- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീകണ്‌ഠേശ്വരത്തെ സംശയം മാറി? ആ കാർ തിരുവല്ലത്തെ വർക് ഷോപ്പിലുണ്ട്; പണത്തിനായി കുറ്റകൃത്യങ്ങൾ നടത്തുന്ന സ്ത്രീകളിലേക്ക് അന്വേഷണം എത്തേണ്ടത് അനിവാര്യത; ഹണി ട്രാപ്പ് കേസിലെ പ്രതികളെ തേടി പോകുന്നതും മൊഴിയെടുക്കുന്നതും അതിനിർണ്ണായകം; ഓയൂരിൽ എല്ലാ സാധ്യതയും തേടേണ്ട സാഹചര്യം
തിരുവനന്തപുരം: ശ്രീകണ്‌ഠേശ്വരത്തെ കാർ വാഷിങ് കേന്ദ്രവുമായുള്ള ദുരൂഹത മാറുന്നുവോ?. അനധികൃതമായി സൂക്ഷിച്ച പണം കണ്ടെത്തിയത് മാത്രമാണ് ഏക പ്രശ്‌നം. ആ വർക് ഷോപ്പ് ഉടമയുടെ കാർ തിരുവല്ലത്തെ വർക് ഷോപ്പിൽ കണ്ടെത്തി. ഇന്നലേയും ആ കാർ അവിടെയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സംശയിക്കേണ്ട സാഹചര്യമില്ലെന്നാണ് സൂചന. എന്നാൽ കസ്റ്റഡിയിലുള്ള മൂന്ന് പേരെ ചോദ്യം ചെയ്യുന്നത് പൊലീസ് തുടരും. ആറ്റുകാൽ സ്വദേശിയായ ഉടമയെ ചോദ്യം ചെയ്യുന്നത് തുടരുകയും ചെയ്യും. ശ്രീകാര്യത്ത് നിന്നും കസ്റ്റഡിയിലെടുത്ത ആളിനെ കുറിച്ചുള്ള വിവരമൊന്നും പൊലീസ് പുറത്തു വിടുന്നില്ല. ഈ സാഹചര്യത്തിൽ മോചനദ്രവ്യത്തിലെ ഫോൺ വിളിയിലെ ശബ്ദത്തിന്റെ ഉടമയെ കണ്ടെത്തേണ്ടത് അനിവാര്യതയാണ്.
തിരുവല്ലത്തെ വർക് ഷോപ്പിൽ കണ്ടെത്തിയ കാർ തട്ടിക്കൊണ്ടു പോകലിന് ഉപയോഗിച്ചോ എന്നതാണ് പൊലീസിന്റെ സംശയം. അത് ഉറപ്പിക്കാനുള്ള അന്വേഷണം ഇനിയും തുടരും. എന്നാൽ മോചന ദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചവരിലേക്കും അന്വേഷണം നീളേണ്ടതുണ്ട്. പണത്തിനായി കുറ്റകൃത്യങ്ങൾ നടത്തുന്ന സ്ത്രീകളിലേക്ക് അന്വേഷണം എത്തേണ്ടത് അനിവാര്യതയാണ്. ഹണി ട്രാപ്പ് കേസിലെ പ്രതികളെ തേടി പോകുന്നതും മൊഴിയെടുക്കുന്നതും അതിനിർണ്ണായകമാകും. ഓയൂരിൽ എല്ലാ സാധ്യതയും തേടേണ്ട സാഹചര്യമാണ് ഉള്ളത്. ഓരോ മണിക്കൂറും നിർണ്ണായകമാണ്. അഭിഗേൽ സാറയ്ക്കായുള്ള പ്രാർത്ഥന തുടരുകയാണ്. കുടുംബം ഇപ്പോഴും ആശങ്കയിലാണ്. പൊലീസ് കർശന സുരക്ഷയും നിരീക്ഷണവും ഓയൂർ മേഖലയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലുടനീളം വാഹന പരിശോധന നടത്തുകായണ്. നിലവിൽ പൊലീസിന് ഒരു സൂചനയുമില്ല.
