തിരുവനന്തപുരം: ഊരൂട്ടമ്പലത്തെ അമ്മയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി മാഹിൻകണ്ണ് വിദ്യയുടെ അച്ഛനെയും അമ്മയെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘത്തിന് സംശയം.വിദ്യയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ ശേഷം മാഹിൻകണ്ണ് വിദ്യയുടെ അച്ഛനെയും അമ്മയെയും പൂവാറിലേക്ക് വിളിപ്പിച്ചു.

2011 ഓഗസ്റ്റ് 22 ന് രാത്രി 7.04 നാണ് മാഹിൻ അമ്മ രാധയെ വിളിച്ചത്. ഫോൺ സംഭാഷണം 598 സെക്കന്റ് നീണ്ടു നിന്നു. ഇപ്പോൾ പൂവാറിലേക്ക് നിങ്ങൾ മാത്രം വന്നാൽ മകളെയും കുഞ്ഞിനെയും കാണിച്ച് തരാം എന്ന് പറഞ്ഞതായി വിദ്യയുടെ അമ്മ പറയുന്നു. ഇത് അമ്മയേയും അച്ഛനേയും വിളിച്ചു വരുത്തി കൊല്ലാനുള്ള പദ്ധതിയായിരുന്നുവെന്നാണ് സൂചന. രണ്ടു പേരേയും കൊന്ന് ഗൾഫിലേക്ക് കടക്കാനായിരുന്നു മാഹിൻകണ്ണ് പദ്ധതിയിട്ടത്. പൂവാറിലുള്ള കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഈ വഴിയിലേക്ക് അന്വേഷണം നീളും.

2011 ഓഗസ്റ്റ് 18 നാണ് മാഹിൻ കണ്ണ് വിദ്യയെയും കുഞ്ഞിനെയും കടലിൽ തള്ളിയിട്ട് കൊന്നത്.2011 ഓഗസ്റ്റ് 21 ന് തമിഴ് പത്രത്തിൽ വിദ്യയുടെ ഫോട്ടോ അടക്കമുള്ള മൃതദേഹം കിട്ടിയ വാർത്തയും വന്നിരുന്നു.2011 ഓഗസ്റ്റ് 20 ഉച്ചയ്ക്ക് ഫോൺ സ്വിച്ച് ഓഫ് ചെയ്ത മാഹിൻ കണ്ണ് ഫോൺ ഓൺ ചെയ്തത് 22 ന് വൈകീട്ട് 7 മണിക്ക്.ഫോൺ ഓൺ ചെയ്തതിന് ശേഷമുള്ള ആദ്യ കാളാണ് മാഹിൻ വിദ്യയുടെ അമ്മ രാധയെ വിളിച്ചത്.

2011 ഓഗസ്റ്റ് 22 ന് പൂവാർ പൊലീസ് മാഹിൻകണ്ണിന് വിട്ടയച്ച ശേഷമാണ് ഈ ഫോൺവിളി.രാധയെയും ഭർത്താവ് ജയചന്ദ്രനെയും തനിച്ച് വിളിച്ച് വരുത്തി കൊലപ്പെടുത്താനായിരുന്ന പദ്ധതിയെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.2011 ൽ അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ച വ്യക്തമാക്കുന്നതാണ് പുറത്തു വരുന്ന വിവരങ്ങൾ.

കിടപ്പാടം വിറ്റ പണം പോലും പൊലീസിന് കൈക്കൂലി നൽകി തീർന്നെന്നാണ് വിദ്യയുടെ അമ്മ പറയുന്നത്. തുടക്കം മുതൽ തെളിവുകളെല്ലാം മാഹിൻ കണ്ണിനെതിരായിരുന്നു. വിദ്യയുടെ തിരോധാനത്തിന് ശേഷം അറിയാവുന്ന വിവരങ്ങളെല്ലാം പൊലീസിനോട് പലവട്ടം പറഞ്ഞിട്ടും പരാതിയുമായി പൊലീസ് സ്റ്റേഷൻ കയറി ഇറങ്ങിയിട്ടും ഫലമുണ്ടായില്ല.

ഫോൺ രേഖകളടക്കം തെളിവുകളൊന്നും പരിശോധിച്ചുമില്ല. സുഹൃത്തിന്റെ വീട്ടിൽ വിദ്യയെയും കുഞ്ഞിനെയും ആക്കിയെന്ന മാഹിൻകണ്ണിന്റെ ഒറ്റ വാക്ക് വിശ്വാസത്തിലെടുത്ത് പൊലീസ് കേസൊതുക്കി. 2019 ലെ ഐഎസ് റിക്രൂട്ടിംഗിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് വർഷങ്ങളായി മാറനല്ലൂർ പൊലീസ് ഉഴപ്പിക്കളഞ്ഞ ഈ കേസിലെ നിർണ്ണായക വിവരങ്ങൾ വീണ്ടും പൊടിതട്ടിയെടുക്കുന്നത്. മാഹിൻകണ്ണിനെ വീണ്ടും ചോദ്യം ചെയ്തു. പക്ഷേ എന്നിട്ടും വിദ്യയും കുഞ്ഞും എവിടെയാണെന്ന് മാത്രം മാഹിൻകണ്ണ് പറഞ്ഞില്ല. ഒന്നിന് പുറകെ ഒന്നായി വാർത്തകളിലൂടെ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ വെച്ചു. അന്വേഷണ സംഘം രൂപീകരിച്ച് ഒരു മാസത്തിനുള്ളിലാണ് എല്ലാവരും തള്ളിക്കളഞ്ഞ കേസ് കൊലപാതകമെന്ന് തെളിയുന്നത്. .

