- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ആറു വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയത് അച്ഛനും അമ്മയും മകളും ചേർന്നുള്ള ഗൂഢാലോചന
കൊട്ടാരക്കര: നവംബർ 27ന് വൈകിട്ട് ഓയൂരിലെ ഓട്ടുമലയിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ കുറ്റപത്രം തയാറാക്കുന്നത് 'നരബലിയും അവയവ മാഫിയയും' അടക്കമുള്ള സംശങ്ങൾ തള്ളി. കേസിൽ മൂന്ന് പ്രതികൾ മാത്രമേ ഉണ്ടാകൂ. അന്തർ സംസ്ഥാന തട്ടിക്കൊണ്ടു പോകൽ മാഫിയയും സംശയത്തിൽ ഇല്ല. ഇതുമായി ബന്ധപ്പെട്ട മറ്റ് സംശയങ്ങളെല്ലാം തള്ളുന്നതാകും കുറ്റപത്രം. ഇതുടൻ കോടതിയിൽ സമർപ്പിക്കും.
ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (51), ഭാര്യ എം.ആർ.അനിതാകുമാരി (39), മകൾ പി.അനുപമ (21) എന്നിവർ മാത്രമാണു കേസിൽ പ്രതികൾ. അടുത്ത ദിവസങ്ങളിൽ തന്നെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് തീരുമാനം. മോചനദ്രവ്യത്തിനായി കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചെന്നാണ് കേസ്. മറ്റ് ദുരൂഹതകളൊന്നും അന്വേഷിക്കില്ല. അതിവേഗം വിചാരണ നടത്തി പ്രതികളെ ജയിലിൽ തന്നെ തളയ്ക്കാനാണ് പൊലീസ് നീക്കം. പ്രതികൾ അറസ്റ്റിലായി 50 ദിവസം കഴിഞ്ഞെങ്കിലും ജാമ്യാപേക്ഷ കോടതിയിൽ നൽകിയിട്ടില്ല. 90 ദിവസത്തിനകം കുറ്റപത്രം നൽകുന്നതോടെ വിചാരണ കഴിയും വരെ ജയിലിൽ തുടരേണ്ടി വരുമെന്നാണ് വിലയിരുത്തൽ.
എന്തുകൊണ്ടാണ് പ്രതികൾ ജാമ്യാപേക്ഷ നൽകാത്തതെന്നും ചോദ്യമായി ഉയരുന്നുണ്ട്. ഇവരെ സഹായിക്കാൻ ആരും തയ്യാറല്ലെന്നതിന്റെ സൂചന കൂടിയാണ് ഇത്. ഏതായാലും അതിശക്തമായ കുറ്റപത്രം തയ്യാറാക്കുമെന്നാണ് പൊലീസ് പറയുന്നത്. പത്മകുമാറിനും കുടുംബത്തിനുമുണ്ടായിരുന്ന സാമ്പത്തിക ബാധ്യതകളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള കാരണം. ബാലികയുടെ സഹോദരനാണ് സംഭവത്തിന്റെ ദൃക്സാക്ഷി. സാക്ഷിപ്പട്ടികയിൽ നൂറിലേറെ പേർ ഉണ്ട്. ശാസ്ത്രീയ തെളിവുകളാണ് ഏറെയും. ലാപ്ടോപ്, മൊബൈൽ ഫോൺ, നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ എന്നിവ കുറ്റപത്രത്തിന്റെ ഭാഗമായി സമർപ്പിക്കും. കാറിൽ കുട്ടിയുമായി യാത്ര ചെയ്യുന്ന ദൃശ്യവും കുറ്റപത്രത്തിന്റെ ഭാഗമാകും.
പത്മകുമാറിന്റെ വീട്ടിൽ കുട്ടിയെ പാർപ്പിച്ചതിന്റെ ശാസ്ത്രീയ തെളിവുകളുണ്ട്. ദൃശ്യങ്ങൾക്ക് പുറമേ പ്രതികളുടെ ശബ്ദവും കയ്യക്ഷരം ഉൾപ്പെടെയുള്ള തെളിവുകളും ശേഖരിച്ചിരുന്നു. ശാസ്ത്രീയ തെളിവുകളുടെ പരിശോധന ഫലം ലഭിക്കുന്ന മുറയ്ക്കു കോടതിക്ക് കുറ്റപത്രം കൈമാറും. ഇതിന് അധികം താമസമുണ്ടാകില്ല. ജീവപര്യന്തം ശിക്ഷ ഉറപ്പ് വരുത്തുന്ന വകുപ്പുകൾ പ്രകാരമാണ് കേസ്. ബാലികയെ തട്ടിക്കൊണ്ടുപോകൽ, അന്യായമായി തടവിൽ പാർപ്പിക്കുക, മുറിവേൽപിക്കുക, ഗൂഢാലോചന, തെളിവു നശിപ്പിക്കുക തുടങ്ങി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 361, 363, 370(4), 323, 34, 201 വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം.
പൂയപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസിന്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് അന്വേഷിച്ചത്. നാട്ടുകാരുടെ ജാഗ്രതയാണ് കുട്ടിയെ കണ്ടെത്തുന്നതിൽ നിർണ്ണായകമായത്.