കൊല്ലം: ഓയൂരിൽ നിന്നും തട്ടിക്കൊണ്ടു പോയ കുട്ടിയുടെ വീട്ടിലേക്ക് മോചന ദ്രവ്യത്തിനായി വിളിച്ച സ്ത്രീയ്‌ക്കൊപ്പമുണ്ടായിരുന്ന ആളിന്റെ രേഖാ ചിത്രം പുറത്തു വരുമ്പോൾ ആ സ്ത്രീയെ കുറിച്ചുള്ള വിവരങ്ങൾ അജ്ഞാതം. എന്നാൽ ആ സ്ത്രീയെ കണ്ടെത്തുകയാണ് വളരെ എളുപ്പം. മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത് റിക്കോർഡ് ചെയ്തു. ആ ശബ്ദം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഈ ശബ്ദവുമായി സാമ്യമുള്ള സ്ത്രീയെ കണ്ടെത്തുക അസാധ്യമല്ല. ആ സ്ത്രീ ശബ്ദത്തെ തിരിച്ചറിയുന്നവർ അതിവേഗം പൊലീസിനെ വിവരം അറിയിക്കണമെന്നാണ് മറുനാടന് ആവശ്യപ്പെടാനുള്ളത്. വളരെ കൃത്യമാണ് ശബ്ദം. അതുകൊണ്ട് തന്നെ ആ സ്ത്രീയുമായി അടുത്ത ബന്ധമുള്ളവർക്ക് അതിവേഗം ശബ്ദവും സംഭാഷണ രീതിയും വച്ച് ആളെ തിരിച്ചറിയാം.

പാരിപ്പള്ളിക്ക് അടുത്താണ് മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോൺ വിളി സംഭവിച്ചത്. ഇത് എംസി റോഡുമായി അതിവേഗം കണക്ട് ചെയ്യുന്നിടമാണ്. ഈ പ്രദേശത്തെ നന്നായി അറിയാവുന്നവരാകണം ആ ഓട്ടോയിൽ കടയിൽ എത്തിയത്. പാരിപ്പള്ളിക്കാരനല്ല ഓട്ടോ ഡ്രൈവർ എന്ന സൂചന അവിടെ ഉണ്ടായിരുന്നവർ പങ്കുവയ്ക്കുന്നു. ഓട്ടോയിൽ കുനിഞ്ഞിരുന്ന ഇയാൾ പക്ഷേ സമീപ പ്രദേശത്ത് നിന്നുള്ള വ്യക്തിയാകാം. ഇതു പോലെ തന്നെ ആ സ്ത്രീയും പാരിപ്പള്ളിയെ കുറിച്ച് നന്നായി അറിയാവുന്നവരായിരിക്കും. അതുകൊണ്ട് തന്നെ തിരുവനന്തപുരം-കൊല്ലം അതിർത്തിയിലുള്ള തട്ടിപ്പുകാരികളിലേക്ക് അന്വേഷണം പോകണം. ആ ശബ്ദം പരിശോധിക്കുകയും ചെയ്യണം. ഏതാണ്ട് 35 വയസ്സുള്ള സ്ത്രീയാണ് ഫോൺ വിളിച്ചതെന്ന് പാരിപ്പള്ളിയിലെ കടയുടമയുടെ ഭാര്യ സ്ഥിരീകരിച്ചിട്ടുണ്ട്.

പൊലീസിലും മറ്റും ഹണിട്രാപ്പുമായി നടന്നവർ ഉൾപ്പെടെ തിരുവനന്തപുരം-കൊല്ലം മേഖലയിലുണ്ട്. ഇവരുടെ ശബ്ദം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഈ ശബ്ദത്തോടൊപ്പം മോചന ദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോൺ സംഭാഷണത്തിലെ ശബ്ദവും താരതമ്യം ചെയ്യാനുള്ള ഫോറൻസിക് സംവിധാനം കേരളത്തിലുണ്ട്. ആ പരിശോധന നടത്തിയാൽ അത്തരം സംശയങ്ങൾ അതിവേഗം ദൂരീകരിക്കാം. അതുകൊണ്ട് തന്നെ പൊലീസ് ആദ്യം ചെയ്യേണ്ടത് ആ ശബ്ദത്തിനുടമയായ സ്ത്രിയെ തിരയലാണ്. അവരെ ഉറപ്പിച്ചാൽ ഓയൂരിലെ കുട്ടിയിലേക്ക് അതിവേഗം എത്താം. കുട്ടിയെ കാണാതായതു മുതൽ പൊലീസ് വലിയ അലംഭാവം കാണിച്ചിരുന്നു. അത് ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടതുണ്ട്. സോഷ്യൽ മീഡിയയിൽ ലഭ്യമായ തട്ടിപ്പുകാരുടെ എല്ലാം ശബ്ദവുമായുള്ള താരതമ്യം അനിവാര്യതയാണ്.

