കൊല്ലം: ഓയൂരിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ ഒരാൾ കസ്റ്റഡിയിൽ എന്ന് സൂചന. അതിനിടെ കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നവർ സഞ്ചരിച്ച ഓട്ടോയെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു. കൊല്ലം രജിസ്‌ട്രേഷനിലുള്ളതാണ് ഓട്ടോ. ഓയൂരിലെ അന്വേഷണത്തിൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ് പൊലീസ്. എല്ലാ പ്രതികളേയും കണ്ടെത്താമെന്നാണ് പ്രതീക്ഷ.

തട്ടിക്കൊണ്ട് പോയ അന്ന് ആളൊഴിഞ്ഞ ഓടിട്ട വീട്ടിലാണ് തന്നെ പാർപ്പിച്ചതെന്ന് ഓയൂരിലെ ആറ് വയസുകാരിയുടെ മൊഴി നൽകിയിരുന്നു. കാറിൽ പോകുന്ന വഴി പല സ്ഥലത്ത് വച്ചും കുട്ടിയുടെ തല പ്രതികൾ ബലം പ്രയോഗിച്ച് താഴ്‌ത്തി. ഇതിനിടെ താൻ കരഞ്ഞപ്പോൾ ബലമായി വായ പൊത്തിപ്പിടിച്ചെന്നും കുട്ടി പൊലീസിന് മൊഴി നൽകി. തട്ടിക്കൊണ്ട് പോയതിന്റെ പിറ്റേന്ന് കാറിലും ഓട്ടോയിലുമായാണ് സഞ്ചരിച്ചത്. സംഘത്തിൽ ആദ്യമുണ്ടായിരുന്നവരേക്കാൾ കൂടുതൽ ആളുകളുണ്ടെവന്നാണ് പെൺകുട്ടിയുടെ മൊഴിയിൽ നിന്നും ലഭിക്കുന്ന സൂചന.

പപ്പ വരുമെന്നാണ് തന്നെ പാർക്കിൽ കൊണ്ടുവിട്ടപ്പോൾ സംഘത്തിലുണ്ടായിരുന്ന സ്ത്രീ പറഞ്ഞതെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്. കുട്ടിയുടെ പിതാവ് താമസിച്ചിരുന്ന പത്തനംതിട്ടയിലെ ഫ്‌ളാറ്റിൽ പ്രത്യേക പൊലീസ് സംഘം വ്യാഴാഴ്ച പരിശോധന നടത്തി. ഇവിടെയുള്ള സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് കുട്ടിയുടെ പിതാവ്. പിതാവന്റെ ഒരു ഫോൺ അന്വേഷണസംഘം കൊണ്ടുപോയെന്നും വിവരമുണ്ട്. ഇയാളെ പൊലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. പത്തനംതിട്ട നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ 10 വർഷമായി കുട്ടിയുടെ അച്ഛൻ ജോലി ചെയ്യുന്നുണ്ട്. ഇവിടെയടുത്തുള്ള ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്. ഈ കെട്ടിടത്തിലാണ് വ്യാഴാഴ്ച വൈകുന്നേരം പൊലീസെത്തി പരിശോധിച്ചത്. കുട്ടിയുടെ പിതാവ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ ഭാരവാഹി കൂടിയാണ്. ഈ സ്ഥാനവുമായി തട്ടിക്കൊണ്ടുപോകലിന് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

കേസിൽ കൂടുതൽ രേഖാ ചിത്രങ്ങൾ പുറത്തുവിട്ട് പൊലീസ് അന്വേഷണം പുതിയ തലത്തിലെത്തിച്ചു. രണ്ടു സ്ത്രീകളുടെയും ഒരു പുരുഷന്റെയും രേഖാ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിലെ ഡ്രൈവറുടെയും രാത്രിയിൽ കഴിഞ്ഞ വീട്ടിൽ കുട്ടിയെ പരിചരിച്ച യുവതിയുടെയും ഓട്ടോയിൽ കുട്ടിയെ ആശ്രാമം മൈതാനത്തുകൊണ്ടു വിട്ട സ്ത്രീയുടെയും രേഖാ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. കുട്ടിയുടെ നിർണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രേഖാചിത്രങ്ങൾ തയാറാക്കിയത്. സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. ഇവരെക്കുറിച്ച് വിവരം കിട്ടുന്നവർ കൊല്ലം റൂറൽ പൊലീസിന്റെ 9497980211 എന്ന നമ്പറിൽ അറിയിക്കണമെന്നും അന്വേഷണ സംഘം അഭ്യർത്ഥിച്ചു.

കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികൾ ഓയൂർ, പാരിപ്പള്ളി, ചിറക്കര, കല്ലുവാതുക്കൽ എന്നിവിടങ്ങളിലെ എല്ലാ ഊടുവഴികളും അറിയാവുന്നവർ എന്ന് പൊലീസ് മനസ്സിലാകുന്നു. സംഭവത്തിനു മുമ്പ് പ്രതികൾ എല്ലാ തയ്യാറെടുപ്പും നടത്തിയിരുന്നു. വൻ ഗൂഢാലോചനയും നടന്നിട്ടുണ്ടെന്ന് അന്വേഷണസംഘത്തിന് വ്യക്തമായ തെളിവുകൾ ലഭിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വെള്ള കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പിന്നെ കുട്ടിയുമായി സഞ്ചാരം നീലക്കാറിലായി. പൊലീസിനെ കബളിപ്പിക്കാനും ശ്രമങ്ങൾ നടന്നു. ഊടുവഴികളാണ് അധികവും ഉപയോഗിച്ചത്.

കാർ കണ്ടെത്താൻ പ്രത്യേക ടീമിനെ നിയോഗിച്ചിരിക്കുകയാണ്. വെള്ളക്കാർ സ്വിഫ്റ്റ് ഡിസൈർ ആണെന്ന് ഉറപ്പിച്ചു. 2013-14 മോഡൽ സ്വിഫ്റ്റ് ഡിസൈർ കാർ പരിശോധിക്കുകയാണ് പൊലീസ്. കൊല്ലം റെയിൽവേ സ്റ്റേഷനിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. റെയിൽവേ പൊലീസും സഹകരിച്ചു. പ്രതികൾ ജില്ലയ്ക്ക് പുറത്തു പോയിട്ടുണ്ടോ എന്ന് സംശയിക്കുന്നു. അതിനിടെ കുട്ടിയെ തട്ടിക്കൊണ്ടുപോയവരിൽ പുറത്തുവന്ന രേഖാചിത്രവുമായി സാമ്യമുള്ള സ്ത്രീയെ നേത്രാവതി ട്രെയിനിൽ കണ്ടുവെന്നും അവർ കായംകുളം സ്റ്റേഷനിൽ ഇറങ്ങിയെന്നും യാത്രക്കാർ പൊലീസിനെ അറിയിച്ചു. ഇതുപ്രകാരം കായംകുളം, ആലപ്പുഴ റെയിൽവേ സ്റ്റേഷനുകളിൽ പൊലീസ് പരിശോധന നടത്തി.

എസിപി പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ചയും കൊല്ലം നഗരത്തിൽ സിസിടിവി പരിശോധന നടന്നു. കുട്ടിയെ ഉപേക്ഷിച്ചുപോയ ആശ്രാമം മൈതാനം, പരിസരപ്രദേശം, കെഎസ്ആർടിസി -ആശ്രാമം -കടപ്പാക്കട റോഡ് എന്നിവിടങ്ങളിലെ വീട്, വ്യാപാരസ്ഥാപനം എന്നിവിടങ്ങളിലെ സിസിടിവി കാമറകളാണ് പൊലീസ് പരിശോധിച്ചത്. മൈതാനത്തിന് കിഴക്കുഭാഗത്തുള്ള അശ്വതി ബാറിലെ സിസിടിവി പരിശോനയിൽ ഒരു സ്ത്രീ ഓട്ടോയിൽ ഇറങ്ങി കുട്ടിയെ തോളിലേറ്റി മൈതാനത്തെ സിമന്റ് ഇരിപ്പിടത്തിലേക്ക് പോകുന്നത് വ്യക്തമാണ്. എന്നാൽ, ഈ സ്ത്രീ മടങ്ങിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല.