- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിൽ കുണ്ടന്നൂരിലെ ബാറിൽ വെടിവെപ്പ്; മദ്യപിച്ചിറങ്ങിയ രണ്ടുപേർ റിസപ്ഷനിലെ ചുമരിലേക്ക് രണ്ട് റൗണ്ട് വെടിയുതിർത്തു; ആർക്കും പരിക്കില്ല; ബാർ അധികൃതർ പരാതി നൽകിയത് മൂന്ന് മണിക്കൂറുകൾക്ക് ശേഷം; പ്രതികൾക്കായി തിരച്ചിൽ; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ്; ബാർ സീൽ ചെയ്തു; ഫോറൻസിക് സംഘം പരിശോധിക്കും
കൊച്ചി: കൊച്ചി കുണ്ടന്നൂരിലെ ബാറിൽ വെടിവെപ്പ്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് വെടിവെപ്പുണ്ടായത്. കുണ്ടന്നൂർ ഓജീസ് കാന്താരി ബാറിൽ നിന്ന് ഇറങ്ങിയ സംഘം വെടിയുതിർക്കുകയായിരുന്നു. റിസപ്ഷനിൽ നിന്ന് ഇറങ്ങുംവഴിയാണ് വെടിയുതിർത്തത്.
മദ്യപിച്ചിറങ്ങിയ രണ്ട് പേർ ബാറിന്റെ റിസപ്ഷനിലെ ചുമരിലേക്ക് രണ്ട് റൗണ്ട് വെടി വയ്ക്കുകയായിരുന്നു. ആർക്കും പരിക്കില്ല. രാത്രി 7 മണിയോടെയാണ് ബാർ ഉടമകൾ പരാതി നൽകിയത്. പ്രതികൾക്കായി തിരച്ചിൽ തുടങ്ങി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.
ബാറിലെത്തിയ രണ്ട് പേർ മദ്യപിച്ച് കാശ് കൗണ്ടറിൽ കാശ് കൊടുത്ത ശേഷം തോക്ക് കൊണ്ട് ഭിത്തിയിലേക്ക് വെടിയുതിർക്കുകയായിരുന്നുവെന്ന് ഹോട്ടൽ അധികൃതർ പറഞ്ഞു. ഇവർ പിന്നീട് ഓട്ടോറിക്ഷയിൽ കയറി പോവുകയായിരുന്നു. സ്ഥിരമായി മദ്യപിക്കാനെത്തുന്നവരല്ലെന്നും യാതൊരു പ്രകോപനവുമില്ലാതെയാണ് ഇവർ വെടിവെച്ചതെന്നും ഹോട്ടൽ അധികൃതർ മരട് പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. വൈകിട്ട് നാലുമണിയോടെ നടന്ന സംഭവത്തിൽ രാത്രി ഏഴിനാണ് ബാർ അധികൃതർ അറിയിച്ചയെന്ന് മരട് പൊലീസ് പറഞ്ഞു.
സംഭവത്തെതുടർന്ന് ബാർ താൽക്കാലികമായി അടച്ചിടാൻ അധികൃതർക്ക് പൊലീസ് നിർദ്ദേശം നൽകി. ബാർ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മരട് പൊലീസ് പരിശോധന നടത്തിയെങ്കിലും വെടിയുണ്ട കണ്ടെത്താനായില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വെടിയുതിർത്തവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഫോറൻസിക് സംഘം ബാറിൽ പരിശോധന നടത്തും.
എയർഗൺ ഉപയോഗിച്ചാണ് വെടിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. ബാർ ഉടമകൾ വൈകിട്ട് ഏഴ് മണിയോടെ പൊലീസിൽ പരാതി നൽകിയതോടെയാണ് വിവരം പുറത്തുവന്നത്. കേസെടുത്ത പൊലീസ് ബാറിൽ എത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
വെടിയുതിർത്തവരെക്കുറിച്ച് ഇതുവരെ വിവരങ്ങൾ ലഭ്യമായിട്ടില്ല. പ്രകോപനപരമായ കാര്യങ്ങളോ തർക്കങ്ങളോ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. പ്രകോപനം ഒന്നുമില്ലാതെയാണ് വെടിയുതിർത്തതെന്ന് ജീവനക്കാർ വ്യക്തമാക്കി.
സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷം ബാർ അധികൃതർ പരാതി നൽകിയത് പൊലീസിന് തിരിച്ചടിയായി. ബാറിന്റെ ഗേറ്റ് പുറത്തുനിന്നും പൂട്ടിയ ശേഷമാണ് പൊലീസ് പരിശോധന നടത്തുന്നത്. സീൽ ചെയ്ത ഹോട്ടലിൽ ഫോറൻസിക് സംഘം പരിശോധന നടത്തും.
മറുനാടന് മലയാളി ബ്യൂറോ