കൊച്ചി: മോന്തായം വളഞ്ഞാൽ പിന്നെ 64 കഴുക്കോലും വളയും.. എന്ന പഴഞ്ചൊല്ല് പോലെയാണ് ഇപ്പോൾ എസ്എഫ്‌ഐയുടെ കാര്യം. പൂക്കോട് വെറ്റിനറി കോളേജിൽ സിദ്ധാർഥ് എന്ന വിദ്യാർത്ഥി ആൾക്കൂട്ട വിചാരണക്ക് ഇരയായി മരണപ്പെട്ടപ്പോൾ എസ്എഫ്‌ഐക്കെതിരെയാണ് രോഷം മുഴുവൻ. എസ്എഫ്‌ഐയുടെ നിയന്ത്രണത്തിലാണ് കോളേജ് ക്യാംപസ് എന്നാണ് ഉയരുന്ന ആരോപണങ്ങൾ. എങ്ങനെ എസ്എഫ്‌ഐക്കാർ പ്രതിസ്ഥാനത്ത് എത്താതിരിക്കും എന്നാണ് സൈബറിടത്തിലും ഉയരുന്ന ചോദ്യം. കാരണം എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ തന്നെ ഹോസ്റ്റൽ മർദ്ദന കേസിലെ പ്രതിയാണ്.

എസ്എഫ്‌ഐയെ നയിക്കുന്ന നേതാവിന്റെ അവസ്ഥ ഇതാണെങ്കിൽ മറ്റ് നേതാക്കളുടെ അവസ്ഥ എന്താകും എന്ന ചോദിക്കുന്നത്. ക്യാംപസ് മർദനക്കേസിൽ ജാമ്യമില്ലാ വാറന്റ് നിലനിൽക്കുമ്പോഴാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ പൂക്കോട് റാഗിങ് കേസിൽ സംഘടനയെ ന്യായീകരിച്ച് രംഗത്തെത്തിയത് എന്നതാണ് ശ്രദ്ദേയമായ കാര്യം. 2019ൽ എറണാകുളം മഹാരാജാസ് കോളജിലെ കെ എസ് യു പ്രവർത്തകനെ കാംപസിനുള്ളിലെ ഹോസ്റ്റൽ മുറിയിൽ നഞ്ചക്ക് ഉപയോഗിച്ച് ക്രൂരമായി മർദിച്ച കേസിൽ ആർഷോയ്‌ക്കെതിരെ പലതവണയാണ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്.

സിദ്ധാർഥന്റാഗിങ്ങിനിരയായതിന് സമനമായിരുന്നു എറണാകുളം മഹാരാജാസ് കോളേജിൽ 2019 ഡിസംബർ 2ന് രാത്രിയിൽ നടന്ന അതിക്രമം. സിദ്ധാർത്ഥൻ ജീവനൊടുക്കിയെങ്കിൽ അതിന് തയാറാകാതെ കേസുമായി മുന്നോട്ടു പോവുകയാണ് അന്നത്തെ ഇര മുഹമ്മദ് അജാസ് ചെയ്തത്. അവിടെയാണ് ആർഷോ പെട്ടതും. രാത്രിയിൽ കോളേജ് ഹോസിറ്റലിൽ എസ്എഫ്‌ഐ നേതാക്കൾ സംഘം ചേർന്ന് മദ്യപിക്കുന്നത് കണ്ടതിനെ തുടർന്ന് ക്രൂരമായി കെട്ടിയിട്ട് മർദ്ദിച്ചുവെന്നാണ് അജാസ് നൽകിയ പരാതി.

കേസിലെ ഒന്നാം പ്രതി ഇപ്പോഴത്തെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയാണ്. ആദ്യ വർഷ വിദ്യാർത്ഥിയായിരുന്ന അജാസ് കെ.എസ്.യു പ്രവർത്തകനായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഹോസ്റ്റലിൽ വച്ച് ആർഷോയുടേയും സംഘത്തിന്റേയും ആക്രമണം. കോളേജ് ഹോസ്റ്റലിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച അജാസിനെ പിന്തുടർന്നെത്തിയ സംഘം റോഡിലിട്ടും മർദ്ദിച്ചു. തുടർന്ന് ബൈക്കിൽ കയറ്റി എറണാകുളം ലോ കോളേജ് ഹോസ്റ്റലിൽ എത്തിച്ച് കെട്ടിയിട്ട് മർദ്ദിക്കുകയും സംഘം ചേർന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാരകായുധങ്ങൾ ഉപയോഗിച്ചായിരുന്നു മർദ്ദനം. അടുത്ത ദിവസം രാവിലെയാണ് അജാസിനെ വിട്ടയച്ചത്.

തുടർന്ന് എറണാകുളം സെൻട്രൽ പൊലീസ് അജാസിന്റെ പരാതിയിൽ കേസെടുത്തു. 2064/ 2019 എന്ന നമ്പറിലായിരുന്നു എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഐപിസി 342,323,324,365,34 എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു കേസ്. ആർഷോയെ കൂടാതെ ജിതിൻ, നിഖിൽ,അർജുൻ എന്നിവരായിരുന്നു പ്രതികൾ. എന്നാൽ ഭരണസ്വാധീനത്തിൽ അറസ്റ്റ് അടക്കമുള്ള നടപടികളുണ്ടായില്ല.

കേസിപ്പോൾ കോടതിയുടെ പരിഗണനയിലാണ്. കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മർദ്ദനമേറ്റ അജാസിനെ നിരവധി തവണ ആർഷോ സമീപിച്ചിരുന്നു. കുറ്റപത്രം സമർപ്പിച്ച കേസിൽ പലതവണ വിളിപ്പിച്ചിട്ടും ഹാജരാകാതിരുന്ന ആർഷോയെ കണ്ടതായി പോലും നടക്കാതെ കൊച്ചി സിറ്റി പൊലീസും കള്ളക്കളി തുടരുകയാണ്. കേസിൽ പല തവണ സമൻസ് അയച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ല. ഇതോടെയാണ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. അർഷോയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കേണ്ട പൊലീസ് ആവട്ടെ ഇപ്പോഴും ഇതൊന്നും കണ്ട മട്ടില്ലാതിരിക്കയാണ്.

ആർഷോ ഈ കേസ് അടക്കം നിരവധി കേസുകളിൽ പ്രതിയായ വ്യക്തിയാണ്. അങ്ങനെ ഒരു വ്യക്തി എസ്എഫ്‌ഐയുടെ തലപ്പത്ത് ഇരിക്കുമ്പോൾ എസ്എഫ്‌ഐക്കാർ കൂടുതൽ ക്രമിനലുകൾ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ എന്നാണ് പ്രതിപക്ഷം അടക്കം വിമർശിക്കുന്നത്. ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളെയാണ് എസ്എഫ്ഐ നേതാക്കളായി നിർത്തിയിരിക്കുന്നത്. ഇതുമൂലം എസ്എഫ്ഐക്കാർ കോളേജുകളിൽ അഴിഞ്ഞാടുകയാണ്. ഇത് നാണംകെട്ട് അവസ്ഥായാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചിരുന്നു.