തട്ടിക്കൊണ്ടു പോകലിനെ തുടർന്ന് കേരളത്തിലുട നീളം പൊലീസ് വാഹന പരിശോധന നടത്തി. ഹോണ്ട അമേസിലാണ് കുട്ടിയെ കൊണ്ടു പോയതെന്നതായിരുന്നു ആദ്യം പൊലീസ് പങ്കുവച്ചത്. പിന്നീട് അത് സ്വിഫ്റ്റ് ഡിസയറാണെന്ന് തെളിഞ്ഞു. വാഹന നമ്പരും കളവായിരുന്നു. ആദ്യം കേരളമാകെ അമേസിലേക്കായിരുന്നു പരിശോധന നടത്തിയത്. പിന്നീടാണ് ഡിസയറിന് പിറകേ പോയത്. അപ്പോഴേക്കും മണിക്കൂറുകൾ പലതു കടന്നു. സാധാരണ ഇത്തരം പിഴവുകൾ പൊലീസിന് സംഭവിക്കാറില്ല. എന്തു കൊണ്ട് ഓയൂരിൽ അതുണ്ടായി എന്നത് അജ്ഞാതമാണ്. കാർ തിരിച്ചറിയുന്നതിലെ താമസം അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. ഇതിനൊപ്പമാണ് ഏഴരയ്ക്ക് കിട്ടിയ ശബ്ദത്തിന്റെ ഉടമയെ കണ്ടെത്താൻ ശ്രമിക്കാത്തതും.

പലരേയും തട്ടിക്കൊണ്ടു പോയി അഞ്ചും പത്തും ലക്ഷ്യം ചോദിക്കുന്നത് ഹണിട്രാപ്പ് തട്ടിപ്പു സംഘങ്ങളുടെ രീതിയാണ്. ഇതിന് സമാനമായി ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടു പോയവരും ചോദിക്കുന്നത് ഇതേ തുകയാണ്. അതുകൊണ്ട് അഞ്ചും പത്തും ലക്ഷം തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന ക്രിമിനൽ സംഘങ്ങളിലേക്ക് അന്വേഷണം കടക്കേണ്ടത്. കാപ്പാ കേസിൽ അറസ്റ്റിലായി പുറത്തുള്ള വമ്പൻ തട്ടിപ്പുകാരികൾ പോലും കേരളത്തിൽ സജീവമാണ്. കൊല്ലത്തും തിരുവനന്തപുരത്തുമെല്ലാം ഇവർക്ക് പ്രവർത്തന മേഖലകളുണ്ട്. ഇതെല്ലാം പരിശോധിക്കണം.

പല ഹണിട്രാപ്പുകാർക്കും പൊലീസുമായി അടുത്ത ബന്ധമുണ്ട്. അവരുമായി നിരന്തരം സംവദിച്ചവർ പോലുമുണ്ട്. അതുകൊണ്ട് തന്നെ ശബ്ദത്തിന്റെ ഉടമകൾ കേരളത്തിലെ സ്ഥിരം കുറ്റവാളികളായ ഇപ്പോൾ പുറത്തുവള്ളവരാണോ എന്ന് തിരിച്ചറിയാനും കണ്ടെത്താനും പൊലീസിന് അതിവേഗം കഴിയും. ഓയൂരിൽ ആറുവയസ്സുകാരി അബിഗേൽ സാറാ റജിയെ മുമ്പും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന നിർണായക വിവരം പുറത്ത്. നവംബർ 24-ാം തീയതിയും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് പൊലീസ് നൽകുന്ന വിവരം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. മലപ്പുറം രജിസ്ട്രേഷനിലുള്ള കാറാണ് അന്ന് സംഘം ഉപയോഗിച്ചത്. എന്നാൽ, കുട്ടിയുടെ ഒപ്പം മുത്തശ്ശി ഉണ്ടായിരുന്നതിനാൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. നിരവധി ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചതിന് പിന്നാലെയാണ് കണ്ടെത്തൽ.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അബിഗേലിനെതന്നെ തട്ടിക്കൊണ്ടുപോകണമെന്ന ലക്ഷ്യത്തോടെ സംഘം പ്രവർത്തിച്ചുവെന്നാണ് പൊലീസ് കരുതുന്നത്. കുട്ടിയുടെ കുടുംബത്തിലെ ഏതെങ്കിലും വ്യക്തിയോടുള്ള വൈരാഗ്യമാകാം ഇതിന് പിന്നിലെന്നും സൂചനകളുണ്ട്. ഓട്ടുമല കാറ്റാടി റജി ഭവനിൽ റജി ജോണിന്റെയും സിജി റജിയുടെയും മകൾ അബിഗേൽ സാറാ റജിയെ തിങ്കളാഴ്ച വൈകീട്ട് 4.20-ന് വീടിനു സമീപത്തുനിന്നു തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജോനാഥനെ(9)യും പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ചെറുത്തതിനാൽ വണ്ടിയിൽനിന്ന് പുറത്തേക്കു തള്ളിയിടുകയായിരുന്നു.

കാർ കാണുമ്പോൾ അബി?ഗേൽ പേടിച്ചിരുന്നു. തട്ടിക്കൊണ്ടുപോയ കാർ കുറേദിവസമായി പ്രദേശത്തു കണ്ടിരുന്നതായി ജോനാഥൻ വീട്ടിൽ പറഞ്ഞിരുന്നു. മകളെ സൂക്ഷിക്കണേയെന്ന് അമ്മ സിജി ഉപദേശവും നൽകി. പിന്നീട് കാർ കാണുമ്പോഴൊക്കെ അബിഗേൽ സാറ പേടിച്ചു പുറകോട്ടുമാറുമായിരുന്നു.