- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളിയുടെ മനസ്സിലെ നൊമ്പരമായ ജെസ്ന എവിടെ എന്ന് അഞ്ചു കൊല്ലമായി ആർക്കും അറിയില്ല; ജയിലിനുള്ളിൽ പോലും കഥകളുയർന്ന് സിബിഐയെ പോലും വെട്ടിലാക്കിയ 2018ലെ തിരോധാനം; വീണ്ടുമൊരു മുക്കൂട്ടുതറ വേദന ഉണ്ടാകാതിരിക്കാൻ മലയാളികൾ ഒരുമിച്ചു; ഓയൂരിലെ വീട്ടിൽ സന്തോഷം എത്തുമ്പോൾ
കൊല്ലം: കാഞ്ഞിരപ്പള്ളിയിലെ വിദ്യാർത്ഥിനി ജെസ്‌നാ ജെയിംസിനെ കണ്ടെത്താനുള്ള ഓട്ടത്തിലാണ് ഇപ്പോൾ സിബിഐ എന്നാണ് മലയാളിയുടെ പൊതു വിശ്വാസം. കേരള പൊലീസിലെ ലോക്കൽ സേനയും ക്രൈംബ്രാഞ്ചും അന്വേഷിച്ച് മടുത്ത ജെസ്‌ന. അഞ്ചു കൊല്ലത്തിന് ശേഷം അതിന് സമാനമായ കാണാതാകൽ കേരളത്തെ ഞെട്ടിച്ചു. പക്ഷേ മലയാളിയുടെ അതിവേഗ കരുതൽ അബിഗേലിന് തുണയായി. മറ്റൊരു ജെസ്‌ന ഇനിയുണ്ടാകരുതെന്ന മലയാളിയുടെ മനസ്സാണ് അബിഗേലിന് തുണയായത്.
ജെസ്‌ന എവിടെയാണെന്ന് ഇന്നും ആർക്കും അറിയില്ല. ജീവനോടെയുണ്ടെന്ന പ്രതീക്ഷയിലാണ് കേസിപ്പോൾ സിബിഐ അന്വേഷിക്കുന്നത്. തുടക്കത്തിലെ വീഴ്ചകളാണ് ജെസ്‌നയെ കാണാമറയത്തേക്ക് കൊണ്ടു പോയത്. അതുകൊണ്ടാണ് അബിഗേൽ സാറയ്ക്കായി കേരളം ഒരുമിക്കുന്നത്. പൊലീസിനൊപ്പം കേരളത്തിന്റെ മുക്കും മൂലയും മലയാളി അരിച്ചു പെറുക്കി. തമിഴ്‌നാട്ടിൽ പോലും മലയാളികൾ ജാഗ്രതയിലായി. എത്രയും വേഗം അബിഗേലിനെ കണ്ടെത്താനുള്ള കരുതൽ. അത് വിജയമായി. പ്രാർത്ഥനയും ഫലിച്ചു. 20 മണിക്കൂർ കൊണ്ട് കാത്തിരിപ്പ് അവസാനിച്ചു.
ഓട്ടുമല കാറ്റാടി റജി ഭവനിൽ റജി ജോണിന്റെയും സിജി റജിയുടെയും മകൾ അബിഗേൽ സാറാ റജിയെ തിങ്കളാഴ്ച വൈകീട്ട് 4.20-നാണ് വീടിനു സമീപത്തുനിന്നു തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജോനാഥനെ(9)യും പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ചെറുത്തതിനാൽ വണ്ടിയിൽനിന്ന് പുറത്തേക്കു തള്ളിയിടുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയത് സ്വിഫ്റ്റ് ഡിസയർ കാറിലാണെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് അന്വേഷണത്തിനൊപ്പം മലയാളിയും ചേർന്നു. ആ തട്ടിക്കൊണ്ടു പോകലുകാർക്ക് ഒളിക്കാൻ സുരക്ഷിത ഇടം ഇല്ലാതെയായി. അങ്ങനെ അവർ ആ കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചു.
തിങ്കളാഴ്ച രാത്രി മോചനദ്രവ്യം ആവശ്യപ്പെട്ട് പാരിപ്പള്ളിയിലെ കടയിൽ നിന്ന് ഫോൺ വിളിച്ച സ്ത്രീയോടൊപ്പം കടയിലെത്തിയ വ്യക്തിയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. കടയുടമയുടെ ഭാര്യ ഗിരിജ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം ഒരുക്കിയത്. ഇതെല്ലാം അന്വേഷണത്തിൽ നിർണ്ണായകമായി.
