭിക്കാൻ പണം ആവശ്യപ്പെടുന്നവരെ സൂക്ഷിക്കുക. ജോലി ലഭിക്കാനായി ഇത്തരക്കാർക്ക് പണം നൽകാതിരിക്കുക.
* ഓൺലൈൻ ഗെയിമുകളാണ് മറ്റൊരു വില്ലന്മാർ. ഗെയിമിങ്ങിലൂടെ പണം സമ്പാദിക്കുമ്പോൾ അതിന് പിന്നിൽ വലിയൊരു ചതി ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ഓർക്കുക.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്