കൊച്ചി: കേന്ദ്ര നാർക്കോട്ടിക് ബ്യൂറോ നടത്തിയ രാജ്യത്തെ ഏറ്റവും വലിയ മയക്കു മരുന്ന് വേട്ടയിൽ പിടിച്ചെടുത്തത് 12,000 കോടി വിലമതിക്കുന്ന 2500 കിലോ മയക്കുമരുന്ന്. ദക്ഷിണ നാവിക സേനയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും സംയുക്തമായി ചേർന്നാണ് ഉൾക്കടലിൽ കപ്പലിൽ നിന്നും പിടിച്ചെടുത്തത്. ഒരുപാക്കിസ്ഥാൻകാരനെയും ഇറാൻകാരനെയും കസ്റ്റഡിയിലെടുത്തു.

നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു കടലിൽ പരിശോധന നടത്തിയത്. 2500 കിലോ മെതാംഫെറ്റാമിനാണ് കണ്ടെടുത്തത്. മയക്കുമരുന്നുകടത്തിയ മദർഷിപ്പ് ഒരു ഇന്ത്യൻ ഏജൻസി പിടികൂടുന്നത് ഇതാദ്യമാണ്. പിടിച്ചെടുത്ത മയക്കുമരുന്ന് നാവികസേനയുടെ സഹായത്തോടെ കൊച്ചിയിൽ എത്തിച്ചു.

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള മയക്കുമരുന്ന് കടത്തിന് കടിഞ്ഞാണിടാൻ ലക്ഷ്യമിടുന്ന ഓപ്പറേഷൻ സമുദ്രഗ്രുപ്തിന്റെ ഭാഗമായിരുന്നു മയക്കുമരുന്ന് വേട്ട. ദക്ഷിണമേഖല വഴിയുള്ള കഴിഞ്ഞ ഒന്നരവർഷത്തെ ഏറ്റവും വലിയ മൂന്ന് മയക്കുമരുന്ന് വേട്ടകളിൽ ഒന്നാണിത്. 3200 കിലോ മെതാംഫെറ്റാമിൻ, 500 കിലോ ഹെറോയിൻ, 529 കിലോ ഹാഷിഷ് എന്നിവ ഓപ്പറേഷൻ സമുദ്രഗുപ്തിന്റെ ഭാഗമായി പിടിച്ചെടുത്തിട്ടുണ്ട്. ശ്രീലങ്കയിൽ നിന്നും മാലദ്വീപിൽ നിന്നും ലഭിച്ച വിവരങ്ങൾ ക്രോഡീകരിച്ചായിരുന്നു ഓപ്പറേഷൻ.

ഓപ്പറേഷൻ സമുദ്രഗുപ്തിന്റെ ഭാഗമായി 2022 ഫെബ്രുവരിയിൽ ഗുജറാത്ത് തീരത്ത് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും നേവിയും നടത്തിയ സംയുക്ത റെയ്ഡിൽ 763 കിലോഗ്രാം മയക്കുമരുന്ന് പിടികൂടിയിരുന്നു. അന്താരാഷ്ട്ര വിപണിയിൽ 2000 കോടി രൂപ വിലവരുന്നതായിരുന്നു മയക്കുമരുന്ന്. 529 കിലോ ഹാഷിഷ്, 221 കിലോ ക്രിസ്റ്റൽ രൂപത്തിലുള്ള മെതാംഫെറ്റാമിൻ, 13 കിലോ ഹെറോയിൻ എന്നിവയാണ് റെയ്ഡിൽ പിടിച്ചെടുത്തത്. പോർബന്തർ തീരത്തേക്ക് വിവിധ ബാഗുകളിലായാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. ബലൂച്ചിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നായിരുന്നു ഇവ കൊണ്ടുവന്നത്.

2022 ഒക്ടോബറിൽ കേരളതീരത്ത് മയക്കുമരുന്നുമായി ഇറാനിയൻ ബോട്ട് പിടികൂടിയിരുന്നു. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 200 കിലോ ഹെറോയിനാണ് പിടികൂടിയത്. ആറ് ഇറാൻ മയക്കുമരുന്ന് കടത്തുകാരും അറസ്റ്റിലായി.

ബലൂച്ചിസ്ഥാന് അടുത്തുള്ള മാക്രൻ തീരത്ത് നിന്ന് വൻതോതിൽ മെതാംഫെറ്റാമിനുമായി കപ്പൽ നീങ്ങിയിട്ടുണ്ടെന്ന് നാവികസേനയുടെ ഇന്റലിജൻസ് വിഭാഗത്തിന് വിവിരം കിട്ടിയതോടെയാണ് കഴിഞ്ഞ ദിവസത്തെ ഓപ്പറേഷൻ. നാവിക സേന കപ്പൽ തടഞ്ഞ് പിടികൂടിയപ്പോൾ 134 ചാക്ക് മെതാംഫെറ്റാമിനുണ്ടായിരുന്നു. കപ്പലിൽ നിന്ന് ഒരു ഇറാൻകാരനെയും പിടികൂടി. കപ്പലിനൊപ്പം ഉണ്ടായിരുന്ന സ്പീഡ് ബോട്ടിൽ നിന്ന് പാക്കിസ്ഥാൻകാരനെയും പിടികൂടി. നാവികസേന പിടികൂടിയ കപ്പലിൽ നിന്നുള്ള മയക്കുമരുന്നും, സ്പീഡ് ബോട്ടും, അറസ്റ്റിലായവരെയും മട്ടാഞ്ചേരി വാർഫിലെത്തിച്ച് നാവികസേനയ്ക്ക് കൈമാറി.

