ന്യൂഡല്‍ഹി: പാക്കിസ്ഥാന് വേണ്ടി ചാപ്പണി ചെയ്തതിന് അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയെ വിശദമായി ചോദ്യം ചെയ്യുകയാണ് അന്വേഷണ ഏജന്‍സിന്‍കള്‍. ദേശീയ അന്വേഷണ ഏജന്‍സി, ഇന്റലിജന്‍സ് ബ്യൂറോ, മിലിട്ടറി ഇന്റലിജന്‍സ് സംഘം എന്നിവര്‍ ചോദ്യംചെയ്ത് തുടങ്ങിയിട്ടുണ്ട്. കാശ്മീരില്‍ അടക്കം ഇവര്‍ നടത്തിയ സന്ദര്‍ശനം അടക്കം അന്വേഷണ റഡാറിലാണ്. അതിനിടെ പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയതില്‍ തനിക്ക് ഖേദമില്ലെന്ന് അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് വിഭാഗത്തിലെ മൂന്ന് പേരുമായി ബന്ധമുണ്ടെന്ന് ജ്യോതി മല്‍ഹോത്ര സമ്മതിച്ചുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. എനിക്ക് ഒരു ഖേദവുമില്ല, താന്‍ എന്തെങ്കിലും തെറ്റ് ചെയ്തതായി വിശ്വസിക്കുന്നില്ല, ചെയ്തത് ന്യായമാണെന്നാണ് താന്‍ കരുതുന്നതെന്നും അവര്‍ ചോദ്യം ചെയ്യലിനിടയില്‍ മൊഴിനല്‍കിയെന്ന് അന്വേഷസംഘത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂസ് എക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സുരക്ഷാ ആശങ്കകള്‍ക്കിടയില്‍ ചില പ്രദേശങ്ങളിലെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ആ സമയങ്ങളിലും പാക്കിസ്ഥാനിലെ ഇന്റലിജന്‍സ് വിഭാഗത്തിലെ മൂന്ന് പേരുമായി ജ്യോതി ബന്ധപ്പെട്ടിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ള ചാര ശൃംഖലയുമായി ജ്യോതിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

2023 മുതല്‍ ഇവര്‍ പാക്കിസ്താന് വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയെന്നാണ് സൂചന. ജ്യോതിയുടെ സാമ്പത്തിക ഇടപാടുകളെയും യാത്രാവിശദാംശങ്ങളെയും കുറിച്ചുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്. പഹല്‍ഹാം ഭീകരാക്രമണത്തിനുശേഷം ഡല്‍ഹിയിലെ പാക് ഹൈക്കമ്മിഷന്‍ ഓഫീസിലേക്ക് കേക്കുമായി പോയ ജീവനക്കാരനുമായുള്ള ജ്യോതിയുടെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരെ പാക് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിക്രൂട്ടുചെയ്യുന്നുണ്ടെന്ന് കേന്ദ്ര ഏജന്‍സികള്‍ മുന്നറിയിപ്പുനല്‍കിയിരുന്നു. ഇന്ത്യയുടെ തന്ത്രപ്രധാനവിവരങ്ങളും സൈനികനടപടികളും ജ്യോതിയും പാക് ഉദ്യോഗസ്ഥരും തമ്മില്‍ സംസാരിച്ചിട്ടുണ്ടെന്നാണ് ഹരിയാണ പോലീസ് നല്‍കുന്ന സൂചന. യുട്യൂബില്‍ ഇവരെ പിന്തുടര്‍ന്നിരുന്നത് 3.87 ലക്ഷം പേരാണ്.

'ട്രാവല്‍ വിത്ത് ജെഒ' എന്ന യുട്യൂബ് ചാനല്‍ നടത്തിയിരുന്ന ഹിസാര്‍ സ്വദേശിയായ ജ്യോതിയെ (33) മേയ് 16-നാണ് അറസ്റ്റുചെയ്തത്. ചാരവൃത്തിക്കേസില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍നിന്ന് 12 പേരാണ് ഇതുവരെ അറസ്റ്റിലായത്. പാക്കിസ്താന്‍, ചൈന, മറ്റുചില രാജ്യങ്ങള്‍ എന്നിവ ജ്യോതി സന്ദര്‍ശിച്ചെന്ന് സ്ഥിരീകരിച്ചതിനാല്‍ കേന്ദ്ര ഏജന്‍സികളും സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും അവരുടെ യാത്രാവിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

ജ്യോതിയുടെ ലാപ്‌ടോപ്പിന്റെ ഫൊറന്‍സിക് പരിശോധന നടക്കുകയാണെന്നും യുട്യൂബറുമായി ബന്ധപ്പെട്ടിരുന്നവരെയും ചോദ്യംചെയ്യുമെന്നും പോലീസ് അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ഡല്‍ഹി പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനുമായി അവര്‍ ബന്ധപ്പെട്ടിരുന്നുവെന്ന് ഹിസാര്‍ എസ്പി ശശാങ്ക് കുമാര്‍ വ്യക്തമാക്കി. പഹല്‍ഗാം ആക്രമണത്തിനുമുന്‍പ് ജ്യോതി കശ്മീരില്‍ പോയിരുന്നുവെന്നും അതിനുമുന്‍പ് പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