ജെസ്‌നയിൽ ജയിലിൽ പോലും നുണക്കഥ പ്രചരണം
ജെസ്‌നയുടെ തിരോധാനക്കേസിൽ വഴിത്തിരിവായി നിർണായക മൊഴി സിബിഐയ്ക്ക് കിട്ടിയെന്ന് റിപ്പോർട്ട് പച്ചക്കള്ളം ആണെന്ന റിപ്പോർട്ടാണ് ഈ കേസിൽ കേരളം അവസാനമായി ചർച്ചയാക്കിയത്്. മോഷണക്കേസ് പ്രതിയായിരുന്ന യുവാവിന് ജെസ്‌നയുടെ തിരോധാനത്തിൽ അറിവുണ്ടെന്ന് സിബിഐക്ക് മൊഴി ലഭിച്ചിരുന്നു. ഈ യുവാവിനൊപ്പം ജയിലിൽ കഴിഞ്ഞ മറ്റൊരു പ്രതിയുടേതായിരുന്നു വെളിപ്പെടുത്തൽ. പത്തനംതിട്ട സ്വദേശിയായ യുവാവ് ഒളിവിലെന്നും കണ്ടെത്തിയെന്നായിരുന്നു വാർത്തകൾ. എന്നാൽ ജയിലിലെ യുവാവിന്റെ മൊഴി പരിശോധിച്ച സിബിഐ ഒരു വിശ്വാസ്യതയും ഈ വെളിപ്പെടുത്തലിന് ഇല്ലെന്ന് കണ്ടെത്തി. മൊഴി സത്യമാകാനുള്ള സാധ്യത 'റൂൾ ഔട്ട്' ചെയ്യുകയും ചെയ്തു.
അഞ്ച് വർഷങ്ങൾക്ക് മുൻപൊരു മാർച്ച് 22ന് രാവിലെ എരുമേലിയിലെ വീട്ടിൽ നിന്നിറങ്ങിയതാണ് ജെസ്‌ന മരിയ ജെയിംസ്. പിന്നീട് എന്ത് സംഭവിച്ചൂവെന്ന ചോദ്യത്തിന് ഇതുവരെയും ഉത്തരമില്ല. വിവാഹം കഴിച്ച് വിദേശത്തുണ്ടെന്ന തരത്തിലുള്ള ക്രൈംബ്രാഞ്ച് നിഗമനങ്ങൾ തെറ്റെന്നും സിബിഐ കണ്ടെത്തി. ഇതിനിടെയാണ് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് സിബിഐക്ക് ഫോൺവിളിയെത്തുന്നത്. പോക്‌സോ കേസിൽ പ്രതിയായ കൊല്ലം ജില്ലക്കാരന് ജെസ്‌ന കേസിനേക്കുറിച്ച് പറയാനുണ്ടെന്നായിരുന്നു സന്ദേശം. സിബിഐ ഉദ്യോഗസ്ഥർ ജയിലിലെത്തി പ്രതിയുടെ മൊഴിയെടുത്തു.
മൊഴിയിലെ പ്രധാന ഭാഗം ഇങ്ങിനെയായിരുന്നു. ഈ യുവാവ് രണ്ട് വർഷം മുൻപ് മറ്റൊരു കേസിൽ പ്രതിയായി കൊല്ലം ജില്ലാ ജയിലിൽ കഴിഞ്ഞിരുന്നു. പത്തനംതിട്ട സ്വദേശിയും മോഷണക്കേസ് പ്രതിയുമായ യുവാവായിരുന്നു സെല്ലിൽ കൂടെക്കഴിഞ്ഞിരുന്നത്. അന്നൊരിക്കൽ ജെസ്‌നയ്ക്ക് എന്ത് സംഭവിച്ചുവെന്ന് തനിക്ക് അറിയാമെന്ന് യുവാവ് പറഞ്ഞിരുന്നൂവെന്നായിരുന്നു വെളിപ്പെടുത്തൽ. ഈ വെളിപ്പെടുത്തലിൽ സിബിഐ പരിശോധന നടത്തി. എന്നാൽ ഭാവന മാത്രമാണ് ഈ മൊഴിയെന്നായിരുന്നു കണ്ടെത്തിയത്. അതോടെ ജെസ്‌ന അന്വേഷണം എങ്ങുമെത്താതെയായി.
സെൻട്രൽ ജയിലിലെ പ്രതി നൽകിയ മേൽവിലാസം വഴി അന്വേഷിച്ച സിബിഐ മൂന്ന് കാര്യങ്ങൾ സ്ഥിരീകരിച്ചു. ഇങ്ങിനെയൊരു പ്രതി കൊല്ലം ജില്ലാ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. മൊഴി നൽകിയ പ്രതിക്കൊപ്പവുമായിരുന്നു ജയിൽവാസം. പത്തനംതിട്ടയിലെ മേൽവിലാസവും ശരിയാണ്. പക്ഷെ ജയിലിൽ നിന്നിറങ്ങിയ ശേഷം ഒളിവിലാണ്. രണ്ട് പ്രതികൾ ജയിലിൽ നടത്തിയ സംഭാഷണമായതിനാൽ ജെസ്‌നയേക്കുറിച്ചുള്ളത് വെറും വീരവാദമോ നുണയോ ആണെന്നും വ്യക്തമായി. ഇതിനൊപ്പം മറ്റു ചിലതു കൂടി സിബിഐ കണ്ടെത്തി. ജന്മനാ തന്നെ തട്ടിപ്പു നടത്തുന്ന വ്യക്തിയാണ് ഒളിവിലുള്ളത്. ഭാവനയിൽ മെനഞ്ഞെടുക്കുന്ന കഥ ഉപയോഗിച്ച് പോക്സോ കേസിലെ പ്രതിയെ പറ്റിക്കാനായിരുന്നു ശ്രമം.
