ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള സൈബർ തട്ടിപ്പുകാരെ കൊണ്ട് ആകെ വലഞ്ഞ അവസ്ഥയിലാണ് വിദേശ രാജ്യങ്ങളിലെ അന്വേഷണ ഏജൻസികളും. എഫ്ബിഐയും ഇന്റർപോളും അടക്കമുള്ളവർക്ക് നിരവധി പരാതികളാണ് ഇന്ത്യയിലെ സൈബർ തട്ടിപ്പിൽ ലഭിച്ചത്. ഇതോടെ സിബിഐ കർശന നടപടിയുമായി രംഗത്തുവരികയും ചെയ്തു. യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ), ഇന്റർപോൾ എന്നിവിടങ്ങളിൽ നിന്നും ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ രാജ്യവ്യാപകമായി റെയ്ഡ് നടന്നു.

ഇന്ത്യയിലെ ചില കോൾ സെന്ററുകൾ യുഎസ് പൗരന്മാരെ ബന്ധപ്പെട്ട് പണമിടപാടുകളുടെ പേരിൽ വഞ്ചിക്കുന്നതായി എഫ്ബിഐ ഇന്റർപോളിന് പരാതി നൽകിയിരുന്നു. രാജ്യത്തുടനീളം 87 സ്ഥലങ്ങളിൽ സിബിഐയും 18 സ്ഥലങ്ങളിൽ സംസ്ഥാന പൊലീസും പരിശോധന നടത്തി. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പൊലീസ് സേനയുടെ സഹകരണത്തോടെയാണ് തിരച്ചിൽ നടത്തിയത്. റോയൽ കനേഡിയൻ മൗണ്ടൻ പൊലീസ്, ഓസ്ട്രേലിയൻ ഫെഡറൽ ഏജൻസി എന്നിവരും തട്ടിപ്പുകളെ കുറിച്ച് വിവരങ്ങൾ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൈബർ കുറ്റവാളികൾക്കെതിരെ 'ഓപ്പറേഷൻ ചക്ര' എന്ന പേരിൽ പരിശോധന ആരംഭിച്ചത്.

300ഓളം പ്രതികൾ നിരീക്ഷണത്തിലാണ്. സൈബർ തട്ടിപ്പ് നടത്തിയ രണ്ട് കോൾ സെന്ററുകൾ പിടിച്ചെടുത്തതായി സിബിഐ അറിയിച്ചു. രാജസ്ഥാനിൽ നടത്തിയ പരിശോധനയിൽ ഒന്നരക്കോടി രൂപയും ഒന്നര കിലോ സ്വർണവും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്. ഡൽഹിയിലെ അഞ്ച് സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിന് പുറമെ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, പഞ്ചാബ്, ചണ്ഡീഗഡ്, രാജസ്ഥാൻ, അസം, കർണാടക എന്നിവിടങ്ങളിലേക്കും സംഘം പോയി. പരിശോധനകൾക്ക് പിന്നാലെ സിബിഐ ഒന്നിലധികം കേസുകൾ രജിസ്റ്റർ ചെയ്തു. ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ വിശകലനം ചെയ്തുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളും ഡാർക്ക് വെബിലെ സൈബർ കുറ്റകൃത്യ പ്രവർത്തനങ്ങളും ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും ഏജൻസി വീണ്ടെടുത്തിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇതുമായി ബന്ധമുള്ള ഒരാളെ പഞ്ചാബിലും തിരിച്ചറിഞ്ഞിട്ടുണ്ട്, അവർ കൂട്ടിച്ചേർത്തു. സിബിഐയുടെ സൈബർ ക്രൈം വിഭാഗമാണ് ഈ ഓപ്പറേഷൻ ഏകോപിപ്പിക്കുന്നത്.

സിബിഐ അടുത്തിടെ ആരംഭിച്ച അന്താരാഷ്ട്ര പ്രവർത്തന വിഭാഗമായ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിവിഷനാണ് ഈ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഒക്ടോബർ 18ന് ഡൽഹിയിൽ നടക്കുന്ന ഇന്റർപോൾ കോൺഫറൻസിന് മുന്നോടിയായി സിബിഐ നേതൃത്വം നൽകുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് റെയ്ഡ്.-