തിരുവനന്തപുരം: കുണ്ടമൺകടവിലുള്ള സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ് എങ്ങുമെത്താത്ത കാര്യം എല്ലാവർക്കും അറിയാം. മൂന്നര വർഷം അന്വേഷിച്ച ശേഷം പൊലീസ് മുട്ടുമടക്കി. കഴിഞ്ഞ മാസം ആദ്യം കേസിലെ പ്രതികളെ കണ്ടെത്താൻ അൽമോറയിലെ ക്ഷേത്രത്തിൽ മണിമുഴക്കി പ്രാർത്ഥിച്ചുസ്വാമി സന്ദീപാനന്ദഗിരി. 'കേരളാ പൊലീസിന് അന്വേഷിച്ച് കണ്ടെത്താൻ പറ്റിയിട്ടില്ല, ക്രൈംബ്രാഞ്ചിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. പാതിരാത്രിയുടെ മറവിൽ ആശ്രമം കത്തിച്ച ദുഷ്ട ശക്തികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണേ ദേവീ' എന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് സന്ദീപാനന്ദഗിരി മൂന്നു തവണ മണിമുഴുക്കിയത്. 2018 ഒക്ടോബറിലാണ് ആശ്രമം ഒരു സംഘം കത്തിച്ചത്. ഏതായാലും ആശ്രമം കത്തിച്ച സംഭവത്തിൽ ഇടതുഅനുഭാവിയായ സ്വാമിക്ക് എതിരെ എതിരാളികൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും പരിഹാസം ഉതിർക്കാറുണ്ട്. ആശ്രമം സ്വാമി തന്നെ കത്തിച്ചതാണെന്നും, അതല്ല സിപിഎംകാരാണെന്നും ഒക്കെ ട്രോളുകൾ നിറഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ സന്ദീപാനന്ദഗിരിയുടെ ആശ്രമം വാർത്തകളിൽ നിറയുന്നത് ഔഷധി, ആശ്രമം ഏറ്റെടുക്കാൻ ശുപാർശ സമർപ്പിച്ചതോടെയാണ്.

പുതിയ ചികിത്സാ കേന്ദ്രം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം ഏറ്റെടുക്കാൻ ഔഷധിയുടെ നീക്കം. ആശ്രമം അടക്കം തിരുവനന്തപുരത്ത് നാല് സ്ഥലങ്ങളാണ് ചികിത്സാ കേന്ദ്രം നിർമ്മിക്കാൻ കണ്ടെത്തിയിട്ടുള്ളതെന്നാണ് ഔഷധി വിശദീകരിക്കുന്നത്. എന്നാൽ സ്ഥലം ഏറ്റെടുക്കുന്നതിന് തീരുമാനം ഒന്നും ആയില്ലെന്നാണ് സന്ദീപാനന്ദഗിരി പറയുന്നത്

കേന്ദ്ര സർക്കാരിന്റെ ആയുഷ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണ് ഔഷധിക്ക് ചികിത്സാ കേന്ദ്രങ്ങൾ വരുന്നത്. തിരുവനന്തപുരത്തെ ആശ്രമം അടക്കം നാല് സ്ഥലങ്ങൾ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമെ പത്തനംതിട്ട, കോട്ടയം, വയനാട,് കോഴിക്കോട് ജില്ലകളാണ് പരിഗണനയിൽ. അടിസ്ഥാന സൗകര്യങ്ങൾ ഉള്ള കെട്ടിടങ്ങൾക്കാണ് ആദ്യ പരിഗണന. സന്ദീപാനന്ദഗിരിയുടെ ആശ്രമം ഔഷധി അധികൃതർ സന്ദർശിച്ചെന്ന് ചെയർപേഴ്‌സൺ ശോഭന ജോർജ്ജ് പറഞ്ഞു.

എന്നാൽ വില അടക്കം മറ്റ് കാര്യങ്ങളിലൊന്നും ചർച്ചയോ തീരുമാനമോ ആയിട്ടില്ലെന്നാണ് വിശദീകരണം. സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിൽ സർക്കാർ അനുമതി കിട്ടിയാൽ വിനോദ സഞ്ചാരികളെ ആകർഷിക്കും വിധം ചികിത്സ കേന്ദ്രം ഒരുക്കാനാണ് ആലോചന. 1941 ൽ തൃശൂരിൽ ആരംഭിച്ച സ്ഥാപനം മറ്റ് ജില്ലകളിലേക്കൊന്നും പ്രവർത്തനം വ്യാപിപ്പിച്ചിരുന്നില്ല. .30 കോടിയിലേറെ രൂപ വിലവരുന്ന ഇടപാടാണിത്. 18,000 ചതുരശ്ര അടിയുള്ളതാണ് കെട്ടിടം. ഔഷധിയുടെ നിലവിലുള്ള വാർഷികാദായത്തിൽ നിന്നോ സർക്കാരുകളുടെ വിവിധ പദ്ധതികളിൽ പെടുത്തിയോ ആവശ്യമായ തുക കണ്ടെത്താമെന്നും എം ഡി സർക്കാരിന് അയച്ച കത്തിൽ പറയുന്നുണ്ട്.

ഏറ്റെടുക്കലിൽ ദുരൂഹത

ആശ്രമത്തിൽ, ഔഷധിയുടെ മെഡിവെൽനെസ് സെന്റർ തുടങ്ങാനുള്ള നീക്കത്തിൽ സുതാര്യതയില്ലെന്നാണ് ആരോപണം. ബോർഡിനെ മുഴുവൻ കാര്യങ്ങളും അറിയിക്കാതെ മാനേജിങ് ഡയറക്ടർ നേരിട്ട് സർക്കാരിനെ അറിയിച്ചതോടൊണ് വിവാദമായത്. തിരുമല വില്ലേജിൽ കരമനയാറിന്റെ തീരത്തുള്ള 73 സെന്റിലെ ആശ്രമമാണ് സർക്കാർ വാങ്ങാനൊരുങ്ങുന്നത്. വിശദപദ്ധതി റിപ്പോർട്ട് (ഡി.പി.ആർ.), നീക്കിവെക്കേണ്ട തുക എന്നിവയെക്കുറിച്ച് ഒരുതലത്തിലും തീരുമാനമെടുത്തിട്ടില്ല.

ഡി.പി.ആർ. തയ്യാറാക്കാൻ ക്ഷണിക്കുന്ന പരസ്യം ബുധനാഴ്ചയാണ് പ്രസിദ്ധീകരിച്ചതെങ്കിലും, കഴിഞ്ഞ സെപ്റ്റംബർ 21-നുതന്നെ ആശ്രമം മെഡിവെൽനെസ് കേന്ദ്രത്തിന് പറ്റിയതാണെന്ന് ഔഷധി മാനേജിങ് ഡയറക്ടർ ഡോ. ഹൃദിക് സർക്കാരിന് കത്തെഴുതി. ആശ്രമത്തിൽ സന്ദർശനം നടത്തിയ ശേഷമായിരുന്നു ഇത്. ബോർഡ് ചർച്ച ചെയ്യാതെ ചട്ടം തെറ്റിച്ചുള്ള തിടുക്കം എന്തിന് വേണ്ടിയെന്നാണ് ചോദ്യം.