വിദ്യയെയും മകളെയും ഒഴിവാക്കാനാണ് തമിഴ്‌നാട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി കടലിൽ തള്ളി കൊലപ്പെടുത്തിയത് എന്നാണ് മാഹിൻകണ്ണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് പറഞ്ഞത്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണ് 11 വർഷം മുൻപ് നടന്ന കൊലപാതകം തെളിഞ്ഞത്. മത്സ്യക്കച്ചവടക്കാരനായ മാഹിൻ കണ്ണിനെ ചന്തയിൽവച്ചാണ് വിദ്യ പരിചയപ്പെടുന്നത്. ഒരുമിച്ച് ജീവിക്കുന്നതിനിടെ വിദ്യ പെൺകുഞ്ഞിനു ജന്മം നൽകി. പിന്നീടാണു മാഹിൻകണ്ണ് വിവാഹിതനാണെന്ന് അറിയുന്നതും പരസ്പരം വഴക്കിലാകുന്നതും. വിദ്യയെ ഒഴിവാക്കാൻ ഭാര്യയുമായി കൂടിയാലോചിച്ചാണു മാഹിൻകണ്ണ് കൊലപാതകം ആസൂത്രണം ചെയ്തത്.

''എന്നെയും വാവച്ചിയെയും കുറിച്ച് അണ്ണൻ ചിന്തിക്കുന്നില്ല. എനിക്കും വാവയ്ക്കും എന്തെങ്കിലും സംഭവിച്ചാൽ മനു അണ്ണനാണ് (മാഹിൻകണ്ണ്) കാരണം' വിദ്യ നോട്ടുബുക്കിൽ എഴുതി. ഇതു കണ്ട വീട്ടുകാരുടെ സംശയം വർധിച്ചു. വിദ്യയെ കാണാതായ 2011 ഓഗസ്റ്റ് 18ന് വിദ്യയുടെ അമ്മ രാധ നിരവധി തവണ ഫോൺ വിളിച്ചെങ്കിലും എടുത്തില്ല. പിന്നീട് മാഹിൻകണ്ണാണ് ഫോൺ എടുത്തത്. ഫോൺ വിദ്യയ്ക്കു കൊടുക്കാൻ കഴിയില്ലെന്നും കുഞ്ഞിനു ഹോട്ടലിൽനിന്നു ഭക്ഷണം കൊടുക്കുകയാണെന്നും മറുപടി നൽകി.

തുടർച്ചയായി വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. രാത്രി പത്തരയോടെ സ്വിച്ച് ഓഫ് ആയ ഫോൺ പിറ്റേന്നാണ് ഓൺ ആയത്. നാലാം ദിവസം കുടുംബം പരാതി നൽകി. തിരോധാനത്തിൽ മാഹിൻ കണ്ണിനെ സംശയമുണ്ടെന്നു പൊലീസിനോട് പറഞ്ഞെങ്കിലും കാര്യമായ അന്വേഷണം നടന്നില്ല. വിദ്യ ആത്മഹത്യ ചെയ്യില്ലെന്നു കുടുംബം പൊലീസിനോട് പറഞ്ഞിരുന്നു. ഓട്ടോ കസ്റ്റഡിയിലെടുത്തെങ്കിലും മാഹിനിനെ വിട്ടയച്ചു. വിദ്യയെ തമിഴ്‌നാട്ടിൽ സുഹൃത്തിന്റെ വീട്ടിലാക്കിയെന്നാണു മാഹിൻ പറഞ്ഞത്. ഇക്കാര്യം ശരിയാണോ എന്ന് അന്വേഷിക്കാൻ പൂവാർ പൊലീസ് തയാറായില്ല.

തേങ്ങാപ്പട്ടണത്തുനിന്നാണ് വിദ്യയുടെ മൃതദേഹം കിട്ടിയത്. കുളച്ചൽ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണു മകളുടെ മൃതദേഹം കിട്ടിയത്. പുതുക്കട പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തിയാൽ മറ്റു പൊലീസ് സ്റ്റേഷനുകളിലേക്കു വിവരം കൈമാറും. ആദ്യം കേസ് അന്വേഷിച്ച പൂവാർ പൊലീസ് ഇത്തരം വിവരങ്ങൾക്കു പുറകെ പോയില്ല. ജില്ലാ ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുത്തശേഷം മാഹിൻകണ്ണിനെ ചോദ്യം ചെയ്തു.

വിദ്യയെയും മകളെയും തമിഴ്‌നാട്ടിലാക്കിയെന്നും ആത്മഹത്യ ചെയ്‌തോ എന്നറിയില്ലെന്നും മാഹിൻകണ്ണ് പൊലീസിനോട് പറഞ്ഞു. പൊലീസ് ഫോൺ രേഖ ഉൾപ്പെടെയുള്ള തെളിവുകൾ നിരത്തിയതോടെ മാഹിൻകണ്ണ് കുറ്റം സമ്മതിച്ചു. മാഹിൻകണ്ണിന്റെ ഭാര്യ റുഖിയയ്ക്കും സംഭവത്തിൽ പങ്കുണ്ട്.