ഹൈദരാബാദ്: നൂറ് കോടി രൂപ വാഗ്ദാനം ചെയ്ത് ടിആർഎസ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ചെന്ന കേസിൽ ബിജെപിക്കെതിരെ നീക്കം കടുപ്പിച്ചു തെലുങ്കാന പൊലീസ്. അന്വേഷണം ബിജെപിയിലേക്ക് നേരിട്ടു കടക്കുകയാണ്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ്, തുഷാർ വെള്ളാപ്പള്ളി, ജഗ്ഗുസ്വാമി എന്നിവർക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി തെലങ്കാന പൊലീസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ വിസമ്മതിച്ചതോടെയാണ് തെലുങ്കാന പൊലീസ് അടുത്ത ഘട്ടത്തിലേക്ക് കടന്ത്.

ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടർന്നാണ് മൂന്നുപേർക്കും പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. തെലങ്കാനയിൽ ടിആർഎസ് എംഎൽഎമാരെ വിലയ്ക്കു വാങ്ങാൻ ബിജെപി ശ്രമിച്ചതിന്റെ തെളിവുകൾ പൊലീസ് കണ്ടെത്തിയിരുന്നു. ബി എൽ സന്തോഷിന്റേതടക്കമുള്ള നേതാക്കളുടെ പേരുകൾ പുറത്തുവിട്ട ഓഡിയോ ക്ലിപ്പുകളടങ്ങുന്നതാണ് തെളിവുകൾ.കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് മൂന്നുപേർക്കും പൊലീസ് നോട്ടീസയച്ചിരുന്നു. എന്നാൽ ഹാജരായില്ല. ഹാജരായില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികൾ നേരിടേണ്ടിവരുമെന്നും തെലങ്കാന പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.

കേസിൽ ബിജെപി ബന്ധമുള്ള രാമചന്ദ്ര ഭാരതി, നന്ദ കുമാർ, സിംഹായജി സ്വാമി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയാണ് കൂറുമാറ്റശ്രമത്തിന് നേതൃത്വം വഹിച്ചതെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു വാർത്താസമ്മേളനം വിളിച്ച് പറഞ്ഞിരുന്നു. കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം ഇന്നലെ ഹൈദരാബാദിൽ എത്താനായിരുന്നു നിർദേശിച്ചിരുന്നത്. സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിച്ചവരോട് യാതൊരു വിട്ടുവീഴ്‌ച്ചയുമില്ലാത്ത നിലപാടാണ് തെലുങ്കാന പൊലീസ് സ്വീകരിക്കുന്നത്.

കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിലെ എസ്‌പി രമാ രാജേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘം ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ കാണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് നോട്ടീസ് നൽകിയിരുന്നു. അന്വഷണ സംഘം എത്തിയപ്പോൾ തുഷാർ വെള്ളാപ്പള്ളി സ്ഥലത്തില്ലാത്തതിനാൽ ഓഫീസ് സെക്രട്ടറി നോട്ടീസ് കൈപ്പറ്റി. നാല് എംഎൽഎമാർക്ക് കൂറുമാറാൻ ഇടനിലക്കാർ 100 കോടി വാഗ്ദാനം നൽകിയെന്നാണ് ടിആർഎസ് മുഖ്യമന്ത്രിയുടെ ആരോപണം.

കേസുമായി ബന്ധപ്പെട്ട വീഡിയോ, കോൾ റെക്കോർഡിങ് തെളിവുകളടക്കം പുറത്ത് വിട്ടാണ് കെ സി ആർ 'ഓപ്പറേഷൻ ലോട്ടസ് ആരോപണം നടത്തിയത്. രാമചന്ദ്ര ഭാരതിയുമായുള്ള ബന്ധമാണ് തുഷാറിനെ വിവാദത്തിലാക്കിയത്. ജഗ്ഗു സ്വാമി വഴിയാണ് തുഷാർ രാമചന്ദ്ര ഭാരതിയെ പരിചയപ്പെട്ടത്. ഇവരുമായി ചേർന്ന് ഓപ്പറേഷൻ കമലവുമായി രംഗത്തുവന്നെന്നാണ് ഉയരുന്ന ആരോപണം.

ഇതിനിടയിൽ സംഭവത്തിൽ അറസ്റ്റിലായ 3 ഇടനിലക്കാർ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവർ തുഷാറിനെ ബന്ധപ്പെട്ടതിന്റെ ഫോൺ വിവരങ്ങളും തെലങ്കാന മുഖ്യമന്ത്രി പുറത്തുവിട്ടിരുന്നു. കേസ് പരിഗണിക്കുമ്പോൾ ഈ തെളിവുകൾ കോടതിയിൽ സമർപ്പിക്കാനാണ് തെലങ്കാന സർക്കാരിന്റെ തീരുമാനം. മാത്രമല്ല ഈ തെളിവുകൾ തെലങ്കാന സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷനും കൈമാറിയിട്ടുണ്ട്. കെസിആറിന്റെ ഈ ആരോപണം ബിജെപിയും തുഷാർ വെള്ളാപ്പള്ളിയും തള്ളിയിരുന്നു.

അതേസമയം തുഷാറിന്റെ സാമ്പത്തിക ഇടപെടുകൾ കൂടി തെലുങ്കാന പൊലീസ് അന്വേഷിക്കും. ഇതും തുഷാറിന് വെല്ലുവിളിയാണ്. കേസിൽ കൊച്ചിയിൽ പലയിടത്തുമായി പരിശോധനിലാണ് തെലുങ്കാന പൊലീസ്. കൊല്ലത്തെ വള്ളിക്കാവിലെ ആശ്രമത്തിൽ അടക്കം ഡോ. ജഗ്ഗു സ്വാമിയെ തേടി തെലുങ്കാന പൊലീസ് എത്തിയിരുന്നു. ജഗ്ഗു സ്വാമിയെ തേടി പൊലീസ് അന്വേഷണം നടത്താൻ കാരണം രാമചന്ദ്ര ഭാരതിയെന്ന സതീശ് ശർമ്മയെ അറസ്റ്റു ചെയ്തതാണ്. രാമചന്ദ്ര ഭാരതിയെ തുഷാർ വെള്ളാപ്പള്ളിക്ക് പരിചയപ്പെടുത്തി കൊടുത്തത് ജഗ്ഗു സ്വാമി ആയിരുന്നു. ഇതോടായാണ് ജഗ്ഗു സ്വാമിയെ തേടി തെലുങ്കാന പൊലീസ് എത്തുന്നത്.