ഓയൂരിൽ നിന്നും തട്ടിക്കൊണ്ടു പോയ കുട്ടിയുടെ വീട്ടിലേക്ക് മോചന ദ്രവ്യത്തിനായി വിളിച്ച സ്ത്രീയ്ക്കൊപ്പമുണ്ടായിരുന്ന ആളിന്റെ രേഖാ ചിത്രം പുറത്തു വരുമ്പോൾ ആ സ്ത്രീയെ കുറിച്ചുള്ള വിവരങ്ങൾ അജ്ഞാതം. എന്നാൽ ആ സ്ത്രീയെ കണ്ടെത്തുകയാണ് വളരെ എളുപ്പം. മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത് റിക്കോർഡ് ചെയ്തു. ആ ശബ്ദം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഈ ശബ്ദവുമായി സാമ്യമുള്ള സ്ത്രീയെ കണ്ടെത്തുക അസാധ്യമല്ല. ആ സ്ത്രീ ശബ്ദത്തെ തിരിച്ചറിയുന്നവർ അതിവേഗം പൊലീസിനെ വിവരം അറിയിക്കണമെന്നാണ് മറുനാടന് ആവശ്യപ്പെടാനുള്ളത്. വളരെ കൃത്യമാണ് ശബ്ദം. അതുകൊണ്ട് തന്നെ ആ സ്ത്രീയുമായി അടുത്ത ബന്ധമുള്ളവർക്ക് അതിവേഗം ശബ്ദവും സംഭാഷണ രീതിയും വച്ച് ആളെ തിരിച്ചറിയാം.
ശ്രീകണ്‌ഠേശ്വരത്ത് കാർ വാഷിങ് സെന്റർ ഉടമ പ്രതീഷും മറ്റു രണ്ടുപേരുമാണ് കസ്റ്റഡിയിലുള്ളത് എന്നാണ് റിപ്പോർട്ട്. കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നുപേരും കസ്റ്റഡിയിലായതെന്നാണ് സൂചന. ഇവിടെ നിന്നും കാർ വാടകയ്ക്ക് കൊടുത്തതാണോയെന്ന സംശയമാണുള്ളത്. ഇതും മാറിയെന്നാണ് പുറത്തു വരുന്ന സൂചന. കാർ വാഷിങ് സെന്ററിൽ നടത്തിയ പരിശോധനയിൽ 9 ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ അടങ്ങിയ ബാഗും ചെക്കു ബുക്കുകളും പൊലീസ് കണ്ടെടുത്തു. മൂന്നുപേരുമായി തിരുവല്ലത്തെ കാർ വർക് ഷോപ്പിലും പരിശോധന നടത്തി.
ഓട്ടുമല കാറ്റാടി റജിഭവനിൽ റജി ജോണിന്റെയും സിജി റജിയുടെയും മകൾ അബിഗേൽ സാറാ റജിയെയാണ് തിങ്കളാഴ്ച വൈകീട്ട് 4.20-ന് വീടിനു സമീപത്തുനിന്നു തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജോനാഥനെ(9)യും പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ചെറുത്തതിനാൽ വണ്ടിയിൽനിന്നു പുറത്തേക്കു തള്ളിയിട്ടു. കാലുകൾ റോഡിലുരഞ്ഞ് ജോനാഥന് പരിക്കുപറ്റി. രാത്രിയോടെ അഞ്ചുലക്ഷം രൂപ മോചനദ്രവ്യമാവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക് വിളി വന്നു. തുടർന്ന് അച്ഛനോട് സംസാരിച്ചപ്പോൾ 10 ലക്ഷം രൂപയും ആവശ്യപ്പെടുകയായിരുന്നു.
പാരിപ്പള്ളിക്ക് അടുത്താണ് മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോൺ വിളി സംഭവിച്ചത്. ഇത് എംസി റോഡുമായി അതിവേഗം കണക്ട് ചെയ്യുന്നിടമാണ്. ഈ പ്രദേശത്തെ നന്നായി അറിയാവുന്നവരാകണം ആ ഓട്ടോയിൽ കടയിൽ എത്തിയത്. പാരിപ്പള്ളിക്കാരനല്ല ഓട്ടോ ഡ്രൈവർ എന്ന സൂചന അവിടെ ഉണ്ടായിരുന്നവർ പങ്കുവയ്ക്കുന്നു. ഓട്ടോയിൽ കുനിഞ്ഞിരുന്ന ഇയാൾ പക്ഷേ സമീപ പ്രദേശത്ത് നിന്നുള്ള വ്യക്തിയാകാം. ഇതു പോലെ തന്നെ ആ സ്ത്രീയും പാരിപ്പള്ളിയെ കുറിച്ച് നന്നായി അറിയാവുന്നവരായിരിക്കും. അതുകൊണ്ട് തന്നെ തിരുവനന്തപുരം-കൊല്ലം അതിർത്തിയിലുള്ള തട്ടിപ്പുകാരികളിലേക്ക് അന്വേഷണം പോകണം. ആ ശബ്ദം പരിശോധിക്കുകയും ചെയ്യണം. ഏതാണ്ട് 35 വയസ്സുള്ള സ്ത്രീയാണ് ഫോൺ വിളിച്ചതെന്ന് പാരിപ്പള്ളിയിലെ കടയുടമയുടെ ഭാര്യ സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികളിൽ ഒരാളെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. കാണാതായ കുട്ടിയേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസ് കൺട്രോൾ റൂം നമ്പറായ 112-ൽ അറിയിക്കണം. 9946923282, 9495578999 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.
മറുനാടന് മലയാളി ബ്യൂറോ