കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ നിർണ്ണായകമായത് കാറും ഫോണും ശബ്ദവും; നിർണ്ണായക നീക്കങ്ങൾ നടത്തിയതുകൊല്ലം ഡാൻസാഫ് ടീമും. കാറും വീടും മനസ്സിലാക്കിയത് ഡാൻസാഫ് ടീമാണ്. ഇത് കുട്ടിയുമായി സംസാരിച്ച് ശരിയാണെന്ന് ബോധ്യപ്പെട്ടു. ഇതിനിടെയാണ് ഇവർ ഒളിവിൽ പോയെന്ന് മനസ്സിലായത്. ഇതോടെ മൊബൈൽ ഫോണിലേക്ക് അന്വേഷണം നീണ്ടത്. തെങ്കാശിയിലെ നാസറിന്റെ അടുത്തേക്ക് പോയി രക്ഷപ്പെടാനായിരുന്നു പത്മകുമാറും കുടുംബവും ആഗ്രഹിച്ചത്. പാരിപ്പള്ളിയിൽ നിന്നും മോചനദ്രവ്യം ചോദിക്കാൻ വിളിച്ച ശബ്ദം ചിലർ തിരിച്ചറിഞ്ഞു. അതും പൊലീസിന് തുമ്പായി മാറി. കുട്ടിയെ പരിക്കില്ലാതെ സാധിച്ചതാണ് ഈ കേസിലെ വിജയം. തട്ടിക്കൊണ്ടു പോകലിന്റെ ബുദ്ധി പത്മകുമാറിന്റെ ഭാര്യ അനിതാ കുമാരിയുടേതാണെന്നാണ് നിഗമനം.

കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചപ്പോഴെല്ലാം മൊബൈൽ വീട്ടിൽ വച്ചായിരുന്നു പത്മകുമാറും സഞ്ചരിച്ചത്. അഞ്ചു കോടിയുടെ ബാധ്യതയുണ്ടായിരുന്നു. പത്ത് ലക്ഷം രൂപ അടിയന്തിരമായി വേണമായിരുന്നു അതുകൊണ്ടാണ് തട്ടിക്കൊണ്ടു പോകൽ ആസൂത്രണം ചെയ്തത്. ഓയൂർ ഭാഗത്ത് പല തട്ടിയെടുക്കലും ലക്ഷ്യമിട്ടത്. കാറിലേക്ക് വേണ്ടി വ്യാജ നമ്പർ പ്ലേറ്റുകൾ തയ്യാറാക്കി. വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ കാറിൽ യഥാർത്ഥ നമ്പർ ഉപയോഗിക്കും. പാരിപ്പള്ളിയിൽ എത്തി വ്യാജ നമ്പർ ഘടിപ്പിക്കും. പിന്നെ വ്യാജ നമ്പരുമായാണ് പോക്ക്. തിരിച്ചു വരുമ്പോൾ പാരിപ്പള്ളിയിൽ വച്ച് വീണ്ടും കാറിന്റെ നമ്പർ മാറ്റും. വിട്ടിലെത്തുമ്പോൾ യഥാർത്ഥ നമ്പരും. പത്മകുമാറും ഭാര്യ അനിതാ കുമാരിയും മകൾ അനുപമയും യോജിച്ചാണ് ഇതെല്ലാം ചെയ്തത്.

പ്രതികളെക്കുറിച്ച് 30ന് തന്നെ പൊലീസിനു ചില ധാരണകളുണ്ടായിരുന്നു. കൊല്ലം നഗരത്തിലേക്കെത്തിയ നീല നിറത്തിലുള്ള കാറാണ് നിർണായകമായത്. കൊല്ലം സിറ്റി പൊലീസിന് സിസിടിവിയിലൂടെ നീല കാറിനെക്കുറിച്ച് വിവരം ലഭിച്ചു. കാറിന്റെ നമ്പരിലൂടെ ചില ആളുകളെ മനസ്സിലായി. ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ ഇതിലെ ചിത്രങ്ങൾ പ്രതികളുടെ രേഖാ ചിത്രവുമായി യോജിച്ചു. വീടുകൾ പൂട്ടിയ നിലയിലായിരുന്നു. മതിൽ ചാടി പൊലീസ് അകത്തു കടന്നു. ജനലിലൂടെ നോക്കിയപ്പോൾ ചില നമ്പർ പ്ലേറ്റുകളുടെ സ്റ്റിക്കറുകൾ കണ്ടു. കുറ്റവാളികളിലേക്കെത്തിയതായി പൊലീസ് 80% ഉറപ്പിച്ചു. അതിന് ശേഷം ഈ വീടിനെ കുറിച്ച് കുട്ടിയോട് തന്നെ ചോദിച്ചു. ഇതോടെ എല്ലാം സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് പൊലീസ് പ്രതികൾക്കായി തെങ്കാശിയിലേക്ക് പോയത്.

പ്രതികളെ കണ്ടെത്താൻ പൊലീസ് കാർട്ടൂണും ആയുധമാക്കിയെങ്കിലും നിർണായകമായത് സിസിടിവി ദൃശ്യങ്ങളാണ്. തട്ടിക്കൊണ്ടുപോയ സംഘം കാർട്ടൂൺ കാണിച്ചെന്ന കുട്ടിയുടെ മൊഴിയെ തുടർന്നാണ് പൊലീസ് കാർട്ടൂണിനു പിന്നാലെ സഞ്ചരിച്ചത്. കുറ്റവാളിയിലേക്കെത്തുന്ന വിവരങ്ങൾ കാർട്ടൂണിലൂടെ ലഭിച്ചെങ്കിലും അതു വിശകലനം ചെയ്യുന്നതിനു മുൻപ് സിസിടിവി, ഫോൺ രേഖകൾ വഴി പൊലീസ് പ്രതികളെ പിടികൂടി. പ്രതികളെ സ്ഥിരീകരിക്കാനാണ് സൈബർ ഡേറ്റ ഉപയോഗിച്ചതെന്നും സൈബർ ഡേറ്റയുടെ സഹായത്തോടെയല്ല കുറ്റവാളികളെ പിടിച്ചതെന്നും സൈബർ സെല്ലിന്റെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. തട്ടിക്കൊണ്ടു പോയ കുട്ടിയുടെ അച്ഛനുമായി ബന്ധപ്പെട്ട് യാതൊരു ബന്ധവും ഈ കേസിനില്ല.

നവംബർ 27ന് വൈകിട്ട് നാലരയോടെയാണ് ഓയൂരിൽനിന്ന് കുട്ടിയെ അജ്ഞാതസംഘം തട്ടിയെടുത്തത്. രാത്രി പേടിച്ച് കരഞ്ഞപ്പോൾ തട്ടിക്കൊണ്ട് പോയ സംഘം കാർട്ടൂൺ കാണിച്ചെന്നായിരുന്നു കുട്ടിയുടെ മൊഴി. യൂട്യൂബിലൂടെയാണ് കുട്ടി ടോം ആൻഡ് ജെറി കാർട്ടൂൺ കണ്ടത്. ഈ കാർട്ടൂൺ കണ്ട ഐപി അഡ്രസുകൾ പൊലീസ് സൈബർ സെല്ലിനോട് ആവശ്യപ്പെട്ടു. ഇന്റർനെറ്റ് ഗേറ്റ്‌വേയിൽനിന്നു സൈബർസെൽ വിവരങ്ങൾ ശേഖരിച്ചു. 27നു രാത്രി 7.30 മുതൽ പിറ്റേന്നു രാവിലെ 6.30വരെയുള്ള വിവരങ്ങളാണ് ശേഖരിച്ചത്. ആ സമയം രാജ്യത്തൊട്ടാകെ ടോം ആൻഡ് ജെറി കാർട്ടൂൺ കണ്ട 26,000 ഐപി അഡ്രസുകൾ ലഭിച്ചു. കേരളത്തിൽനിന്ന് കാർട്ടൂൺ കണ്ട ഐപി അഡ്രസുകൾ 350 ഉണ്ടായിരുന്നു.

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽനിന്ന് കണ്ടത് 120 എണ്ണമായിരുന്നു. 30നാണ് കാർട്ടൂണിന്റെ വിവരം പൊലീസ് ആവശ്യപ്പെടുന്നത്. എന്നാൽ ഇത് വിലയിരുത്തി വരുമുമ്പേ പ്രതി പിടിയിലായി. യൂട്യൂബ് ചാനലിൽ മൂന്നോ നാലോ ടോം ആൻഡ് ജെറി കാർട്ടൂൺ ഉണ്ടായിരുന്നു. ഏതാണ് കണ്ടതെന്ന് കുട്ടിയോട് ചോദിച്ചു മനസിലാക്കിയെന്ന് പൊലീസ് പറയുന്നു. അതിന്റെ യുആർഎലാണ് സൈബർ സെല്ലിന് അയച്ചത്. വിവരശേഖരണത്തിനായി ഗൂഗിളിന്റെ സഹായം തേടിയെങ്കിലും ലഭിച്ചില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിന്നീടാണ് ഇന്റർനെറ്റ് ഗേറ്റ്‌വേ വഴി വിവരം ശേഖരിച്ചത്.

സംശയമുണ്ടായ സമയം മുതൽ തന്നെ ഷാഡോ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു കുടുംബം. സംഭവം നടന്നതിന് പിറ്റേദിവസം ഇവർ ഫാം ഹൗസിലെത്തിയതായും സ്ഥിരീകരണമുണ്ട്.