പത്താംക്ലാസ് പോലും ജയിക്കാത്ത വ്യക്തിയാണ് പത്തനംതിട്ടയിലെ കള്ളൻ. ഇയാൾ എഞ്ചിനിയറിങ് ബിരുദധാരിയാണെന്ന് പറഞ്ഞ് പോക്സോ കേസിലെ പ്രതിയിൽ നിന്നും അഞ്ചു ലക്ഷവും വാങ്ങിയത്രേ. കേസിൽ സഹായിക്കാമെന്ന് പറഞ്ഞായിരുന്നു ഇത്. ഇതിന് വേണ്ടി വിശ്വാസ്യത നേടാൻ പല കഥകളും പറഞ്ഞു. അതിൽ ഒന്നു മാത്രമാണ് ജെസ്നയിലെ വീരവാദം. അതുകൊണ്ട് തന്നെ ഇതിന് പിറകേ പോകേണ്ടതില്ലെന്ന് സിബിഐ മനസ്സിലാക്കുകയായിരുന്നു. അങ്ങനെ പല കഥകൾക്ക് വഴിവച്ചതായിരുന്നു ജെസ്‌നയുടെ തിരോധാനം.
രണ്ടാഴ്ച അന്വേഷണം നടക്കാത്തത് ജെസ്‌നാ കേസിൽ വിനയായി
ജെസ്‌നയെ കണ്ടെത്താൻ സഹോദരൻ ജെയ്സ് ജോൺ ജയിംസ് ഉൾപ്പെടെ നൽകിയ ഹർജിയിൽ 2021 ഫെബ്രുവരി 19നാണു കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ ഇതുവരെ ജെസ്‌നയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അന്വേഷണം വേഗത്തിലാക്കാൻ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ട് ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ) എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ച പ്രകാരം സിബിഐ മുദ്ര വച്ച കവറിൽ റിപ്പോർട്ട് നൽകിയിരുന്നു.
മുൻകൂട്ടി തയാറാക്കിയ പദ്ധതി അനുസരിച്ച്, കൃത്യമായ ആസൂത്രണത്തോടെയാണ് പത്തനംതിട്ടയിൽനിന്ന് കാണാതായ ജെസ്ന മരിയ വീട്ടിൽനിന്ന് പോയതെന്ന് കേരള പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പരിചയക്കാരെ കണ്ടപ്പോൾ ഒളിച്ചുമാറി നിന്നതിനു ശേഷമായിരുന്നു ജെസ്നയുടെ യാത്ര. ജെസ്നയുടെ ആൺസുഹൃത്തിനു തിരോധാനവുമായി ബന്ധമില്ലെന്നും കണ്ടെത്തിയിരുന്നു. പത്തനംതിട്ടയിൽ എരുമേലിക്കടുത്ത് മുക്കൂട്ടുതറയിൽ കൊല്ലമുള സന്തോഷ് കവല കുന്നത്തു വീട്ടിൽ ജയിംസ് ജോസഫ്-ഫാൻസി ജയിംസ് ദമ്പതികളുടെ മൂന്നു മക്കളിൽ ഏറ്റവും ഇളയവളായ ജെസ്ന മരിയ ജയിംസിനെ 2018 മാർച്ച് 22നാണ് കാണാതാകുന്നത്.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയായിരുന്ന ജെസ്നയ്ക്ക്, കാണാതാകുമ്പോൾ 21 വയസ്സായിരുന്നു. മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനായാണ് ജെസ്ന വീട്ടിൽനിന്ന് ഇറങ്ങുന്നത്. കൊല്ലമുളയിൽനിന്ന് രാവിലെ 9ന് ഓട്ടോയിൽ കയറി. പിന്നെ എരുമേലി ബസിൽ കയറി. എരുമേലി ബസ് സ്റ്റാൻഡിൽനിന്നു മുണ്ടക്കയത്തേക്കുള്ള്‌ള ബസിൽ കയറിയതായാണു വിവരം. പിന്നീട് ജെസ്നയെ ആരും കണ്ടിട്ടില്ല. പരാതി ലഭിച്ചിട്ടും രണ്ടാഴ്ചയോളം കാര്യമായ അന്വേഷണം നടന്നില്ലെന്നും ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ഇതും കേസ് അന്വേഷണത്തെ അട്ടിമറിച്ചു.
മറുനാടന് മലയാളി ബ്യൂറോ