അഫ്ഗാനിലെ തീവ്രവാദ കേന്ദ്രങ്ങളിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് ഇന്ത്യയിലേക്ക് ഒഴുകുമ്പോൾ നിരീക്ഷണം ശക്തമാക്കാൻ കേന്ദ്ര ഏജൻസികൾ തീരുമാനിച്ചിരുന്നു. നേരത്തെ ഗുജറാത്തിനു സമീപം കടലിൽ പിടിയിലായ പാക്ക് ബോട്ടിൽനിന്ന് 50 കിലോ ഹെറോയിൻ പിടിച്ചെടുത്തിരുന്നു. അതിന് തൊട്ടു മുമ്പ് 1200 കോടിയുടെ ഹെറോയിൻ കൊച്ചി തീരത്തും പിടിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്നും പാക്കിസ്ഥാനിൽനിന്നും ഇന്ത്യയിലേക്ക് കടത്തുകയായിരുന്ന മയക്കുമരുന്ന് മുംബൈയിലും ഗുജറാത്തിലുമായി മാസങ്ങൾക്ക് മുമ്പ് പിടികൂടിയിരുന്നു. ഇന്ത്യയിലെ ഒരു വമ്പൻ സ്രാവ് ഇതിന് പിന്നിലുണ്ടെന്ന് അന്വേഷണ ഏജൻസികൾക്ക് വിലയിരുത്തുന്നു.

കൊച്ചി തീരത്ത് കൂടിയുള്ള ലഹരി കടത്തിന് പിന്നിൽ കുപ്രസിദ്ധ ആയുധ-ലഹരി കടത്തുകാരൻ ഹാജി സലിമും സംഘവുമെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കണ്ടെത്തിയിരുന്നു. ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) നോട്ടപ്പുള്ളിയാണ് പാക്കിസ്ഥാൻകാരനായ ഹാജി സലിം. ഇന്ത്യൻ തീരസേനയുടെ കണ്ണുവെട്ടിക്കാൻ അഫ്ഗാനിസ്ഥാനിൽ നിന്ന് പാക്കിസ്ഥാനിൽ എത്തിച്ച ഹെറോയിൻ പുറംകടലിൽ വച്ച് മാറ്റി പലവഴിക്ക് കൊച്ചിയിൽ എത്തിക്കും. അതിന് ശേഷം പലർക്കായി വീതിക്കും. കൊച്ചി തീരത്തു കൂടി ശ്രീലങ്കയിലേക്കും കടത്തും. ഈ നെറ്റ് വർക്കിലുള്ളവരാണ് പിടിയിലായത് എന്നാണ് സൂചന.

'ഹാജി സലിം ഡ്രഗ് നെറ്റ്‌വർക്' സംഘടനയിലൂടെയാണ് ഹാജി സലിം ആയുധ-ലഹരി കടത്തുകൾക്ക് നേതൃത്വം നൽകുന്നത്. ഉത്തരേന്ത്യയിലേക്ക് ഗുജറാത്ത് തീരം വഴി കടത്തുമ്പോൾ കൊച്ചിയിൽ എത്തിക്കുന്നത് ദക്ഷിണേന്ത്യയ്‌ക്കൊപ്പം ശ്രീലങ്കയേയും ലഹരിയിൽ മുക്കാനുള്ള ലഹരിയാണ്. ഹാജി സലിം പാക്കിസ്ഥാനിയാണ്. പാക്കിസ്ഥാനി ഡ്രഗ് സിൻഡിക്കേറ്റും പഴയ തമിഴ് പുലികളും തമ്മിലുള്ളത് അടുത്ത ബന്ധമാണ്. ദുബായിലെ സ്ഥിര സന്ദർശകനാണ് ഹാജി സലിം.

കുറച്ചു കാലം മുമ്പ് കേരളത്തിലെ തീരത്ത് ശ്രീലങ്കൻ ബോട്ടിലെ ഹെറോയിൻ കടത്ത് പിടിച്ചിരുന്നു.അന്ന് കുടുങ്ങിയവർക്ക് ഹാജി സലിമുമായി നേരിട്ട് ബന്ധമുണ്ടായിരുന്നു. ശ്രീലങ്കയിലേക്ക് എകെ 47 തോക്ക് കടത്തിയ കേസിലും ഇയാൾ സംശയ നിഴലിലാണ്. ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയാണ് ഹാജി സലിം എന്നും സൂചനകളുണ്ട്. ഹാജി സലിമിനെതിരെ നിരവധി തെളിവുകൾ ഇന്ത്യ കണ്ടെത്തിയിട്ടുണ്ട്.

അഫ്ഗാനിൽ നിന്ന് ഹെറോയിൻ വാങ്ങി പാക്കിസ്ഥാൻ ഇറാൻ അതിർത്തിയിൽ എത്തിക്കും. ഇറാനിലേയും പാക്കിസ്ഥാനിലേയും ചെറു തുറമുഖങ്ങളിൽ നിന്ന് ബോട്ടുകളിലേക്ക് ഇത് മാറ്റും. അതിന് ശേഷം കടലിൽ വച്ച് ചെറിയ ഉരുകളിലേക്കും ഡ്രഗ്‌സ് കൈമാറും. ഇത് സുരക്ഷിതമായി ശ്രീലങ്കയിൽ എത്തിക്കും. അവിടെ നിന്ന് ഇന്ത്യയിലേക്കും ഓസ്‌ട്രേലിയയിലേക്കും കടത്തും. എൽടിടിഇയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീലങ്കയിലെ തമിഴ് വംശജരിലെ തീവ്രവാദ സ്വഭാവമുള്ളവർ കടത്തിൽ പങ്കാളിയാകുന്നത്. ഇവരിലൂടെ കൊച്ചി വഴി കേരളത്തിലെ ഭീകര പ്രവർത്തകരിലേക്കും ഡ്രഗ്‌സ് എത്തുന്നു.