കൊല്ലം: ഓഹരി വ്യാപാരത്തിന്റെ പേരില്‍ കിളികൊല്ലൂര്‍ സ്വദേശിയില്‍നിന്ന് 1.75 കോടി രൂപ തട്ടിയെടുത്ത കേസില്‍ മൂന്നുപേരടങ്ങുന്ന തട്ടിപ്പുസംഘത്തെ കൊല്ലം സിറ്റി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ഭൂതപ്പാറ ഒകെ ക്വാര്‍ട്ടേഴ്‌സിലെ എന്‍.പി. തൗസീഫ് (25), തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരിതായില്‍ ഹൗസിലെ ടി.എസ്. രഖേഷ് (35), തൃശ്ശൂര്‍ മാടായിക്കോണം തെക്കൂട്ട് ഹൗസിലെ ടി.എം. അമര്‍രാജ് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഫോറിന്‍ എക്‌സ്‌ചേഞ്ച് ട്രേഡിങ്ങില്‍ കുറച്ച് സമയത്തിനുള്ളില്‍ വന്‍ ലാഭമുണ്ടാകുമെന്ന് വിശ്വസിപ്പിച്ചാണ് സംഘം യുവാവില്‍ നിന്ന് പണം തട്ടിയെടുത്തത്. യഥാര്‍ത്ഥ ട്രേഡിങ്ങ് പ്ലാറ്റ്ഫോമിന്റെ പേരില്‍ വ്യാജ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യിക്കുകയും അതിലൂടെ പലതവണകളായി പണം നിക്ഷേപിപ്പിക്കുകയും ചെയ്തു. ആപ്പില്‍ ലാഭം വര്‍ധിക്കുന്നതായി കാണിച്ചതിനാല്‍ കൂടുതല്‍ തുകകള്‍ നിക്ഷേപിച്ചു.

സഹോദരിയുടെ പേരിലുള്ള സ്വത്തുക്കള്‍ വരെ പണയവെച്ച് യുവാവ് നിക്ഷേപം തുടരുകയും ഒടുവില്‍ കൊടുത്ത പണമോ അതില്‍ നിന്ന് കിട്ടുന്ന ലാഭമോ തിരികെ ലഭിക്കാതിരിക്കുകയും ചെയ്തു. ഇതോടയാണ് തട്ടിപ്പ് മനസിലാകുന്നത്. ഇതിനുശേഷമാണ് യുവാവ് പോലീസിനെ സമീപിച്ചത്. സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ തട്ടിയെടുത്ത തുക വിവിധ അക്കൗണ്ടുകളിലേക്ക് കൈമാറിയതും അതില്‍ ഒരു ഭാഗം തൗസീഫിന്റെ അക്കൗണ്ടില്‍ എത്തിച്ചതും രഖേഷ് ബാങ്കില്‍നിന്ന് പിന്‍വലിച്ച് അമര്‍രാജിന് കൈമാറിയതും തെളിഞ്ഞു.

സിറ്റി സൈബര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ അബ്ദുല്‍ മനാഫിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ഗോപകുമാര്‍, നിയാസ്, നന്ദകുമാര്‍, എഎസ്‌ഐ അരുണ്കുമാര്‍, സിപിഒമാരായ അബ്ദുള്‍ ഹബീബ്, വൈശാഖ്, സോനുരാജ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.