2023-ല്‍ പാകിസ്താന്‍ സന്ദര്‍ശനത്തിന് ഹൈക്കമ്മിഷനില്‍ വിസ അപേക്ഷയ്ക്കായി എത്തിയപ്പോഴാണ് അവിടത്തെ ഡാനിഷ് എന്ന അഹ്‌സാന്‍ റഹീമുമായി പരിചയമാകുന്നത്. അഹ്സാനാണ് പാകിസ്താനിലെ അലി അഹ്സന്‍ എന്നയാളുമായി ജ്യോതിയെ പരിചയപ്പെടുത്തുന്നത്. ഇതിനുശേഷമാണ് ഇന്ത്യയുടെ തന്ത്രപ്രധാനവിവരങ്ങള്‍ ഇവര്‍ നല്‍കാന്‍ തുടങ്ങിയതെന്നും പോലീസ് പറയുന്നു. മകള്‍ പാകിസ്താനിലേക്ക് പോയതിനെക്കുറിച്ചോ യുട്യൂബ് ചാനലിനെക്കുറിച്ചോ അറിയില്ലെന്നും വീടുമായി ബന്ധംപുലര്‍ത്തിയിരുന്നില്ലെന്നും ജ്യോതിയുടെ പിതാവ് ഹരീഷ് മല്‍ഹോത്ര പറഞ്ഞു. ഡല്‍ഹിയിലേക്ക് പോകുന്നെന്നുപറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ജ്യോതി ഈ അടുത്ത് നടത്തിയ കശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ചും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. മൂന്ന് മാസം മുമ്പ് പഹല്‍ഗാം സന്ദര്‍ശിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആ സന്ദര്‍ശനത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം കണ്ടെത്താന്‍ പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നു. 'ഈ യാത്രയ്ക്ക് പിന്നില്‍ ചാരസംഘവുമായി എന്തെങ്കിലും ബന്ധമുണ്ടോ അതോ അവിടെ നിന്ന് എന്തെങ്കിലും വിവരങ്ങള്‍ അവള്‍ കൈമാറുകയായിരുന്നോ എന്ന് അന്വേഷിക്കുകയാണെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള വ്യക്തിയാണ് ജ്യോതി. തന്റെ യാത്രകളുടെ ഭാഗമായി ഏഴ് ദിവസം കേരളത്തിലും തങ്ങിയിട്ടുണ്ട് ഈ യൂട്യൂബര്‍. ബഡ്ജറ്റ് ഫ്രണ്ട്‌ലി കേരള യാത്രാ പ്ലാനെന്ന പേരില്‍ തന്റെ ഏഴ് ദിവസത്തെ കേരള സന്ദര്‍ശനത്തിന്റെ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കേരളത്തിലെ തിരുവനന്തപുരം,ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, കൊച്ചി എന്നിങ്ങനെ കേരളത്തിലെ വിവിധയിടങ്ങള്‍ ജ്യോതി സന്ദര്‍ശിച്ചതായി മൂന്നു മാസം മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോയില്‍ കാണാം.

ജ്യോതി രണ്ട് തവണ പാകിസ്താന്‍ സന്ദര്‍ശിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 'ഇന്ത്യക്കാരിയായ പെണ്‍കുട്ടി പാകിസ്താനില്‍' എന്ന പേരില്‍ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. 2023 ല്‍ പാകിസ്താനിലേക്ക് നടത്തിയ യാത്രയിലാണ് പാകിസ്താന്‍ ഹൈകമ്മീഷനിലെ ജീവനക്കാരനായ ദാനിഷിനെ പരിചയപ്പെടുന്നത്. ദാനിഷ് ജ്യോതിയെ പാകിസ്താന്‍ ഇന്റലിജന്‍സ് ഓപറേറ്റീവ്‌സിന് പരിചപ്പെടുത്തുകയും ജ്യോതിയുമായി നിരന്തരം ആശയവിനിമയം നടത്തുകയും ചെയ്തതായി എഫ്‌ഐആറില്‍ പറയുന്നു.

2023 ല്‍ തന്നെയാണ് രണ്ടാമത്തെ പാകിസ്താന്‍ സന്ദര്‍ശനവും നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. റന ഷഹബാസ്, ഷാക്കിര്‍, അലി എഹ്വാന്‍ എന്നിവരെ പരിചയപ്പെടുന്നതും ബന്ധം സ്ഥാപിക്കുന്നതും രണ്ടാമത്തെ സന്ദര്‍ശനവേളയിലാണ്. സംശയം തോന്നാതിരിക്കാന്‍ വ്യാജ പേരുകളിലാണ് ഇവരുടെ നമ്പറുകള്‍ സേവ് ചെയ്തത്. പിന്നീട് ഇവരിലൊരാള്‍ക്കൊപ്പം ബാലിയും ഇന്ത്യോനേഷ്യയും സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹരിയാന, പഞ്ചാബ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചാരശൃംഖലയിലെ മുഖ്യ കണ്ണിയാണ് ജ്യോതിയെന്ന് അധികൃതര്‍ വ്യക്തമാക്കി.